keralam-bill

പ്രതിപക്ഷ ബഹളത്തിനിടെ സംസ്ഥാനത്തിന്‍റെ പേര് കേരളം എന്നാക്കുന്ന ബില്‍ ചര്‍ച്ചകൂടാതെ ലോക്സഭ പാസാക്കി. സംസ്ഥാനത്തു നിന്നുള്ള അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിനെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് രൂക്ഷമായി വിമര്‍ശിച്ചു. ബില്‍ പാസാക്കിയതിനെ സ്വാഗതം ചെയ്യുന്നു എന്ന് കെ.സി.വേണുഗോപാല്‍ പ്രതികരിച്ചു. രാജ്യസഭയിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തി.

അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെയാണ് 'കേരളം' ബില്‍ പാസാക്കിയത്. മലയാളം പേര് തിരികെ കിട്ടുന്നതില്‍ കേരളത്തിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് താല്‍പര്യമില്ലെ എന്ന് നിത്യാനന്ദ റായ് ചോദിച്ചു. കെ.സി.വേണുഗോപാലിനെ പോലെ മുതിര്‍ന്ന അംഗം ചര്‍ച്ചയില്‍ പങ്കെടുക്കാത്തത് ദുഖകരമാണെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജുവും പറഞ്ഞു. ചര്‍ച്ചയ്ക്കുള്ള സാഹചര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കെ.സി.വേണുഗോപാല്‍ പ്രതികരിച്ചു.

ബില്‍ നിയമമായാല്‍ ഭരണഘടന ഉള്‍പ്പെടെ ഔദ്യോഗിക രേഖകളിലെല്ലാം സംസ്ഥാനത്തിന്‍റെ പേര് കേരള എന്നുമാറി കേരളം എന്നാകും. സഹകരണ വികസനകോര്‍പറേഷന്‍ ബില്ലും ചര്‍ച്ചകൂടാതെ പാസാക്കി. രാജ്യസഭയില്‍ അമിത് ഷായുടെ പ്രസ്താവനയും അയോധ്യക്ഷേത്രക്കൊള്ളയും മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉയര്‍ത്തിയെങ്കിലും സംസാരിക്കാന്‍ ചെയര്‍ അനുവദിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷം വോക്കൗട്ട് നടത്തി. 

ഇടതു പാര്‍ട്ടികള്‍ ഭീരുക്കളാണെന്ന ധനമന്ത്രിയുടെ പരാമര്‍ശം പി.സന്തോഷ് കുമാര്‍ ഉയര്‍ത്തിയെങ്കിലും ഇന്നലത്തെ വിഷയം ഇന്ന് ഉന്നയിക്കാനാവില്ലെന്ന് ചെയര്‍ വ്യക്തമാക്കി. ട്രൈബ്യൂണല്‍ റിഫോംസ് ബില്ലും സഭ പാസാക്കി.

ENGLISH SUMMARY:

The Lok Sabha passed the bill to rename the state as Kerala amidst opposition protests, without discussion. Union Minister of State for Home Affairs Nityanand Rai severely criticized the absence of state members from the discussion, while KC Venugopal welcomed the bill's passage.