priyanka-gandhi-2
  • പൊതുപരീക്ഷാ നിയമഭേദഗതി ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ കേന്ദ്രത്തോട് ചോദ്യമുയത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കങ്ങളെ പരിഹസിച്ചും ലോക്സഭയില്‍ പ്രിയങ്കാ ഗാന്ധിയുടെ പ്രസംഗം.

പൊതുപരീക്ഷാ നിയമഭേദഗതി ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ കേന്ദ്രത്തോട് ചോദ്യമുയത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കങ്ങളെ പരിഹസിച്ചും ലോക്സഭയില്‍ പ്രിയങ്കാ ഗാന്ധിയുടെ പ്രസംഗം. കുട്ടികള്‍ക്കുനേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കാന്‍ ആരാണ് ഉത്തരവിട്ടത്?, പ്രധാനമന്ത്രി ക്യാമറാ ആംഗിള്‍ മാറ്റിയത് കൊണ്ട് കാര്യമില്ല. ജെന്‍സിയുടെ ഹൃദയം കീഴടക്കാന്‍ മനസിന്‍റെ ആംഗിളാണ് മാറ്റേണ്ടത് എന്നും പ്രിയങ്ക പറഞ്ഞു.

വിദ്യാഭാസ വകുപ്പിന്‍റെ ചുമതലയേറ്റ കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിക്കെതിരെ പ്രിയങ്ക നടത്തിയ പരാമര്‍ശം സഭ‌യെ ബഹളമയമാക്കി. സ്ത്രീകളെ അപമാനിച്ചയാളാണ് പ്രള്‍ഹാദെന്ന് പ്രിയങ്ക. പരാമര്‍ശത്തിനെതിരെ ഭരണപക്ഷം പ്രതിഷേധിച്ചു. തെളിവ് ഹാജരാക്കാമെന്ന് പ്രിയങ്ക പറഞ്ഞപ്പോള്‍, മാപ്പ് പറയണമെന്ന് പ്രള്‍ഹാദ് ജോഷി ആവശ്യപ്പെട്ടു. 

ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം. ബില്‍ കണ്ണില്‍‌ പൊടിയിടാനാണെന്നും സി.ജെ.പി. പ്രതിഷേധത്തിലെ പൊലീസ് നടപടിയില്‍ അമിത് ഷാ വിശദീകരണം നല്‍കണമെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. സുപ്രധാന ബില്ലാണെന്ന് അവകാശപ്പെട്ടിട്ടും ചര്‍ച്ച നടക്കുമ്പോള്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എന്തുകൊണ്ട് സഭയില്‍ എത്തിയില്ലെന്ന് കെ.സി.വേണുഗോപാല്‍ ചോദിച്ചു. 

പ്രധാനമന്ത്രിയെ രക്ഷിക്കാനാണ് ധര്‍മേന്ദ്രപ്രധാന്‍ രാജിവച്ചതെന്ന് എസ്.പി. നേതാവ് അഖിലേഷ് യാദവും കുറ്റപ്പെടുത്തി. പ്രതിപക്ഷത്തുനിന്ന് സംസാരിച്ചവരെല്ലാം സി.ജെ.പി പ്രതിഷേധത്തിലെ പൊലീസ് നടപടി ശക്തമായി ഉയര്‍ത്തി. വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള മോദി സര്‍ക്കാരിന്‍റെ പ്രതിജ്ഞാബദ്ധതയാണ് ബില്‍ എന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.

അതേസമയം, സിജെപി വിദ്യാര്‍ഥി പ്രതിഷേധക്കാര്‍ക്കുനേരെയുള്ള പൊലീസ് നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരില്‍  ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരെ ഉടൻ മോചിപ്പിക്കാൻ ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു.  പൊലീസ് നടപടിക്കെതിരെ പരാതികളുയര്‍ന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളോട് കോടതി മറുപടി തേടി. സ്വതന്ത്ര അന്വേഷണം ആവശ്യമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

സി.ജെ.പിയുടെ പാര്‍ലമെന്‍റ് മാര്‍ച്ചിനും മറ്റു സംസ്ഥാനങ്ങളിലെ പ്രതിഷേധങ്ങള്‍ക്കും നേരെയുണ്ടായ പൊലീസ് അതിക്രമങ്ങളില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍.  അഞ്ച് നിര്‍ദേശങ്ങളോടെയാണ് ഇടക്കാല ഉത്തരവ്.  പ്രതിഷേധങ്ങളുടെ പേരിൽ കസ്റ്റഡിയിലെടുത്തവരില്‍ ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെ ഉടന്‍ വിട്ടയക്കണം.  ഇവര്‍ക്കുനേരെ പൊലീസ് നിര്‍ബന്ധിത നടപടികളെടുക്കരുത്.  പ്രതിഷേധക്കാരുടെ സ്വകാര്യ വിവരങ്ങളും ഡിജിറ്റൽ ഡാറ്റയും സൂക്ഷിക്കണം, അവ പുറത്തുവിടരുത്.  പ്രതിഷേധങ്ങളുടെയും പൊലീസ് നടപടികളുടെയും സിസിടിവി, ഡ്രോണ്‍, ബോഡി ക്യാമറ ദൃശ്യങ്ങളും വയർലെസ്, പിസിആർ കോള്‍ റെക്കോര്‍ഡുകളും സംരക്ഷിക്കണം എന്നിവയാണ് നിര്‍ദേശങ്ങള്‍.  പൊലീസ് നടപടിയിലും കേസുകള്‍ പിന്‍വലിക്കുന്നതിലുമുള്‍പ്പെടെ  മറുപടി തേടി ഡൽഹി, മഹാരാഷ്ട്ര, ബീഹാർ, കേരളം, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാങ്ങള്‍ക്ക് കോടതി നോട്ടീസയച്ചു.  ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് സംരക്ഷണം ബാധകമാകരുതെന്ന് കോടതി വ്യക്തമാക്കി.

പെലറ്റേറ്റ് 19–കാരന്‍റെ കാഴ്ച നഷ്ടപ്പെട്ടു, ‌ഇലക്ട്രിക് ബാറ്റണ്‍ പ്രയോഗം, ലാത്തിച്ചാര്‍ജ്,   ലൈംഗികമായി ഉപദ്രവിച്ചു തുടങ്ങി പൊലീസിനെതിരെയുള്ള പരാതികള്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അക്കമിട്ടുനിരത്തി.  പൊലീസുകാര്‍ ആക്രമിക്കപ്പെട്ടെന്ന ഹര്‍ജികളും മുഖവിലയ്ക്കെടുത്ത കോടതി നീതുയുക്തമായ സമഗ്ര അന്വേഷണം ആവശ്യമെന്ന് നിരീക്ഷിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മറുപടി ലഭിച്ച ശേഷം എസ്‌ഐടി രൂപീകരിക്കുന്നതടക്കം അന്വേഷണത്തില്‍ തീരുമാനമെടുക്കും.  പ്രതിഷേധക്കാര്‍ക്കിടയില്‍കയറിയ കുറ്റവാളികളാണ്  പൊലീസിനെ ആക്രമിച്ചതെന്നും ഏത് അന്വഷണവും അംഗീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.  ഹര്‍ജികള്‍ തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

ENGLISH SUMMARY:

Congress MP Priyanka Gandhi Vadra launched a sharp attack on the Centre during the Lok Sabha debate on the Public Examinations (Amendment) Bill, questioning the government's handling of protests and taking a swipe at Prime Minister Narendra Modi. Priyanka asked who had ordered the use of pellet guns against children during the CJP protests. Referring to the Prime Minister, she remarked that merely changing the camera angle would not help and that "to win Jency's heart, the angle of the mind must change."