modi-dipke
  • ഒരാഴ്ചക്കിടെ മോദിയുടെ നാലാമത്തെ സെല്‍ഫി വിഡിയോ. രാജ്യമല്ല താങ്കളുടെ ചര്‍മമാണ് തിളങ്ങുന്നതെന്ന് മോദിയോട് അഭിജീത് ദീപ്കെ

രാജ്യത്തിന്റെ ഭാവിയേക്കാള്‍ തിളക്കമുണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖത്തിനെന്ന് പരിഹസിച്ച് കൊക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജീത് ദീപ്കെ. പരീക്ഷാ സംവിധാനം സുതാര്യമാക്കാന്‍ ലക്ഷ്യമിട്ട് പാസാക്കിയ പബ്ലിക് എക്‌സാമിനേഷൻ ഭേദഗതി ബില്ലിനെ പ്രശംസിച്ച പ്രധാനമന്ത്രിയുടെ വിഡിയോക്ക് താഴെയാണ് ദീപ്കെയുടെ കമന്റ്. ദീപ്കെയുടെ കമന്റിന് 37k ലൈക്കും ലഭിച്ചിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കിടെ പ്രധാനമന്ത്രി പങ്കുവയ്ക്കുന്ന നാലാമത്തെ വിഡിയോ ആണിത്. 

ഇത്തവണയും സെല്‍ഫി വിഡിയോയുമായാണ് മോദി സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ‘നിങ്ങളുടെ ചർമത്തിന് രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കമുണ്ട്’ എന്നാണ് ദീപ്കെ കുറിച്ചത്. ഇത് ഏറ്റുപിടിച്ച് സമാനകമന്റുകള്‍ വിഡിയോക്ക് താഴെ വേറെയും കാണാം. പരീക്ഷാ തട്ടിപ്പുതടയല്‍ ബില്‍ ഇരുസഭകളും പാസാക്കിയതിനു പിന്നാലെയാണ് സോഷ്യല്‍മീഡിയയില്‍ മോദി തന്റെ നാലാമത്തെ വിഡിയോ പങ്കുവച്ചത്. ഇതാദ്യമായല്ല ദീപ്കെ മോദിയുടെ സെല്‍ഫി വിഡിയോയെ പരിഹസിച്ച് രംഗത്തെത്തുന്നത്. പ്രധാനമന്ത്രി പദം ഒഴി‍ഞ്ഞ് ഒരു സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ആകുന്നതാണ് നല്ലതെന്ന് കഴിഞ്ഞ ദിവസം ദീപ്കെ പരിഹസിച്ചിരുന്നു.  അതേസമയം സ്കിന്‍ കെയര്‍ രഹസ്യം ചോദിച്ചും, ഉപയോഗിക്കുന്ന ക്ലെന്‍സറിന്റെ പേര് പറയണമെന്ന് ആവശ്യപ്പെട്ടും നിരവധി രസകരമായ കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. 

സിജെപി നേതാക്കള്‍ മാത്രമല്ല പ്രതിപക്ഷവും മോദിയുടെ വിഡിയോയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പുതിയ ആംഗിളുകളിൽ വീഡിയോ എടുത്ത് 'ജെൻ സി' തലമുറയുടെ പിന്തുണ നേടാനാവില്ലെന്നും, മാറ്റേണ്ടത് ക്യാമറയുടെ ആംഗിളല്ല മറിച്ച് മനസിന്റെ നിലപാടാണെന്നും കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധിയും നേരത്തേ പാർലമെന്റിൽ വിമർശിച്ചിരുന്നു.

അതേസമയം ഈ നിയമം വിദ്യാഭ്യാസ രംഗത്ത് നിര്‍ണായകമായ ചുവടുവെപ്പാകുമെന്നാണ് പ്രധാനമന്ത്രി വിഡിയോയില്‍ വ്യക്തമാക്കിയത്. ചോദ്യപേപ്പർ ചോർത്തുന്ന പേപ്പർ മാഫിയയെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. പരീക്ഷാ നടത്തിപ്പിൽ പുതിയ സാങ്കേതികവിദ്യകളും കർശന നിയമങ്ങളും കൊണ്ടുവരുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ബില്‍ പ്രകാരം പരീക്ഷാ തട്ടിപ്പുകളില്‍ പ്രതികളാകുന്നവര്‍ക്ക് കഠിനതടവും വലിയ തുക പിഴയും ശിക്ഷയായി ലഭിക്കും. കേസ് അന്വേഷണങ്ങൾക്ക് കൃത്യമായ സമയപരിധി നിശ്ചയിക്കാനും വേഗത്തിലുള്ള വിചാരണയ്ക്കായി സംസ്ഥാനങ്ങളിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനും ബിൽ നിർദ്ദേശിക്കുന്നുണ്ട്. 

അതേസമയം പുതിയ ഭേദഗതി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെ തടയുകയല്ല, മറിച്ച് തട്ടിപ്പു നടന്ന ശേഷമുള്ള ശിക്ഷാ നടപടികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് സിജെപി കുറ്റപ്പെടുത്തി. നിയമം കൊണ്ടുവരുന്നവരുടെ ഉദ്ദേശ്യശുദ്ധി നന്നായില്ലെങ്കില്‍ കാര്യമില്ലെന്നും പേപ്പർ ചോർച്ച കേസിനായുള്ള ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ആദ്യ വിചാരണ തന്നെ സി.ബി.ഐ അഭിഭാഷകൻ ഹാജരാകാത്തതിനെ തുടർന്ന് മാറ്റിവെക്കേണ്ടി വന്നുവെന്നും ദീപ്കെ കുറ്റപ്പെടുത്തി. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഘടനാപരമായ മാറ്റങ്ങളും പരീക്ഷാ കലണ്ടറിലെ സുതാര്യതയുമാണ് അത്യാവശ്യമായി നടപ്പാക്കേണ്ടതെന്നാണ് സിജെപിയുടെ നിലപാട്. 

ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദങ്ങളെത്തുടര്‍ന്ന് വലിയ തോതിലുള്ള വിദ്യാര്‍ഥി പ്രക്ഷോഭങ്ങളാണ് രാജ്യത്തുടനീളം ഉണ്ടായത്. അഭിജീത് ദീപ്കെയുടെ നേതൃത്വത്തില്‍ രൂപപ്പെട്ട സിജെപിയുടെ മുന്നേറ്റ പ്രതിഷേധങ്ങളെത്തുടര്‍ന്ന് മുൻ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കുകയും പ്രഹ്ലാദ് ജോഷി പുതിയ മന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു. 

Your Skin Glows Brighter Than India's Future": CJP's Abhijeet Dipke Mocks PM Modi Over Selfie Video:

Cockroach Janata Party (CJP) leader Abhijeet Dipke publicly mocked Prime Minister Narendra Modi’s Instagram selfie video about the Public Examinations Amendment Bill, commenting that the PM's skin glows brighter than the country’s future. The viral comment accumulated over 37,000 likes amidst broader opposition criticism, including remarks from Congress MP Priyanka Gandhi targeting the Prime Minister's social media strategy. Although PM Modi defended the newly passed legislation as a stern measure against paper leak mafias through strict penalties and fast-track courts, CJP argued that the law prioritizes post-leak punishment over prevention. Dipke highlighted ongoing judicial delays in paper leak cases and reiterated demands for structural reforms within the National Testing Agency (NTA) along with a transparent examination calendar.