ചോദ്യപേപ്പര്‍ ക്രമക്കേടിനെ തുടര്‍ന്ന് ഇംഗ്ലിഷ്, കൊമേഴ്സ്, സോഷ്യോളജി നെറ്റ് പരീക്ഷകള്‍ വീണ്ടും നടത്താനുള്ള നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നടപടിക്കെതിരെ രാഹുല്‍ഗാന്ധി. രാജ്യത്തെ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യവും സമയവും പണവും നശിപ്പിക്കുകയാണെന്നും ഇപ്പോഴുള്ളത് വിദ്യാഭ്യാസ സംവിധാനമല്ലെന്നും എന്‍ടിഎ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. Also Read: നെറ്റ് മൂന്ന് വിഷയങ്ങളില്‍ പുനഃപരീക്ഷ; ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി പരീക്ഷകള്‍ 9 നും 10 നും
'നോക്കൂ മോദിജി, താങ്കളുടെ എന്‍ടിഎ ഇപ്പോള്‍ ചെയ്തത് കാണൂ' എന്നായിരുന്നു സമൂഹമാധ്യമമായ എക്സിലൂടെ രാഹുലിന്റെ വിമര്‍ശനം. 'സോഷ്യോളജി, ഇംഗ്ലിഷ്, കൊമേഴ്സ് വിഷയങ്ങളിലെ യുജിസി നെറ്റ് പരീക്ഷകള്‍ ജൂണ്‍ 22നും 30നുമിടയില്‍ നടന്നതാണ്. രണ്ടുമാസം കഴിഞ്ഞപ്പോഴിതാ ഈ മൂന്ന് പരീക്ഷകളും എന്‍ടിഎ റദ്ദാക്കിയിരിക്കുന്നു. പഴയ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുവെന്നും പിഴവുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ വര്‍ഷങ്ങള്‍ പഠിച്ച്, തയാറെടുത്ത്, ഫോമുകള്‍ പൂരിപ്പിച്ച്, ഫീസടച്ച്, വിദൂര സെന്‍ററുകളിലേക്ക് യാത്ര ചെയ്തെത്തിയാണ് ഈ പരീക്ഷയത്രയും എഴുതിയത്. ഇതെല്ലാം സെപ്റ്റബറില്‍ അവര്‍ വീണ്ടും ആവര്‍ത്തിക്കണമെന്നാണ് പറയുന്നത്. പിഴവ് വരുത്തുന്നത് എന്‍ടിഎ ആണെങ്കിലും ശിക്ഷയത്രയും വിദ്യാര്‍ഥികള്‍ക്കാണ്'- രാഹുല്‍ ആഞ്ഞടിച്ചു.
'കോട്ട, ഡെറൂഡൂണ്‍, പ്രയാഗ്രാജ് ഇവിടെയെല്ലാം ഞാനിത് ആവര്‍ത്തിച്ചതാണ്. ഇത് വിദ്യാഭ്യാസ സംവിധാനമേയല്ല. ഇത് ഊറ്റല്‍ യന്ത്രമാണ്. നിങ്ങളുടെ പണം, നിങ്ങളുടെ വര്‍ഷങ്ങള്‍, നിങ്ങളുടെ മാനസികാരോഗ്യം, നിങ്ങളുടെ ആത്മവിശ്വാസം ഇവയെല്ലാം ചോര്‍ത്തിയൂറ്റിയെടുത്ത ശേഷം പകരം ഒന്നും നല്‍കുന്നില്ല, പേരിനൊരു ജോലി പോലും നല്‍കുന്നില്ല'- രാഹുല്‍ കുറിച്ചു. എന്‍ടിഎ ഉത്തരവാദിത്തമേറ്റെടുക്കുകയാണ് വേണ്ടത്. ധര്‍മേന്ദ്ര പ്രധാന്റെ രാജി ആദ്യത്തെ നടപടിയാവണം, അവസാനത്തേതതല്ല. എന്‍ടിഎ നേതൃത്വം ഉത്തരവാദിത്തമേറ്റെടുക്കണം. പരീക്ഷ പോലും നേരെ ചൊവ്വേ നടത്താന്‍ കഴിയാത്തൊരു സംവിധാനമാണ് പ്രധാനമന്ത്രി മോദി സൃഷ്ടിച്ചുവച്ചിരിക്കുന്നത്. പഴിയത്രയും വിദ്യാര്‍ഥികള്‍ക്കാണ്. നിങ്ങളുടെ വര്‍ഷങ്ങള്‍ മോഷ്ടിക്കപ്പെടുന്നു, പ്രധാനമന്ത്രി ഇതിന് മറുപടി നല്‍കുവോളം ഞങ്ങളിത് പറഞ്ഞുകൊണ്ടേയിരിക്കും'- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
പുനഃപരീക്ഷയ്ക്കെതിരെ കോണ്‍ഗ്രസും രംഗത്തെത്തി. 'രണ്ടുമാസം വേണ്ടിവന്നോ എന്‍ടിഎയ്ക്ക് പിഴവ് കണ്ടുപിടിക്കാന്‍. മറ്റ് 84 വിഷയങ്ങളില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ കൂടി ഫലം തടഞ്ഞുവച്ചതിന്‍റെ ഉത്തരം സര്‍ക്കാര്‍ പറയണം. രാജ്യത്തെ യുവാക്കള്‍ മറുപടി അര്‍ഹിക്കുന്നുണ്ട്'- എന്നായിരുന്നു കോണ്‍ഗ്രസിന്‍റെ വിമര്‍ശനം.
വസ്തുതയിലെ പിഴവും, അക്ഷരത്തെറ്റും, പരിഭാഷയിലെ തെറ്റുമടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇംഗ്ലിഷ്, സോഷ്യോളജി, കൊമേഴ്സ് വിഷയങ്ങളിലെ പരീക്ഷകള്‍ സെപ്റ്റംബര്‍ ഒന്‍പതിനും പത്തിനുമായി നടത്തുമെന്ന് എന്‍ടിഎ പ്രഖ്യാപിച്ചിരിക്കുന്നത്.