rahul

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ഇന്നലെ കോൺഗ്രസ് നടത്തിയത് തീര്‍ത്തും അപ്രതീക്ഷിതമായൊരു നീക്കമായിരുന്നു. രാഹുൽ ഗാന്ധി പ്ലാൻ ചെയ്ത ആ സീക്രട്ട് ഓപ്പറേഷൻ കേന്ദ്ര സർക്കാരും പൊലീസ് സേനയും മാത്രമല്ല, ഒപ്പമുണ്ടായിരുന്ന 25 ഓളം കോൺഗ്രസ് എംപിമാരും അറിഞ്ഞില്ല. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ ധർണ നടത്താനുള്ള പദ്ധതി അതീവ രഹസ്യമായിരുന്നു. 

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ജന്മദിന ആഘോഷത്തിനായി അദ്ദേഹത്തിന്റെ വസതിയായ 10 രാജാജി മാർഗിൽ എത്തണമെന്ന് ആയിരുന്നു രാഹുൽ എംപിമാരെ വാട്സാപ് സന്ദേശത്തിൽ അറിയിച്ചത്. പ്രധാനമന്ത്രിയുടെ വസതിയിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയാണ് ഖർഗെയുടെ വസതി. എംപിമാരെത്തി ഖർഗെയ്ക്ക് ആശംസ നേര്‍ന്നതിന് പിന്നാലെ 'നാം മാർച്ച് ചെയ്യുകയാണെന്ന്' രാഹുൽ പ്രഖ്യാപിച്ചു. രാഹുലും പ്രിയങ്കയും മുന്നിൽ നടന്നു. പിന്തുടർന്ന് എംപിമാരും.

പ്രധാനമന്ത്രിയുടെ വസതിയിൽ എത്തുന്നതുവരെ അവിടേക്കാണ് മാർച്ചെന്നു പലർക്കും മനസിലായില്ല. കോൺഗ്രസ് നേതാക്കളുടെ  അപ്രതീക്ഷിത വരവ് കണ്ട് പൊലീസും ഞെട്ടി. ഖർഗെയോടും പ്രിയങ്കയോടും കെ.സി. വേണുഗോപാലിനോടും മാത്രമേ രാഹുൽ പദ്ധതി വിശദീകരിച്ചിരുന്നുള്ളൂ. പ്രതിഷേധവും സമരവും രഹസ്യമായി സൂക്ഷിക്കാനും പൊലീസിനെയോ സർക്കാരിനെയോ അറിയിക്കാതിരിക്കാനുമാണ് എംപിമാരിൽ നിന്ന് പോലും നേതൃത്വം ഇത് മറച്ചുവെച്ചത്. 

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കുത്തിയിരുന്ന നേതാക്കൾ, സ്വാതന്ത്ര്യം ഇല്ലാതാകുന്നുവെന്നു വ്യക്തമാക്കി കൈകൾ കെട്ടിയാണ് പ്രതിഷേധിച്ചത്. ഇതോടെ, പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള എല്ലാവഴികളും പൊലീസ് അടച്ചു. കൂടുതൽ കോൺഗ്രസ് പ്രവർത്തകർ ഇവിടേക്ക് എത്തുന്നത് തടയാനായിരുന്നു ഈ നടപടി. പിന്നാലെ രാഹുലും പ്രിയങ്കയും അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത്കൊണ്ടുപോകുന്നതിനും തലസ്ഥാനം സാക്ഷ്യം വഹിച്ചു. 

പിന്നാലെ കോണ്‍ഗ്രസിന്റെ ധര്‍ണ രാജ്യതലസ്ഥാനത്തെ സംഘര്‍ഷഭരിതമാക്കി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമടക്കം മുതിര്‍ന്ന നേതാക്കളെ പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു. രാഹുലിനെ റോഡിലൂടെ വലിച്ചിഴച്ചു. ഉന്തിലും തള്ളിലും നിലത്തു വീണ കെ.സി വേണുഗോപാലിനും പരിക്കേറ്റു. 

ENGLISH SUMMARY:

Congress orchestrated a surprise protest at the Prime Minister's residence, a secret operation planned by Rahul Gandhi that even surprised many of his own MPs and the authorities. The unexpected demonstration, intended to coincide with Mallikarjun Kharge's birthday, led to a strong police response and the arrest of key Congress leaders.