വിനായക ചതുര്‍ഥി പ്രമാണിച്ച് ബിരിയാണിക്ക് ഓഫര്‍ പ്രഖ്യാപിച്ച ഹോട്ടലുടമ അറസ്റ്റില്‍. തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം. ഗണപതിയെ മോശമായി ചിത്രീകരിച്ചുവെന്നും മതവികാരം വ്രണപ്പെട്ടുവെന്നും ആരോപിച്ച് ശെല്‍വരാജ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് ഹോട്ടലുടമയായ ജയന്ത് (30) അറസ്റ്റിലായത്. ഹിന്ദു ദൈവത്തെ മോശമായി ചിത്രീകരിച്ചുവെന്നാണ് ശെല്‍വരാജിന്‍റെ പരാതിയില്‍ പറയുന്നത്.
ജയന്തിന്‍റെ ബിരിയാണിക്കടയ്ക്ക് പുറത്ത് സ്ഥാപിച്ച ബാനറാണ് വിവാദമായത്. ഗണപതി ചിക്കന്‍ ബിരിയാണി തിന്നുന്നതായുള്ള ചിത്രമാണ് ബാനറില്‍ ചേര്‍ത്തിരുന്നത്. 'വിനായക ചതുര്‍ഥി പ്രമാണിച്ച് അറബിക് സ്റ്റൈല്‍ 65 ബിരിയാണി 99 രൂപയ്ക്ക്' എന്നതായിരുന്നു ബാനറിലെ വാചകം. ഓഫര്‍ ഞായറും തിങ്കളും മാത്രമേയുണ്ടാകൂവെന്നും ബാനറില്‍ ചേര്‍ത്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ ബാനറിന്‍റെ ചിത്രം പ്രചരിച്ചതിന് പിന്നാലെ പൊലീസിലും പരാതിയെത്തി. തുടര്‍ന്ന് അന്വേഷണ വിധേയമായി ജയന്തിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അതേസമയം, തമിഴ്നാട്ടില്‍ പലയിടങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളോടും പൂജകളോടും കൂടെ വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ നടന്നു. ചെന്നൈയിലെ കപാലീശ്വരര്‍ ക്ഷേത്രത്തില്‍ ഗണപതിഹോമത്തോടെയാണ് ആഘോഷത്തിന് തുടക്കമായത്. നര്‍ത്തന വിനായഗര്‍ വിഗ്രഹത്തെ ആചാരപ്രകാരം അഭിഷേകം ചെയ്ത ശേഷം സ്വര്‍ണകവചം അണിയിച്ചു. മധുരയിലെ മീനാക്ഷി സുന്ദരേശ്വര്‍ ക്ഷേത്രത്തില്‍ ഏഴടി ഉയരത്തിലുള്ള ഗണശ വിഗ്രഹവും സ്ഥാപിച്ചിരുന്നു.