Credit: instagram.com/narendramodi

Credit: instagram.com/narendramodi

രാജ്യത്ത് നടന്ന ജെന്‍ സി പ്രതിഷേധങ്ങൾക്ക് പിന്നാലെ, യുവാക്കളെ കയ്യിലെടുക്കാൻ പുതിയ ഡിജിറ്റൽ തന്ത്രവുമായി എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെൽഫി സ്റ്റൈൽ വിഡിയോകളും ഇൻസ്റ്റാഗ്രാം റീൽസുകളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് മോദി. ഇപ്പോളിതാ ദേശീയ കൈത്തറി ദിനം സൗഹൃദ ദിനത്തിന്‍റെ അതേ ആവേശത്തോടെ ആഘോഷിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്തിരിക്കുകയാണ് മോദി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രിയുടെ അഭ്യർഥന. കൈത്തറി വസ്ത്രങ്ങള്‍ ധരിച്ച് ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ്ങായ 'ഗെറ്റ് റെഡി വിത്ത് മി' ചെയ്യാനും യുവതയോട് മോദി ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി 1905 ആഗസ്റ്റ് 7-നാണ് സ്വദേശി പ്രസ്ഥാനം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. രാജ്യത്തുടനീളമുള്ള ജനങ്ങളെ ഒന്നിപ്പിച്ച ഈ പ്രസ്ഥാനം സ്വയംപര്യാപ്തതയുടെ പ്രതീകമായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ കൈത്തറി ദിനം രാജ്യത്തെ നെയ്ത്തുകാരെ ആദരിക്കുന്നതിനുള്ള സുവർണ്ണ അവസരമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വൈവിധ്യമാർന്ന കൈത്തറി വസ്ത്രങ്ങൾ നെയ്തെടുക്കുന്ന നെയ്ത്തുകാരുടെ പ്രയത്നത്തെയും അദ്ദേഹം പ്രശംസിച്ചു.

നെയ്ത്തുകുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി കൈത്തറി ഉൽപ്പന്നങ്ങൾ വാങ്ങാനും സോഷ്യൽ മീഡിയയിലൂടെ അവ പ്രചരിപ്പിക്കാനും മോദി ആഹ്വാനം ചെയ്തു. ഓരോ പൗരനും കുറഞ്ഞത് ഒരു കൈത്തറി ഉൽപ്പന്നമെങ്കിലും വാങ്ങണമെന്നും മോദി പറഞ്ഞു. കൈത്തറി ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് വിഡിയോകൾ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുക, അതുവഴി മറ്റുള്ളവരേയും ഈ മേഖലയെ പിന്തുണയ്ക്കാൻ പ്രേരിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ആത്മനിർഭർ ഭാരത് (സ്വയംപര്യാപ്ത ഇന്ത്യ) കെട്ടിപ്പടുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതിനായി ദരിദ്രരായ കുടുംബങ്ങൾ പോലും സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കണം– പ്രധാനമന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ പിന്തുണ ഇന്ത്യൻ നെയ്ത്തുകാരുടെ കഴിവും കരവിരുതും ലോകത്തിന് മുന്നിൽ എത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Prime Minister Narendra Modi has adopted a new digital strategy targeting Gen Z through selfie-style videos and Instagram reels to promote National Handloom Day. In an Instagram video message, he urged young people to celebrate the day by participating in the trendy "Get Ready With Me" (GRWM) challenge while wearing handloom garments. Recalling the 1905 Swadeshi movement against British rule, Modi highlighted handlooms as a symbol of self-reliance and urged citizens to support local weaver families. He called on every citizen to buy at least one handloom product, showcase it on social media, and contribute towards building an Atmanirbhar Bharat (Self-Reliant India).