• 'തമിഴ് കേവലമൊരു ഭാഷയല്ല, മറിച്ച് ജീവനാഡിയും വികാരവുമാണ്. അമ്മയെപ്പോലെ ശുദ്ധവും മഹത്തരവുമാണ് മാതൃഭാഷ. തമിഴെന്നാല്‍ അഭിമാനം,തമിഴെന്നാല്‍ അധികാരം. തമിഴെന്ന് നിങ്ങള്‍ പറയുമ്പോള്‍ തമിഴ്നാട് ഒറ്റക്കെട്ടായി അണിനിരക്കും'

സര്‍ക്കാര്‍ ചടങ്ങുകള്‍ വന്ദേമാതരം ആലപിച്ച് തുടങ്ങണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ ഐക്യകണ്ഠമായി പ്രമേയം പാസാക്കി തമിഴ്നാട് നിയമസഭ. തമിഴ് തായ് വാഴ്ത്ത് ആദ്യം പാടുമെന്നും അതിന് ശേഷമേ വന്ദേമാതരം പാടാന്‍ കഴിയൂവെന്നും പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി വിജയ് അവതരിപ്പിച്ച വൈകാരിക പ്രമേയത്തെ ഡിഎംകെയും എഐഎഡിഎംകെയും പിന്തുണച്ചു. ഇതോടെ പ്രമേയം പാസായതായി ഗവര്‍ണര്‍ പ്രഖ്യാപിച്ചു.

തമിഴ്നാടിന്‍റെ സാംസ്കാരിക ഭാഷാ അവകാശങ്ങളെ ആര്‍ക്കും അടിയറവ് വയ്ക്കില്ലെന്ന് പറഞ്ഞാണ് വിജയ് സംസാരിച്ച് തുടങ്ങിയത്. 'നമുക്ക് തമിഴ് കേവലമൊരു ഭാഷയല്ല, മറിച്ച് ജീവനാഡിയും വികാരവുമാണ്. അമ്മയെപ്പോലെ ശുദ്ധവും മഹത്തരവുമാണ് മാതൃഭാഷ. തമിഴെന്നാല്‍ അഭിമാനം,തമിഴെന്നാല്‍ അധികാരം. തമിഴെന്ന് നിങ്ങള്‍ പറയുമ്പോള്‍ തമിഴ്നാട് ഒറ്റക്കെട്ടായി അണിനിരക്കും. തമിഴ്നാട്ടില്‍ ഒന്നാംസ്ഥാനം തമിഴ് തായ് വാഴ്ത്തിന് തന്നെയാണ്. അതിന് ഒന്നാംസ്ഥാനം നല്‍കുക നമ്മുടെ അവകാശമാണ്'- വിജയ് പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റികള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, തമിഴ്നാട് സര്‍ക്കാരിന് കീഴില്‍ വരുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ തമിഴ് തായ് ആദ്യം പാടണമെന്നാണ് പ്രമേയം നിഷ്കര്‍ഷിക്കുന്നത്. 

ഔദ്യോഗിക പരിപാടികളില്‍ ദേശീയ ഗീതമായ വന്ദേമാതരം ആദ്യവും ദേശീയഗാനം രണ്ടാമതും ആലപിക്കണമെന്ന് ജനുവരിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ജൂലൈയില്‍ ഇത് നിര്‍ബന്ധമായും പാലിക്കണമെന്ന് നിര്‍ദേശവും ഇറക്കി. സംസ്ഥാന ഗീതം ആലപിക്കുന്ന ചടങ്ങുകളിലും ഇത് പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് തമിഴ്നാട് സര്‍ക്കാര്‍ പ്രമേയം പാസാക്കിയത്. 

1970 മുതല്‍ തമിഴ്നാട്ടിലെ ഔദ്യോഗിക പരിപാടികളില്‍ തമിഴ് തായ് വാഴ്ത്ത് നിര്‍ബന്ധമാണ്. ഇതോടെയാണ് ചടങ്ങ് ആരംഭിച്ചിരുന്നതും. 2021 ല്‍ സംസ്ഥാന ഗീതമായും പ്രഖ്യാപിച്ചു. എന്നാല്‍ മേയില്‍ സര്‍വകലാശാലയിലെ പരിപാടിയില്‍ തമിഴ് തായ് വാഴ്ത്ത് മൂന്നാമതായാണ് ആലപിച്ചത്. വിജയ് സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങിലും ഇതാവര്‍ത്തിച്ചു. വലിയ രാഷ്ട്രീയ വിവാദങ്ങളാണ് തുടര്‍ന്നുണ്ടായത്. 

ENGLISH SUMMARY:

The Tamil Nadu Legislative Assembly has unanimously passed a resolution opposing the central government's directive to begin official functions with Vande Mataram, asserting that the state anthem, Tamil Thai Vazhthu, must be sung first. Chief Minister Vijay introduced the emotional resolution, emphasizing that the mother tongue represents the lifeblood and pride of the state and cannot be compromised. This legislative move comes in response to a January directive from the Union Ministry of Home Affairs mandating the precedence of Vande Mataram and the national anthem at official events. Tamil Thai Vazhthu has been a mandatory opening at state functions since 1970 and was officially designated as the state anthem in 2021.