swatantra-bhardwaj-cjp

ഡൽഹി ജന്തർ മന്തറിൽ കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) നടത്തിയ പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരിലൊരാളുടെ പിതാവിന്റെ തലയടിച്ചു പൊളിച്ചെന്നും ബിജെപി നേതാവ് കപിൽ മിശ്ര ഉൾപ്പെടെയുള്ളവരുടെ സംരക്ഷണമുള്ളതിനാൽ താൻ ജയിലിൽ പോയിട്ടില്ലെന്നും പരസ്യമായി അവകാശപ്പെട്ട് സ്വതന്ത്ര ഭരദ്വാജ് എന്ന സംഘപരിവാർ പ്രവർത്തകൻ. ഒരു മണിക്കൂർ ദൈർഘ്യമുള്ള പോഡ്കാസ്റ്റിലാണ് ഇയാൾ ക്രൂരമായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.  

"നിഷുവിന്റെ അച്ഛന്റെ തല ഞാൻ അടിച്ചു പൊളിച്ചു. കൊലപാതകശ്രമത്തിനാണ് കേസെടുക്കേണ്ടത്. തലയിൽ 60 സ്റ്റിച്ചുണ്ടായിരുന്നു, ആംബുലൻസിൽ കിടന്ന് അയാൾ മരിക്കാറായതാണ്. അച്ഛന് നീതി കിട്ടിയില്ലെങ്കിൽ വിഷം കഴിച്ച് മരിക്കുമെന്ന് പറഞ്ഞ് മകൾ പൊലീസ് സ്റ്റേഷന് മുന്നിൽ കരഞ്ഞു. ലോകം മുഴുവൻ അറിയണം, ഞാൻ ജയിലിൽ പോലും പോയിട്ടില്ല. രാത്രി മുഴുവൻ ഞാൻ ചുറ്റിത്തിരിയുകയായിരുന്നു.

ഒന്ന് എനിക്ക് ഹനുമാൻജിയുടെ അനുഗ്രഹമുണ്ട്. കൂടാതെ, കപിൽ മിശ്ര എന്റെ ജ്യേഷ്ഠനെപ്പോലെയാണ്. കപിൽ മിശ്രയിൽ നിന്ന് ഒരു കോൾ വന്നതായും എന്നെ വിട്ടയച്ചതായും അവർ പറയുന്നു. കപിൽ മിശ്ര എന്റെ ജ്യേഷ്ഠനാണ്, ചിരാഗ് പാസ്വാൻ എന്റെ ജ്യേഷ്ഠനാണ്, എല്ലാവരും. നിങ്ങൾക്ക് ഏത് നേതാവിനെ അറിയാമെന്ന് പറയൂ? നിങ്ങൾക്ക് മോദി ജിയെ അറിയാമോ? മോദി ജി എന്റെ ജ്യേഷ്ഠ സഹോദരനുമാണ്. എനിക്ക് എല്ലാവരുടെയും പിന്തുണയുണ്ട്" ഭരദ്വാജ് പോഡ്കാസ്റ്റിൽ പറഞ്ഞു.  

ഡൽഹി പൊലീസിന്റെ ലാത്തിയും ഷൂസുമൊക്കെയാണ് താൻ ഉപയോഗിക്കുന്നതെന്നും ഭരദ്വാജ് കൂട്ടിച്ചേർത്തു. എന്റെ ഷൂ കാണുന്നുണ്ടോ? ഈ ഷൂ ഡൽഹി പൊലീസിന്റേതാണ്. ഞാൻ ഒരു ഫോമും പൂരിപ്പിക്കാറില്ല, പക്ഷേ ഞാൻ ഡൽഹി പൊലീസിനെപ്പോലെ കറങ്ങിനടക്കും. എന്റെ ഷൂ ഡൽഹി പൊലീസിന്റേതാണ്, ബാറ്റൺ തുടങ്ങി എല്ലാം ഡൽഹി പോലീസിന്റേതാണ്, ഭരദ്വാജ് പറഞ്ഞു. 

അതേസമയം, പ്രതിയെ സംരക്ഷിക്കാൻ ഡൽഹി പൊലീസ് ഗുരുതരമായ വകുപ്പുകൾ ഒഴിവാക്കുകയാണെന്ന് സിജെപി നേതാവ് സൗരവ് ദാസ് ആരോപിച്ചു. പ്രക്ഷോഭത്തിനിടെ ദളിത് വിഭാഗത്തിൽപ്പെട്ട സഞ്ജയ് എന്ന വ്യക്തിയുടെ തലയോട്ടി തകരുന്ന രീതിയിലാണ് ആക്രമണം നടന്നത്. കൊലപാതകശ്രമത്തിനുള്ള 307-ാം വകുപ്പോ, ഗുരുതര പരിക്കേൽപ്പിച്ചതിനുള്ള 326-ാം വകുപ്പോ ചുമത്താൻ പൊലീസ് തയാറായില്ലെന്നും കോടതി ഉത്തരവുമായി വരാനാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്നും സൗരവ് ദാസ് എക്സിൽ കുറിച്ചു.  

നീതിനിർവഹണം തടസ്സപ്പെടുത്തിയ ബിജെപി നേതാവ് കപിൽ മിശ്രയെ കേസിലെ പ്രതിയാക്കണമെന്നും അദ്ദേഹം രാജിവെക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. ഭരദ്വാജിനെ കസ്റ്റഡിയിലെടുത്തെന്ന പൊലീസിന്റെ വാദം പച്ചക്കള്ളമാണെന്ന് സിജെപി നേതാവ് അശുതോഷ് റാങ്കയും എക്സില്‍ കുറിച്ചു. 

ENGLISH SUMMARY:

Sangh Parivar activist Swatantra Bhardwaj has caused widespread outrage after proudly confessing in a podcast that he fractured an elderly protester's skull during a Cockroach Janata Party (CJP) demonstration at Delhi's Jantar Mantar. Bhardwaj claimed he evaded arrest and murder charges due to political protection from BJP leader Kapil Mishra,Union Minister Chirag Paswan, and PM Narendra Modi. CJP leaders Saurav Das and Ashutosh Ranga alleged that Delhi Police deliberately omitted key charges like Section 307 (Attempt to Murder) to protect the accused, despite the victim—a Dalit man named Sanjay—requiring 60 stitches. CJP has demanded the immediate arrest of Bhardwaj and named Kapil Mishra for obstructing justice.