മുംബൈ ഐഐടിയില്‍ അധ്യാപകന്റെ മാനസിക പീഡനം മൂലം ജീവനൊടുക്കിയ സാഹില്‍ വക്കോഡെയുടെ മാതാപിതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു. മകന്റെ മരണത്തില്‍ നിലവില്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐക്കോ പ്രത്യേക അന്വേഷണ സംഘത്തിനോ കൈമാറണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം. പരീക്ഷയില്‍ സാഹില്‍ കോപ്പിയടിച്ചുവെന്ന പ്രൊഫസർ സൂര്യനാരായണ ദുല്ലയുടെ ആരോപണം തളളിയ മാതാപിതാക്കള്‍ അധ്യാപകര്‍ക്കെതിരെ രംഗത്തുവന്നിരുന്നു. തന്റെ മകന്റെ മരണം അധ്യാപകരുടെ മാനസിക പീഡനവും ജാതിവിവേചനവും മൂലമാണെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. രാഹുല്‍ ഗാന്ധിയുമായി നടത്തിയ സംഭാഷണത്തിലും തങ്ങളുടെ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മാതാപിതാക്കള്‍. രാഹുല്‍ ഗാന്ധിയുമായി സംസാരിക്കുന്ന വിഡിയോ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജിലാണ് പങ്കുവച്ചത്.
Also Read: മോദിയുടെ ഫോണ്‍ കോള്‍; കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പ്! ഇന്ത്യ സഖ്യം വിട്ട് എന്‍ഡിഎയിലേക്ക് എത്തുമോ
സാഹില്‍ മരിച്ച ദിവസം സംഭവിച്ച കാര്യങ്ങള്‍ മാതാപിതാക്കള്‍ രാഹുലിനോട് വിവരിച്ചു, ‘രണ്ടാം വര്‍ഷവിദ്യാര്‍ഥിയായിരുന്ന സാഹിലിനെ എനര്‍ജി സയന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ചാര്‍ജുള്ള അധ്യാപകന്‍ സൂര്യനാരായണ ദുല്ല മാനസികമായി പീഡിപ്പിച്ചിരുന്നു, ഇപ്പോഴാണ് ഞങ്ങള്‍ ഇതൊക്കെ അറിയുന്നത്,താന്‍ ഉയർന്ന ജാതിക്കാരനാണെന്നും, സാഹില്‍ താഴ്ന്ന ജാതിക്കാരാണെന്നും പറഞ്ഞ് പീഡിപ്പിച്ചു, എവിടെയെങ്കിലും കുടുക്കും എന്നുപറഞ്ഞ് ദുല്ല മാനസികമായി ഉപദ്രവിച്ചിരുന്നു, എന്നാല്‍ നിലവിലെ പ്രശ്നങ്ങളെല്ലാം രണ്ടുവര്‍ഷം കൊണ്ട് അവസാനിക്കുമെന്ന് പറഞ്ഞ് തങ്ങള്‍ സാഹിലിനെ സമാധാനിപ്പിച്ചു’– പിതാവ് പറയുന്നു.
ഒരു ദിവസം പെട്ടെന്ന് തനിക്കൊരു ഫോണ്‍കോള്‍ വന്നു, 'നിങ്ങൾ ഉടൻ വരൂ' എന്ന് പറയുന്നു, അവൻ ആത്മഹത്യ ചെയ്തുവെന്ന് പൊലീസ് പറയുന്നു, തലേദിവസം സന്തോഷത്തോടെ സംസാരിച്ചിരുന്നവനാണ്, തന്റെ മകന്‍ തന്നെയാണോ മരിച്ചതെന്ന് വീണ്ടും ചോദിച്ച് ഉറപ്പുവരുത്തി, ഞങ്ങളെത്തുംമുന്‍പ് അവന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി, തങ്ങള്‍ മുംബൈയില്‍ എത്തിയ ശേഷം മകന്റെ മുറിയിലേക്ക് പോയി, മുറിയുടെ വാതില്‍ തകര്‍ത്ത് തുറന്നതല്ല, തീര്‍ത്തും ദുരൂഹത നിറഞ്ഞ സാഹചര്യമായിരുന്നുവെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്. അവിടെ നിന്നുള്ള സിസിടിവി ഫൂട്ടേജ് ചോദിച്ചെങ്കിലും ലഭിച്ചില്ല, പിന്നീട് പരാതി നല്‍കാനായി പൊലീസ് സ്റ്റേഷനിലേക്ക് പോയി,വളരെ മോശം സാഹചര്യമാണ് ഈ അധ്യാപകന്റെ കീഴിലെന്നും രക്ഷിതാക്കള്‍ പറയുന്നു. അവിടെ നാല് മാസത്തിനിടെ മൂന്ന് ആത്മഹത്യകള്‍ സംഭവിച്ചിട്ടുണ്ട്, ഇതേ അധ്യാപകന്റെ കീഴിലുണ്ടായിരുന്ന മൂന്ന് കുട്ടികളാണ് ജാതിവിവേചനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്തത്– സാഹിലിന്റെ മാതാപിതാക്കള്‍ രാഹുല്‍ ഗാന്ധിയുമായുള്ള സംഭാഷണത്തിനിടെ പറയുന്ന വാക്കുകളാണിത്.
സാഹിലിനെതിരായി ഉയര്‍ന്ന കോപ്പിയടി ആരോപണത്തെക്കുറിച്ചും രാഹുല്‍ ഗാന്ധി മാതാപിതാക്കളോട് ചോദിച്ചു. അധ്യാപകര്‍ കള്ളം പറയുകയാണെന്നും അവര്‍ അവനെ കുടുക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പിതാവ് പറയുന്നു, മകന്‍ കോപ്പിയടിച്ചെന്ന് പറഞ്ഞ ദുല്ല പിന്നീടിത് മാറ്റിപ്പറഞ്ഞതും പിന്നാലെ മാപ്പ് പറഞ്ഞതും സംശയാസ്പദമാണ്. ഡീന്‍ ആണ് ഇതിനു പിന്നിലെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നതാണ് തന്റെ ആവശ്യമെന്നും സാഹിലിന്റെ പിതാവ് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെടുന്നു. കേസുമായി മുന്നോട്ടുപോകാനുള്ള സഹായം തന്റെ ഭാഗത്തുനിന്നു ഉണ്ടാകുമെന്ന് ഉറപ്പുനല്‍കിയാണ് രാഹുല്‍ ഗാന്ധി സംഭാഷണം അവസാനിപ്പിച്ചത്.
കഴിഞ്ഞ സെപ്റ്റംബര്‍ 18നാണ് എനര്‍ജി സയന്‍സ് ആന്റ് എന്‍ജിനീയറിങ് വിഭാഗം വിദ്യാര്‍ഥി സാഹില്‍ വക്കോഡെയെ മുംബൈ ഐഐടിയിലെ ഹോസ്റ്റല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോപ്പിയടിച്ചെന്നും പരീക്ഷാ ഹാളില്‍ നിന്നും പുറത്താക്കിയിരുന്നെന്നുമാണ് അന്ന് ഇൻവിജിലേറ്ററായ പ്രൊഫസർ സൂര്യനാരായണ ദുല്ല ആരോപിച്ചത്. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് ദുല്ലയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിനും എസ്‌സി–എസ്ടി നിയമപ്രകാരവും കേസ് റജിസ്റ്റർ ചെയ്തു. തുടർന്ന് ഇയാളെ ഡീന്‍ പദവിയില്‍ നിന്നും നീക്കുകയും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി കേസ് സിബിഐക്കോ എസ്ഐടിക്കോ കൈമാറണമെന്നാണ് മാതാപിതാക്കള്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യവുമായി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇവര്‍.