suryakant-cjp-protest
  • ധര്‍മേന്ദ്രപ്രധാനെ പുറത്താക്കിയ സി.ജെ.പിയുടെ പിറവിക്ക് വഴിയൊരുക്കിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് നന്ദി പറഞ്ഞ് സോഷ്യല്‍മീഡിയ.

ധര്‍മേന്ദ്രപ്രധാനെ പുറത്താക്കിയ സി.ജെ.പിയുടെ പിറവിക്ക് വഴിയൊരുക്കിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോടുള്ള നന്ദിപ്രകടനം സോഷ്യല്‍മീഡിയയില്‍ തരംഗമാകുകയാണ്. താങ്ക്സ് മൈ ലോര്‍ഡ്, താങ്കളോടാണ് രാജ്യം ഇന്ന് ഏറ്റവും കടപ്പെട്ടിരിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്ന സര്‍ക്കാസം. ഒരിക്കലും ഇളകാത്ത മോദി സര്‍ക്കാരിലെ ഒരു മന്ത്രിയെ തന്നെ രാജിവയ്പിച്ച സി.ജെ.പിയുടെ കാരണഭൂതനായ താങ്കളോട് ഇന്ത്യന്‍ ജനത എന്നേയ്ക്കും കടപ്പെട്ടിരിക്കുമെന്നു വരെ കുറിച്ചിരിക്കുന്നു ആളുകള്‍.

ഈ വര്‍ഷം മേയ് പകുതിയില്‍ സുപ്രീംകോടതിയില്‍ നടന്ന വാദത്തിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ഒരു പരാമര്‍ശമാണ് സി.ജെ.പിയുടെ പിറവിയിലേക്കും ഇന്നീ കണ്ട സമരങ്ങളിലേക്കുമെല്ലാം എത്തിച്ചതെന്നോര്‍ത്താണ് ചീഫ് ജസ്റ്റിസിനുള്ള നന്ദി പ്രകടനം. അന്ന് യുവാക്കളെ,  തൊഴിലില്ലാതെ അലസരായി അസ്വസ്ഥതയുണ്ടാക്കുന്ന പാറ്റകള്‍ എന്നു വിളിച്ച ചീഫ് ജസ്റ്റിസാണ് പാറ്റപാര്‍ട്ടിക്ക് വിത്തു വിതച്ചതെന്നു ചൂണ്ടിക്കാട്ടിയാണ് ട്രോളുകള്‍. പക്ഷേ താന്‍ അന്നു നടത്തിയ പരാമര്‍ശം വളച്ചൊടിച്ചതാണെന്ന് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിമര്‍ശിച്ചിരുന്നു.

വ്യാജബിരുദം നേടിയ അഭിഭാഷകരെക്കുറിച്ചാണ് അങ്ങനെ പറഞ്ഞതെന്നും തെറ്റായി വ്യാഖ്യാനിച്ച് തന്നെ അവഹേളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ മേയില്‍ നടത്തിയ പരാമര്‍ശത്തില്‍ പാറ്റ പാര്‍ട്ടിയും രൂപമെടുത്ത്, നാടൊട്ടുക്കും പിന്തുണയുമായി, പാര്‍ലമെന്റിനെയും മോദി സര്‍ക്കാരിനെയും വിറപ്പിച്ച സമരത്തിനും ശേഷമാണോ വിശദീകരണം എന്ന ചോദ്യവുമായാണ് പാറ്റകള്‍ ഈ പരാമര്‍ശത്തെ സ്വീകരിച്ചത്. എന്തായാലും പാറ്റ എന്ന ചീഫ്ജസ്റ്റിസിന്റെ പ്രയോഗത്തില്‍ നിന്നാണ് പാറ്റ പാര്‍ട്ടി ഉണ്ടായതെന്നതില്‍ അഭിമാനിക്കാനും ആഹ്ലാദിക്കാനും പറ്റാത്ത അവസ്ഥയിലാണ് നിയമരംഗം. ഇനിയതൊന്നും ഓര്‍മിപ്പിക്കരുതെന്ന മാനസികാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് നന്ദി മൈ ലോര്‍ഡ് എന്ന കുന്തമുനയുമായി ജന്‍ സീ വീണ്ടുമെത്തുന്നത്.

ENGLISH SUMMARY:

This satirical social media trend highlights the ironic gratitude expressed by Indian youth toward Chief Justice Surya Kant, whose past remarks inadvertently fueled the rise of the Cockroach Janata Party (CJP). During court proceedings in May, the Chief Justice's reference to restless youth as "cockroaches" sparked massive outrage, eventually leading to widespread protests and the historic resignation of Union Minister Dharmendra Pradhan. Although the Chief Justice recently clarified that his comments were misinterpreted and originally directed at lawyers with fake degrees, the public continues to attribute the CJP's formation and its successful agitation to his initial remark. Consequently, internet users and Gen-Z activists are flooding social media with sarcastic "Thanks My Lord" tributes, creating an uncomfortable scenario for the legal establishment.