• സംസ്ഥാന സെക്രട്ടേറിയറ്റില്‍ നടന്ന പരിപാടിയിലാണ് അടിയന്തരാവസ്ഥക്കാലത്ത് തടവിലാക്കപ്പെട്ട 325 പേരെ സര്‍ക്കാര്‍ കണ്ടെത്തിയെന്നും 'പശ്ചിമ ബംഗാ സേനാനി സമ്മാന്‍' ഇവര്‍ക്ക് നല്‍കുമെന്നും സുവേന്ദു പ്രഖ്യാപിച്ചത്.

അടിയന്തരാവസ്ഥക്കാലത്ത് പ്രക്ഷോഭം നടത്തിയതിന് ജയില്‍വാസം അനുഭവിക്കേണ്ടി വന്നവര്‍ക്ക് പ്രതിമാസം 10,000 രൂപ വീതം പെന്‍ഷന്‍ പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍. 325 പേര്‍ക്കാണ് ഈ പെന്‍ഷന്‍ ലഭിക്കുക. ജനാധിപത്യം നിലനിര്‍ത്താന്‍ പ്രയത്നിച്ചവരാണ് അവരെന്നും പരിഗണന അര്‍ഹിക്കുന്നുവെന്നുമാണ് പെന്‍ഷന്‍ പ്രഖ്യാപിച്ച് ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞത്. Also Read: വന്ദേമാതരം പൂർണമായി ആലപിക്കണോ? ചീഫ് സെക്രട്ടറിയുടെ കത്തില്‍ ആശയക്കുഴപ്പം തുടരുന്നു

സംസ്ഥാന സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങിലാണ് അടിയന്തരാവസ്ഥക്കാലത്ത് തടവിലാക്കപ്പെട്ട 325 പേരെ സര്‍ക്കാര്‍ കണ്ടെത്തിയെന്നും 'പശ്ചിമ ബംഗാ സേനാനി സമ്മാന്‍' ഇവര്‍ക്ക് നല്‍കുമെന്നും സുവേന്ദു പ്രഖ്യാപിച്ചത്.  രാജ്യത്തിനായി ത്യാഗം ചെയ്തവരുടെ സ്മരണകള്‍ക്കും അവരുടെ ആശയങ്ങള്‍ക്കും മേലാണ് തന്‍റെ സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും അവര്‍ പ്രചോദനമാണെന്നും അദ്ദേഹം വിശദീകരിച്ചു. അവര്‍ ധീര യോദ്ധാക്കളാണെന്നും സുവേന്ദു കൂട്ടിച്ചേര്‍ത്തു. 

നേരത്തേ, ക്വിറ്റ് ഇന്ത്യ സമരത്തിന്‍റെ 84–ാം വാര്‍ഷികത്തില്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും സുവേന്ദു ആദരമര്‍പ്പിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യ സാധ്യമായത് ആയിരങ്ങളുടെ ജീവത്യാഗത്തിലാണെന്നും അവരുടെ ത്യാഗം വിസ്മരിക്കരുതെന്നുമായിരുന്നു അന്ന് സുവേന്ദു സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

അടിയന്തരാവസ്ഥക്കാലം മറക്കാന്‍ പാടില്ലാത്തതാണെന്നും ജൂണ്‍ 25 'സംവിധാന്‍ ഹത്യ ദിവസ്' ആയി ആചരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇത് പാലിക്കുകയും ചെയ്തു. ഇതിന്‍റെ ഭാഗമായാണ് അക്കാലത്ത് ജയിലില്‍ അടയ്ക്കപ്പെട്ടവരെ കണ്ടെത്തി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ പ്രത്യേക പുരസ്കാരങ്ങളും പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങളും പ്രഖ്യാപിച്ചത്.

ENGLISH SUMMARY:

The West Bengal government has announced a monthly pension of 10,000 rupees for 325 individuals who were imprisoned during the Emergency. Chief Minister Suvendu Adhikari made this announcement during a secretariat event, honoring them with the 'Paschim Banga Senani Samman' for their struggle to preserve democracy. This initiative aligns with similar measures taken by BJP-governed states to acknowledge those detained during the Emergency period. The announcement also coincides with recent tributes paid by the leadership commemorating the sacrifices made for India's freedom and democratic values.