New Delhi: Union Home Minister Amit Shah during the Monsoon session of Parliament, in New Delhi, Tuesday, July 21, 2026. (PTI Photo/Shahbaz Khan)(PTI07_21_2026_000137B)

New Delhi: Union Home Minister Amit Shah during the Monsoon session of Parliament, in New Delhi, Tuesday, July 21, 2026. (PTI Photo/Shahbaz Khan)(PTI07_21_2026_000137B)

  • രാജ്യത്തെ യുവാക്കളുടെ വികാരത്തെ മോദി സര്‍ക്കാര്‍ മാനിക്കുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആവശ്യമായ നടപടികളും തടയാന്‍ ആവശ്യമായ പരിഷ്കാരങ്ങളും കൊണ്ടുവരും

രാജ്യവും യുവതലമുറയുമാണ് ബിജെപിക്ക് പ്രധാനമെന്ന്  ആഭ്യന്തര മന്ത്രി അമിത് ഷാ. പദവികള്‍ക്കപ്പുറം രാജ്യവും രാജ്യത്തെ  യുവജനങ്ങളും വിദ്യാർത്ഥികളുമാണ് ബിജെപിക്ക് പ്രധാനമെന്നും സമൂഹമാധ്യമത്തില്‍ അമിത് ഷാ കുറിച്ചു. നിര്‍മല സീതാരാമനും പീയുഷ് ഗോയലുമായി ചേര്‍ന്ന് ധര്‍മേന്ദ്ര പ്രധാനെ വീട്ടിലെത്തി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് അമിത്ഷായുടെ കുറിപ്പ്. 

 'ബിജെപി പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം നമ്മുടെ യുവാക്കള്‍, നമ്മുടെ വിദ്യാര്‍ഥികള്‍ എന്നിവരാണ് ഏതുപദവിയിലും വലിയത്. കേന്ദ്രവിദ്യാഭ്യാസ മന്ത്രിയായിരുന്ന ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ഇക്കാര്യത്തെ തെളിയിക്കുന്നു. രാജ്യത്തെ യുവാക്കളുടെ വികാരത്തെ മോദി സര്‍ക്കാര്‍ മാനിക്കുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആവശ്യമായ നടപടികളും തടയാന്‍ ആവശ്യമായ പരിഷ്കാരങ്ങളും കൊണ്ടുവരും. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് ഉത്തരവാദികളായവര്‍ക്ക് ശിക്ഷ ഉറപ്പാക്കാനുള്ള തീരുമാനം മോദിയുടേതാണ്. അതിനായി സ്വീകരിച്ച നടപടികള്‍ വിദ്യാര്‍ഥികള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്'- അമിത് ഷായുടെ എക്സ് കുറിപ്പില്‍ പറയുന്നു. 

തന്‍റെ കാലയളവില്‍, ദേശീയ വിദ്യാഭ്യാസ നയം, പരീക്ഷകള്‍ മാതൃഭാഷയിലാക്കല്‍, സ്കൂളുകളിലെ പിഎം ശ്രീ, ഡിജിറ്റല്‍ വിദ്യാഭ്യാസം, നൈപുണ്യ വികസനം തുടങ്ങി സുപ്രധാന വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ ധര്‍മേന്ദ്ര പ്രധാന്‍ നടത്തിയെന്നും അമിത് ഷാ പ്രശംസിച്ചു. അദ്ദേഹത്തിന്‍റെ സമര്‍പ്പണം വികസിത രാജ്യത്തിലേക്കുള്ള യാത്രയില്‍ പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ 35 ദിവസം നീണ്ട വിദ്യാര്‍ഥി സമരത്തിനൊടുവിലാണ് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇന്നലെ രാജിവച്ചത്. മണിക്കൂറുകള്‍ക്കകം മുതിര്‍ന്ന ബിജെപി നേതാവ് പ്രള്‍ഹാദ് ജോഷിക്ക് കേന്ദ്ര സര്‍ക്കാര്‍ ചുമതലയും കൈമാറി. വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കുകയും ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടപടി ഉറപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കുകയും ചെയ്തതോടെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. 

ENGLISH SUMMARY:

Union Home Minister Amit Shah praised former Education Minister Dharmendra Pradhan's resignation following the NEET question paper leak controversy. Shah emphasized that the Modi government prioritizes the nation's youth and students above any political position. He highlighted Pradhan's major educational reforms during his tenure, including the National Education Policy and digital learning initiatives. Following 35 days of student protests, Pralhad Joshi was swiftly appointed to take over the central education portfolio. The government reiterated its commitment to implementing stringent reforms and ensuring strict punishment for paper leak culprits. Student organizations subsequently called off their demonstrations following the ministerial resignation and promised government actions.