rift-deepens-in-telangana-congress-minister-konda-surekhas-daughter-goes-live
  • രേവന്ത് റെഡ്ഡിയുടെ സഹോദരന് 200 കോടിയുടെ ഭൂമി ഇടപാടില്‍ പങ്കുണ്ടെന്നും വേണ്ടി വന്നാല്‍ രേവന്ത് റെഡ്ഡിയുടെ കുടുംബത്തിന്റെ അഴിമതിക്കഥകള്‍ താന്‍ പുറത്തുവിടുമെന്നും സുഷ്മിത

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ പരസ്യമായി വെല്ലുവിളിച്ച് അദ്ദേഹത്തിന്റെ മന്ത്രിസഭാംഗത്തിന്റെ മകള്‍. തെലങ്കാനയിലെ കോണ്‍ഗ്രസിലെ പടലപ്പിണക്കമാണ് ഇതോടെ മറനീക്കി പുറത്തുവന്നിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ കൊണ്ട സുരേഖയുടെ മകള്‍ കൊണ്ട സുഷ്മിതയാണ് പൊതുവേദിയില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ തിരിഞ്ഞത്. പര്‍ക്കല്‍ സീറ്റ് തനിക്ക് വേണമെന്ന ആവശ്യം സുഷ്മിത നേരത്തെ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ സിറ്റിങ് എംഎല്‍എയായ രേവൂരി പ്രകാശ് റെഡ്ഡിക്ക് രേവന്ത് റെഡ്ഡിയുടെ പിന്തുണയുള്ളത് വിനയായി. ഇതോടെയാണ് മുഖ്യമന്ത്രിക്കെതിരെ സുഷ്മിത കലാപക്കൊടി ഉയര്‍ത്തിയത്. 

രേവൂരിയെ പരസ്യമായി പിന്തുണയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ശരിയല്ലെന്ന് വ്യക്തമാക്കിയ സുഷ്മിത, 'രണ്ട് വര്‍ഷം കാത്തിരിക്കുന്നതെന്തിന്? ഇപ്പോ തന്നെ രാജി വയ്ക്കാന്‍ പറയൂ, എന്നിട്ട് തിര‍ഞ്ഞെടുപ്പിനെ നേരിടാന്‍ പറ, നിങ്ങളോ,നിങ്ങളുടെ അച്ഛനോ, ഇനി അപ്പൂപ്പനോ നിന്നാലും പര്‍ക്കലിലെ എംഎല്‍എ ഞാന്‍ തന്നെയാകും' - എന്നാണ് തുറന്നടിച്ചത്. കോണ്‍ഗ്രസ് തനിക്ക് ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രയായി മല്‍സരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

തന്റെ സീറ്റ് തീരുമാനിക്കാന്‍ രേവന്ത് റെഡ്ഡി ആളല്ലെന്നും അഹന്തയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ മുഖമുദ്രയെന്നും സുഷ്മിത ആരോപിച്ചു. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ടിഡി കോണ്‍ഗ്രസായി അധഃപ്പതിച്ചുവെന്നും യഥാര്‍ഥ നേതാക്കള്‍ പാര്‍ട്ടിയുടെ ഇപ്പോഴത്തെ സ്ഥിതിയില്‍ അസ്വസ്ഥരാണെന്നും അവര്‍ പറഞ്ഞു.  രേവന്ത് റെഡ്ഡിയുടെ സഹോദരന് 200 കോടിയുടെ ഭൂമി ഇടപാടില്‍ പങ്കുണ്ടെന്നും വേണ്ടി വന്നതാല്‍ രേവന്ത് റെഡ്ഡിയുടെ കുടുംബത്തിന്റെ അഴിമതിക്കഥകള്‍ താന്‍ പുറത്തുവിടുമെന്നും സുഷ്മിത മുന്നറിയിപ്പ് നല്‍കി.

രേവന്ത് റെഡ്ഡിക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്യ കലാപത്തിന് മുതിര്‍ന്നതിന് പിന്നാലെ തിരക്കിട്ട് പടലപ്പിണക്കം പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രിക്കെതിരായ മകളുടെ പരാമര്‍ശങ്ങളില്‍ മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് മന്ത്രി കൊണ്ട സുരേഖയോട് പാര്‍ട്ടി അച്ചടക്ക സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.  വിഭാഗീയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് മുതിര്‍ന്ന നേതാവായ ജക്കിഡി പ്രഭാകര്‍ റെഡ്ഡിയെ കോണ്‍ഗ്രസ് അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെന്‍ഡ് ചെയ്തു. മുന്‍ മന്ത്രിയും പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാനുമായ ചിന്ന റെഡ്ഡിയോട് നിലപാടറിയിക്കാനും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. 

മുനുഗോഡ് എംഎല്‍എ കോമതിറെഡ്ഡി രാജഗോപാലാണ് രേവന്ത് റെഡ്ഡിക്കെതിരായ പരസ്യ വിമര്‍ശനങ്ങള്‍ക്ക് തുടക്കമിട്ടത്. അഴിമതിയും സ്വജനപക്ഷപാതവും പുറത്ത് നിന്നുള്ള ഇടപെടലും കൊണ്ട് രേവന്ത് റെഡ്ഡി സര്‍ക്കാര്‍ മലിനമായിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാര്‍ക്ക, ഉത്തം കുമാര്‍ റെഡ്ഡി, കോമതി റെഡ്ഡി വെങ്കിട്ട റെഡ്ഡി, ശ്രീധര്‍ ബാബു, ദാമോദര്‍ രാജനരസിംഹ, കൊണ്ട സുരേഖ, വി.ഹനുമന്ത റാവു തുടങ്ങിയവരാണ് രേവന്ത് റെഡ്ഡിക്കെതിരെ പടയൊരുക്കം നടത്തുന്നത്.

അതേസമയം, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കേന്ദ്രീകരിച്ചാണ് മറുഭാഗത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനം. തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.മഹേഷ് കുമാര്‍ ഗൗഡ്, സിഡബ്ല്യുസി പ്രത്യേക ക്ഷണിതാവ് വംശി ചന്ദ് റെഡ്ഡി, ചമല കിരണ്‍ കുമാര്‍ റെഡ്ഡി, എംപിമാരായ അനില്‍ കുമാര്‍  യാദവ്, വേം നരേന്ദര്‍ റെഡ്ഡി എന്നിവരാണ്  രേവന്ത് റെഡ്ഡിക്കൊപ്പം. പൊങ്കിലേറ്റി ശ്രീനിവാസ റെഡ്ഡി, അനസൂയ സീതക്ക എന്നീ മന്ത്രിമാരും രേവന്തിന്റെ വിശ്വസ്തരെന്നാണ് അറിയപ്പെടുന്നത്. മുതിര്‍ന്ന നേതാക്കളടങ്ങുന്ന വിമതരെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമോ അതോ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം നില്‍ക്കണോ എന്ന വലിയ തലവേദനയാണ് ഹൈക്കമാന്‍ഡിന് മുന്നില്‍ ഇപ്പോള്‍ ഉള്ളത്. 

ENGLISH SUMMARY:

The political rift within the ruling Congress party in Telangana has escalated publicly after Konda Sushmita, daughter of Minister Konda Surekha, made aggressive remarks challenging Chief Minister Revanth Reddy over ticket allocations. During a public event, she dismissed the Chief Minister's authority regarding candidate selections and asserted her political standing, prompting the party's disciplinary committee to seek explanations and take internal actions against dissenters.