• സ്റ്റാലിൻ തോറ്റ കൊളത്തൂരിൽ ഇവിഎമ്മിൽ തിരിമറി ആരോപിച്ച് ഡിഎംകെ. വോട്ടിങ് യന്ത്രങ്ങളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയെന്ന് പാർട്ടി വ്യക്തമാക്കി.

എം.കെ. സ്റ്റാലിന്‍ തോറ്റ കൊളത്തൂര്‍ മണ്ഡലത്തില്‍ വോട്ടിങ് യന്ത്രത്തില്‍ തിരിമറി ആരോപിച്ച് ഡിഎംകെ. സ്റ്റാലിന്‍റെ ആവശ്യപ്രകാരം നടത്തിയ വോട്ടിങ് മെഷിനുകളുടെ പരിശോധനയില്‍ കൊളത്തൂരില്‍ ഉപയോഗിച്ച ഇവിഎമ്മുകളില്‍ ഭൂരിഭാഗത്തിലും പ്രശ്നങ്ങള്‍ കണ്ടെത്തി. തിരഞ്ഞെടുപ്പ് നീതിയുക്തമായല്ല നടത്തിയതെന്നും കോടതിയെ സമീപിക്കുമെന്നും ഡിഎംകെ വ്യക്തമാക്കി. 

കൊളത്തൂരില്‍ ഉപയോഗിച്ച ഇവിഎമ്മുകളെ വെരിഫിക്കേഷന്‍ സാങ്കേതിക തകരാറുകൾ കാരണം തടസ്സപ്പെട്ടെന്നും ഉപയോഗിച്ച വോട്ടിങ് മെഷിനുകളുടെ വിശ്വാസ്യതയെക്കുറിച്ച് സംശയമുണ്ടെന്നും ഡിഎംകെ നിയമസെക്രട്ടറിയും രാജ്യസഭാ എംപിയുമായ എൻ.ആർ. ഇളങ്കോ പറഞ്ഞു. ഡിഎംകെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിന്‍ കൊളത്തൂരില്‍ 8795 വോട്ടിനാണ് തോറ്റത്. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ 14 പോളിങ് സ്റ്റേഷനുകളെ ഇവിഎം, വിവിപാറ്റ് യൂണിറ്റുകളുടെ വെരിഫിക്കേഷന്‌‍ നടത്തണമെന്ന് സ്റ്റാലിന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നല്‍കിയിരുന്നു. കൊളത്തൂരിനൊപ്പം, കാഞ്ചീപുരം, രാജപാളയം എന്നിവിടങ്ങളിൽ ഇവിഎമ്മുകളും പരിശോധിക്കുന്നുണ്ട്. 

ചന്താദ്രിപേട്ടിൽ നടന്ന പരിശോധനയില്‍ കൊളത്തൂർ നിയമസഭാ മണ്ഡലത്തിൽ ഉപയോഗിച്ച എട്ട് ഇവിഎമ്മുകളില്‍ മൂന്നെണ്ണത്തിലും പൊരുത്തക്കേടുകൾ കണ്ടെത്തി. പരിശോധിച്ചവയില്‍ ഏകദേശം 30 ശതമാനം വോട്ടിങ് യന്ത്രങ്ങളും പ്രശ്നം കാണിച്ചു. അതിനാല്‍ തിരഞ്ഞെടുപ്പ് നീതിയുക്തമായല്ല നടന്നത് എന്ന നിഗമനത്തിലാണെന്നും മദ്രാസ് ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കുമെന്നും ഇളങ്കോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇനി ഇവിഎം പരിശോധനയിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് ഡിഎംകെ തീരുമാനം. കാഞ്ചീപുരത്ത് പരിശോധിച്ച 10 വോട്ടിങ് മെഷിനുകളില്‍ ഒന്ന് പ്രവർത്തനരഹിതമാണെന്നും കണ്ടെത്തി. 

157 ാം നമ്പര്‍ പോളിങ് സ്റ്റേഷനിലെ ഇവിഎമ്മില്‍ ഉപയോഗിച്ച അഡ്രസ് ടാഗ് പുതിയതും ഇതുവരെ ഉപയോഗിക്കാത്തതുമായിരുന്നു. അതില്‍ ആവശ്യത്തിനുള്ള വിവരങ്ങളില്ലായിരുന്നുവെന്നും ഡിഎംകെ ആരോപിച്ചു. 500 മുതൽ 1400 വോട്ടുകൾ വരെ ചെയ്തുള്ള മോക്ക് പോളിൽ 412 വോട്ടിനു ശേഷം വിവിപാറ്റ് യന്ത്രത്തിൽ ലൈറ്റ് തെളിയുന്നില്ലെന്നാണു മറ്റൊരു  ആരോപണം. എന്നാൽ, സാങ്കേതിക പ്രശ്നം മാത്രമാണെന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ ജി.എസ്.സമീരൻ വിശദീകരിച്ചു. 

ENGLISH SUMMARY:

The DMK has raised serious allegations of EVM manipulation in the Kolathur constituency, where party chief M.K. Stalin suffered a defeat. Following Stalin's request, verification checks on electronic voting machines revealed technical discrepancies in a significant portion of the inspected units. DMK legal secretary N.R. Elango stated that the elections lacked fairness and announced the party's decision to approach the court while boycotting further verification proceedings. Meanwhile, district election officials dismissed the discrepancies as minor technical issues.