sunny-delhi

കെപിസിസി അധ്യക്ഷ ചര്‍ച്ച വീണ്ടും ചൂട് പിടിക്കുന്നു. നിലവിലെ അധ്യക്ഷന്‍ സണ്ണി ജോസഫ് മല്ലികാർജുൻ ഖർഗെയെയും രാഹുല്‍ ഗാന്ധിയെയും കണ്ട് ഒഴിയാനുള്ള സന്നദ്ധത അറിയിച്ചു. മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്നും എംപിമാരും എംഎല്‍എമാരും യോഗ്യരാണെന്നും കൂടിക്കാഴ്ചക്ക് ശേഷം സണ്ണി ജോസഫ് പ്രതികരിച്ചു. നിലവില്‍ ബെന്നി ബഹനാന്റെ പേരിനാണ് മുന്‍തൂക്കം.  

മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഡല്‍ഹിയില്‍ എത്തി ഹൈക്കമാന്‍ഡ് നേതാക്കളെ കണ്ട് മടങ്ങിയ ശേഷം നിലച്ച കെപിസിസി അധ്യക്ഷ ചര്‍ച്ച വീണ്ടും സജീവമായിരിക്കുകയാണ്. മന്ത്രിയായ ശേഷം ആദ്യമായി ഡല്‍ഹിയില്‍ എത്തിയ നിലവിലെ അധ്യക്ഷന്‍ സണ്ണി ജോസഫ് മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും കണ്ട് ഒഴിയാനുള്ള സന്നദ്ധതയും പകരം പേരുകളും അറിയിച്ചതോടെ പ്രഖ്യാപനത്തിലേക്ക് ഉടന്‍ കടന്നേക്കുമെന്നാണ് വിവരം. 

കെപിസിസി പ്രസിഡന്റായി മന്ത്രിയല്ലാത്ത ആള്‍ വരണമെന്ന് സണ്ണി ജോസഫ് കൂടിക്കാഴ്ചയ്ക്കുശേഷം പ്രതികരിച്ചു. തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയുമായും സണ്ണി ജോസഫ് കൂടിക്കാഴ്ച നടത്തി.

എംപിയും മുതിര്‍ന്ന നേതാവും മുന്‍ യുഡിഎഫ് കണ്‍വീനറുമായ ബെന്നി ബഹനാന്റെ പേരിനാണ് മുന്‍ തൂക്കം. ആഴ്ചകള്‍ക്ക് മുന്‍പ് മാത്യു കുഴല്‍നാടന്റെ പേര് ഉയര്‍ന്നു കേട്ടെങ്കിലും എ, ഐ ഗ്രൂപ്പുകള്‍ ഒരു പോലെ എതിര്‍ക്കുകയായിരുന്നു. മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഖര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും നിലപാട് അറിയിച്ചിട്ടുണ്ട്. ബെന്നി ബഹനാനും കൊടിക്കുന്നില്‍ സുരേഷും ഇന്ന് തിരുവഞ്ചൂരിനെ കണ്ടിരുന്നു.

ENGLISH SUMMARY:

KPCC President discussion is heating up again with current president Sunny Joseph expressing his willingness to step down to Mallikarjun Kharge and Rahul Gandhi. There is a growing demand for a full-time president, and the name of Benny Behanan is currently leading the race for the position.