ഫയല്‍ ചിത്രം
കല്‍ക്കരിപ്പാടം അനുമതിക്കേസില്‍ മന്‍മോഹന്‍ സിങിന് സുപ്രീംകോടതി ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ മോദി സര്‍ക്കാരിനെ കടന്നാക്രമിച്ചും മന്‍മോഹന്‍ സിങിന്‍റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയും സോണിയ ഗാന്ധി. സുതാര്യമായിരുന്നു മന്‍മോഹന്‍റെ ഭരണമെന്നും ചരിത്രം മന്‍മോഹനെ ഏറ്റവും ദയയോടെയും മാന്യതയോടെയും അങ്ങേയറ്റം കാര്യപ്രാപ്തിയുള്ളവനെന്നും ഓര്‍ക്കും' എന്നും സോണിയ പറഞ്ഞു. തന്നെ സമൂഹമാധ്യമങ്ങളിലൂടെ പരിഹസിച്ച വിദ്യാര്‍ഥികളോട് ക്ഷമിക്കാന്‍ വിശാലമനസ് കാണിച്ച മോദി, മന്‍മോഹന്‍ സിങിനെതിരായ തരംതാണ ആരോപണങ്ങള്‍ ഉന്നയിച്ച അദ്ദേഹത്തിന് സ്വയം മാപ്പുനല്‍കുമായിരിക്കുമെന്നും സോണിയ പരിഹസിച്ചു.
അഭിമാനിയായ മനുഷ്യന് നേരെ നടത്തിയ നാണംകെട്ട വേട്ടയാടലിന് സുപ്രീംകോടതി അറുതി വരുത്തിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ചെയര്‍പഴ്സനായ സോണിയ പറഞ്ഞു. 'ഉദ്യോഗസ്ഥര്‍, മാധ്യമങ്ങള്‍, ന്യായാധിപന്‍മാര്‍, പൊതുസമൂഹം– പ്രത്യേകിച്ച് ആര്‍എസ്എസും ബിജെപിയും മന്‍മോഹനെതിരെ സംഘടിതമായി പ്രവര്‍ത്തിച്ചുവെന്നും അത്തരത്തിലൊരു ലോബി പ്രവര്‍ത്തിച്ചുവെന്നും സോണിയ ആരോപിച്ചു. അവരുടെ വേട്ടയാടലുകള്‍ ഇന്നിതാ വെറുതേയായിരിക്കുന്നു. എല്ലാ അര്‍ഥത്തിലും മന്‍മോഹന്റെ കൈകള്‍ ശുദ്ധമെന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നുവെന്ന് സോണിയ ദ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
രാജ്യത്തെ അന്വേഷണ ഏജന്‍സികളെ മന്‍മോഹന്‍ ഒരിക്കലും ദുരുപയോഗം ചെയ്തില്ലെന്നും സോണിയ തുറന്നടിച്ചു. രാഷ്ട്രീയക്കാരെ നിശബ്ദരാക്കിയും സമ്മര്‍ദം ചെലുത്തിയും ബിജെപിയില്‍ എത്തിക്കാന്‍ മോദി സര്‍ക്കാര്‍ നടത്തുന്നത് പോലെ വിലകുറഞ്ഞ തന്ത്രങ്ങളൊന്നും മന്‍മോഹന്‍ എടുത്തിട്ടില്ലെന്നും ആരോപണങ്ങളെ മാന്യമായി നേരിട്ടുവെന്നതിന് ചരിത്രം സാക്ഷിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മോദിയുടെ ഭരണത്തില്‍ പ്രതിപക്ഷത്തുള്ളവര്‍ക്കെതിരെ ആദ്യം അഴിമതി ആരോപണം ഉയര്‍ത്തും, പിന്നാലെ അവരെ ബിജെപിയിലെത്തിക്കും, ശേഷം അഴിമതി ഇല്ലെന്ന് ക്ലീന്‍ ചിറ്റ് നല്‍കും'- സോണിയ പരിഹസിച്ചു. പാര്‍ലമെന്‍റിനോട് കൂറുപുലര്‍ത്തിയ പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍സിങ് എന്നും സ്ക്രിപ്റ്റഡല്ലാത്ത വാര്‍ത്താസമ്മേളനങ്ങളായിരുന്നു മന്‍മോഹന്‍റെ മുഖമുദ്രയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്‍റെ മുന്‍ ലോക്സഭാംഗമായിരുന്ന നവീന്‍ ജിന്‍ഡലിന്‍റെ ജിൻഡൽ സ്‌റ്റീൽ ആൻഡ് പവർ ലിമിറ്റഡ്, ഗഗൻ സ്‌പഞ്ച് അയർ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്‌ഥാപനങ്ങൾക്കു 2008ൽ ജാർഖണ്ഡിലെ ബീർഭൂം ജില്ലയിലുള്ള അമർകൊണ്ട മുർഗദങ്കൽ കൽക്കരിപ്പാടം അനുവദിച്ചതില്‍ അഴിമതി നടന്നുവെന്നും ഇതിലെ ഗൂഢാലോചനയില്‍ അക്കാലത്തു കൽക്കരി വകുപ്പിന്റെ ചുമതല വഹിച്ച മൻമോഹനും പങ്കാളിയായെന്നുമായിരുന്നു ആരോപണങ്ങളില്‍ പ്രധാനം. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുന്നതില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നുവെന്നും അന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ കേസില്‍ മന്‍മോഹന് സിബിഐ കോടതി നേരത്തേ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.