പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ കടുത്ത വിമര്‍ശമവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പഞ്ചാബിലെ സംഗ്രൂരില്‍ നടന്ന കോണ്‍ഗ്രസിന്റെ ഇന്‍സാഫ് റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം മന്നിനെതിരെ രംഗത്തുവന്നത്. ഭഗവന്ത് മന്ന് രാവിലെ 11 മണിക്ക് പോലും മദ്യം കഴിച്ചിരുന്നുവെന്നും, അദ്ദേഹത്തിന്റെ വായിൽ നിന്ന് മദ്യത്തിന്റെ ഗന്ധം വമിക്കാറുണ്ടായിരുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
മദ്യം കഴിക്കുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെങ്കിലും സംസ്ഥാനത്തെ മയക്കുമരുന്ന് വിപത്തിനെതിരെ പോരാടേണ്ട ഒരു മുഖ്യമന്ത്രിയുടെ പെരുമാറ്റം ഇതിൽ നിന്ന് വ്യത്യസ്തമായിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്നിന്റെ ദോഷങ്ങള്‍ ശരിക്കും മനസിലാക്കുന്ന, അതിനെതിരെ പോരാടാൻ വ്യക്തിപരമായി പ്രതിജ്ഞാബദ്ധനായ ഒരു നേതാവിനെയാണ് പഞ്ചാബിന് ആവശ്യമെന്ന് രാഹുൽ കൂട്ടിച്ചേർത്തു.
പഞ്ചാബിലെ ജനങ്ങൾക്ക് സംസ്ഥാനത്തിനായി പ്രവർത്തിക്കുന്ന ഒരു സർക്കാരിനെയാണ് ആവശ്യമെന്നും, എന്നാൽ നിലവിൽ ഡൽഹിയിൽ നിന്നാണ് പഞ്ചാബ് ഭരണം നടക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.
അമിത് ഷായുടെയും അരവിന്ദ് കെജ്രിവാളിന്റെയും നിയന്ത്രണത്തിലാണ് ഭഗവന്ത് മന്ന് സർക്കാരുള്ളതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് നിന്ന് മയക്കുമരുന്ന് മാഫിയയെ തുടച്ചുനീക്കുന്നതിൽ ആം ആദ്മി പാർട്ടി സർക്കാർ പൂർണ പരാജയമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം രാഹുലിന്റെ ഈ പരാമർശങ്ങൾക്ക് എതിരെ ആം ആദ്മി പാർട്ടി നേതൃത്വവും ശക്തമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെപോലൊരു നേതാവ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു. ഇത്തരം ആരോപണങ്ങളിലൂടെ ഒന്നും നേടാന്‍ കഴിയില്ലെന്ന് ആപ്പ് ഡൽഹി പ്രസിഡന്റ് സൗരഭ് ഭരദ്വാജ് പറഞ്ഞു.