kharge

ഹൽദ്വാനിയിലെ ശുദ്ധീകരണ വിവാദത്തിൽ കോൺഗ്രസ് നേതാക്കൾ തുടർന്ന മൗനത്തിൽ  വികാരാധീനനായി മല്ലികാർജുൻ ഖർഗെ. പ്രവർത്തക സമിതി യോഗത്തിലാണ് അത്യപ്തി അറിയിച്ചത്.  മണ്ഡൽ വിരുദ്ധ പ്രക്ഷോഭത്തിന് ശേഷമുള്ള ഏറ്റവും വലിയ വിദ്യാർഥി മുന്നേറ്റമാണ് ഛാത്രോം കി ഗൂഞ്ച്  എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ മനീഷ് തിവാരി എതിർത്തു.

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലെ പരിപാടിക്ക് ശേഷം ബി.ജെ.പി അനുഭാവികൾ വേദി ശുദ്ധീകരിച്ചതിൽ കോൺഗ്രസ് നേതാക്കൾ ശക്തമായി പ്രതികരിക്കാത്തതിലാണ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അതൃപ്തി വ്യക്തമാക്കിയത്.

പ്രവർത്തകസമിതി യോഗത്തിൽ  നിരാശയും രോഷവും ഖർഗെ തുറന്നു പറഞ്ഞത് പാർട്ടിക്കകത്തും സവർണ മനോഭാവമുണ്ടോ എന്ന ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.  പ്രമുഖ നേതാക്കളും മാധ്യമ ശ്രദ്ധ നേടുന്നവരും ഈ വിഷയത്തിൽ തനിക്ക് പിന്തുണയുമായി പരസ്യമായി രംഗത്തുവരാത്തത് വേദനിപ്പിച്ചുവെന്ന് ഖാർഗെ പറഞ്ഞു.  പാർട്ടി അപലപിച്ചിട്ടുണ്ടെന്ന് സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ഖാർഗെ  തൃപ്തനായില്ല.  ഒപ്പം പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി ചില നേതാക്കൾ പ്രസ്താവനകൾ നടത്തുന്നതിനെയും ലേഖനങ്ങൾ എഴുതുന്നതിനെയും പേരെടുത്ത് പറയാതെ ഖർഗെ വിമർശിച്ചു.

1990 കളിലെ മണ്ഡൽ വിരുദ്ധ പ്രക്ഷോഭത്തിന് ശേഷമുള്ള ഏറ്റവും വലിയ വിദ്യാർഥി മുന്നേറ്റമാണ് ഛാത്രോം കി ഗൂഞ്ച് എന്ന രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തോട് മനീഷ് തിവാരി വിയോജിച്ചെങ്കിലും, രാഹുൽ നിലപാടിലുറച്ചു നിന്നു. അതേസമയം, അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി മോദി സർക്കാർ ഇന്ത്യയുടെ ഊർജ്ജ - കാർഷിക സുരക്ഷയും പരമാധികാരവും അടിയറവ് വയ്ക്കുന്നുവെന്ന പ്രമേയത്തിന്‍റെ കരടിൽ ഉപയോഗിച്ച ബുളീയിങ്  എന്ന വാക്ക് പാർലമെന്‍ററി ഭാഷ അല്ലെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു.  ഖർഗെ അടക്കമുള്ളവർ ഇതിനെ എതിർത്തെങ്കിലും, അന്തിമ പ്രമേയത്തിൽ വാക്ക് ഒഴിവാക്കി. 

ENGLISH SUMMARY:

Haldwani purification controversy sparked upset in Mallikarjun Kharge over Congress leaders' silence. This incident has ignited discussions about potential upper caste mentality within the Congress party.