congress-mla

ദേശീയ വനിതാ കമ്മീഷൻ സംഘടിപ്പിച്ച ദ്വിദിന ശില്പശാല ബിജെപി രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള വേദിയാക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് ജനപ്രതിനിധികൾ ബഹിഷ്കരിച്ചു. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎമാരായ ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം ഉയർത്തി കോൺഗ്രസ് സംഘം ശില്പശാലയിൽ നിന്നും ഇറങ്ങിപ്പോയത്. വനിതാ സംവരണ ബില്ലിലെ ഡീലിമിറ്റേഷൻ അടക്കമുള്ള സുപ്രധാന വിഷയങ്ങളിൽ ചർച്ചയും ചോദ്യങ്ങളും അനുവദിക്കാത്തതിലും, ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള നീക്കത്തിലും പ്രതിഷേധിച്ചാണ് നടപടിയെന്ന് കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.

ശില്പശാലയിൽ വനിതാ സംവരണ ബില്ലിന്‍റെ ഭാവി, ഡീലിമിറ്റേഷൻ എന്നീ വിഷയങ്ങളിൽ വനിതാ കമ്മീഷന്‍റെ നിലപാട് എന്താണെന്ന് കോൺഗ്രസ് പ്രതിനിധി ബിന്ദു കൃഷ്ണ ചോദ്യമുന്നയിച്ചതോടെയാണ് തർക്കങ്ങളുടെ തുടക്കം. ചോദ്യം ഉന്നയിച്ചതിന് പിന്നാലെ ഹരിയാനയിൽ നിന്നുള്ള ബിജെപി പ്രതിനിധി എഴുന്നേറ്റ് നിന്ന് ഇന്ത്യയുടെ ഭാഷ ഹിന്ദിയാണെന്ന് വാദിക്കുകയും വിഷയത്തിൽ ചർച്ച അനുവദിക്കില്ലെന്ന് നിലപാടെടുക്കുകയുമായിരുന്നു. തുടർന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയും ഈ നിലപാടിനെ പിന്തുണയ്ക്കുകയും സംവാദങ്ങൾ ഇവിടെയല്ല നടത്തേണ്ടതെന്ന് വ്യക്തമാക്കുകയും ചെയ്തതായി കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

ചർച്ചകൾ തടസ്സപ്പെടുത്തിയ ബിജെപി പ്രതിനിധികൾ 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യങ്ങൾ മുഴക്കിയപ്പോൾ കമ്മീഷൻ അത് നിയന്ത്രിക്കാൻ തയ്യാറായില്ലെന്നും ഷാനിമോൾ ഉസ്മാൻ കുറ്റപ്പെടുത്തി. ഭരണഘടന ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, ഇന്ത്യയുടെ വൈവിധ്യത്തെ ബഹുമാനിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് തങ്ങൾ ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോന്നതെന്നും, കമ്മീഷന്‍റെ ഏകപക്ഷീയമായ ഇത്തരം നിലപാടുകളിൽ ശക്തമായ നിരാശയുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി. സംഭവത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വവും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

ENGLISH SUMMARY:

The National Women Commission workshop was boycotted by Congress representatives who accused the BJP of using it as a platform for their political agenda. The boycott, led by Kerala Congress MLAs Bindu Krishna and Shanmola Usman, was in protest against the denial of discussions on crucial issues like delimitation in the Women's Reservation Bill and the move to make Hindi mandatory.