• 'ഇത് കേവലം കൈപ്പിഴയല്ല. കൃത്യമായ രാഷ്ട്രീയ അജന്‍ഡ ഇതിന് പിന്നിലുണ്ട്' –ഛദ്ദ സമൂഹമാധ്യമത്തില്‍ കുറിച്ചു

പഞ്ചാബിലെ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് രാജ്യസഭാ എംപിയും മുന്‍ എഎപി നേതാവുമായ രാഘവ് ഛദ്ദ പുറത്ത്. എസ്ഐആര്‍ പ്രകാരം തയാറാക്കിയ പട്ടികയില്‍ 'സ്ഥിരമായി സ്ഥലം മാറിയിരിക്കുന്നു' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ല്‍ പഞ്ചാബില്‍ നിന്നും എഎപിയുടെ എംപിയായാണ് ഛദ്ദ രാജ്യസഭയില്‍ എത്തിയത്. അടുത്തയിടെ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയും ചെയ്തു.  പാര്‍ട്ടി വിട്ടതിന്‍റെ പ്രതികാര നടപടിയെന്നോണമാണ് തന്‍റെ പേര് പഞ്ചാബിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിയതെന്നാണ് ഛദ്ദയുടെ ആരോപണം.

ഓഗസ്റ്റ് 13ന് പുറത്തിറക്കിയ പട്ടിക പ്രകാരം ASDD (ആബ്സന്‍റ്, ഷിഫ്റ്റഡ്, മരിച്ചു പോയവര്‍, ഡ്യൂപ്ലിക്കേറ്റ്) പേജിലാണ് ഛദ്ദയുടെ പേരുള്ളത്. എസ്ഐആര്‍ പ്രകാരം കരട് വോട്ടര്‍ പട്ടിക തയാറാക്കിയതോടെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായ 20.66 ലക്ഷം ആളുകളുടെ കൂട്ടത്തിലാണ് ഛദ്ദയും ഇപ്പോള്‍. 

തന്‍റെ വോട്ടര്‍ ഐഡി മൊഹാലിയില്‍ റജിസ്റ്റര്‍ ചെയ്തതാണെന്നും പിന്നെ എങ്ങനെയാണ് താന്‍ സ്ഥലം മാറിയെന്ന് രേഖപ്പെടുത്താന്‍ കഴിയുന്നതെന്നും ഛദ്ദ ചോദിക്കുന്നു. 'ഇത് കേവലം കൈപ്പിഴയല്ല. കൃത്യമായ രാഷ്ട്രീയ അജന്‍ഡ ഇതിന് പിന്നിലുണ്ട്' –ഛദ്ദ സമൂഹമാധ്യമത്തില്‍ കുറിച്ചു. പാര്‍ട്ടി വിട്ടവരെ ദ്രോഹിക്കാന്‍ എഎപി അവരുടെ അധികാരം പ്രയോഗിക്കുകയാണെന്നും ഛദ്ദ ആരോപിച്ചു. ' അഴിമതി നിറഞ്ഞ എഎപി ഞാന്‍ വിട്ടതോടെ അവരുടെ നേതാക്കളാകെ കോപാകുലരാണ്'- അദ്ദേഹം പരിഹസിച്ചു. 

ഏപ്രിലിലാണ് 37കാരനായ ഛദ്ദ എഎപി വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്. ഒപ്പം ആറ് രാജ്യസഭാ എംപിമാരും ഉണ്ടായിരുന്നു. എഎപി അവരുടെ മൂല്യങ്ങളില്‍ നിന്നും തത്വങ്ങളില്‍ നിന്നും അടിസ്ഥാന ആശയങ്ങളില്‍ നിന്നും പൂര്‍ണമായും വ്യതിചലിച്ചുവെന്നും തുടരാന്‍ കഴിയില്ലെന്നുമായിരുന്നു പാര്‍ട്ടി വിട്ടതിന് ഛദ്ദ നല്‍കിയ വിശദീകരണം. അതേസമയം, ഛദ്ദ അധികാരമോഹിയും അവസരദാഹിയുമാണെന്നും രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങളിലും ബിജെപിക്കെതിരെയും ഛദ്ദ മൗനം പുലര്‍ത്തിയാണ് കഴിഞ്ഞിരുന്നതെന്നും എഎപിയും തിരിച്ചടിച്ചിരുന്നു. 

അതേസമയം, നിലവില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് പട്ടികയില്‍ ആക്ഷേപമുള്ളവര്‍ക്ക് തിരുത്തലിനായി സെപ്റ്റംബര്‍ 12 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. ഒക്ടോബറോടെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. പഞ്ചാബിലെ വോട്ടര്‍ പട്ടികയില്‍ പേരില്ലാതായെങ്കിലും ഛദ്ദയുടെ രാജ്യസഭാ എംപി സ്ഥാനത്തിന് ഇളക്കം തട്ടില്ല. പ്രതിനിധീകരിക്കുന്ന സംസ്ഥാനത്തെ റജിസ്ട്രേഡ് വോട്ടറായിരിക്കണം രാജ്യസഭാംഗമെന്ന നിബന്ധന 2003 ല്‍ ഭേദഗതി വഴി നീക്കം ചെയ്തിരുന്നു. 

ENGLISH SUMMARY:

Rajya Sabha MP Raghav Chadha’s name has been deleted from Punjab’s draft electoral rolls prepared under the Special Intensive Revision (SIR), where he was marked as "permanently shifted". Chadha, who was elected to the Rajya Sabha from Punjab in 2022 as an AAP member before defecting to the BJP in April, alleged that the removal was an act of political vendetta by the ruling AAP. Appearing on the ASDD (Absent, Shifted, Deceased, Duplicate) list published on August 13, Chadha questioned how he could be listed as shifted when his voter ID is registered in Mohali. While the deadline to file claims and objections is September 12 before the final list is published in October, the deletion does not impact his tenure as a Rajya Sabha MP under current electoral laws