തിരഞ്ഞെടുപ്പ് റാലിക്കിടെ കരൂരിലുണ്ടായ ദുരന്തത്തില്‍ പൊലീസിനെയും ഡിഎംകെയെയും രൂക്ഷമായി വിമര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്.  2025 സെപ്റ്റംബറിലുണ്ടായ ദുരന്തത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടിരുന്നു. ദുരന്തത്തിന് ശേഷം ആദ്യമായി കരൂര്‍ ജില്ലയിലെത്തിയ വിജയ് ജനങ്ങളോട് മനസ് തുറക്കുകയായിരുന്നു. കരൂരിലേക്ക് താന്‍ വരുന്നതും റാലിയുടെ വിവരങ്ങളും പൊലീസിന് കൃത്യമായി കൈമാറിയിരുന്നുവെന്നും പൊലീസിനെ വിശ്വസിച്ചാണ് റാലിയുമായി മുന്നോട്ട് പോയതെന്നും വിജയ് പറയുന്നു. ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നിമിഷങ്ങളാണ് അതെന്നും അതിപ്പോഴും തന്നെ വേട്ടയാടുന്നുവെന്നും വിജയ് വെളിപ്പെടുത്തി.

'വിജയം എത്രതന്നെ ആളുകള്‍ ആസ്വദിച്ചാലും ചില സംഭവങ്ങള്‍ മായാതെ മനസില്‍ തറഞ്ഞ് നില്‍ക്കും. അന്ന് ഞാന്‍ കരൂരിലേക്ക് കടക്കുമ്പോള്‍ സുരക്ഷാ പ്രശ്നമുണ്ടായിരുന്നുവെങ്കില്‍ പൊലീസിന് എന്നെ തടയാമായിരുന്നു. അല്ലേ? അവര്‍ക്ക് കരൂരിലെ സ്ഥിതിയെ കുറിച്ച് എന്നോട് പറയാമായിരുന്നു. നിയന്ത്രണാതീതമാണ് കാര്യങ്ങളെന്ന് വ്യക്തമാക്കാമായിരുന്നു. ആ പരിപാടി റദ്ദാക്കാന്‍ അവര്‍ക്ക് എല്ലാ അവകാശവുമുണ്ടായിരുന്നു. പക്ഷേ അവരത് ചെയ്തില്ല. പകരം എന്നെ അവിടേക്ക് എത്തിച്ചു. അവരെ ഞാന്‍ പൂര്‍ണമായും വിശ്വസിച്ചു. യോഗത്തില്‍ ഞാന്‍ അവര്‍ക്ക് നന്ദി വരെ പറഞ്ഞതാണ്. പക്ഷേ ഉള്ളിലൊളിപ്പിച്ച നാടകത്തെ കുറിച്ച്, ചതിയെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ആരാണ് ശരിക്കും അതിനുത്തരവാദികള്‍? ആരാണ് അതിന് പദ്ധതിയിട്ടത്?' -  വിജയ് ചോദ്യമുയര്‍ത്തി. 

നിഷ്കളങ്കരായ മനുഷ്യരാണ്  മരിച്ചുപോയതെന്നും ആ വേദനയില്‍ ഉരുകി ഒന്നും മിണ്ടാന്‍ കഴിയാതെ ഇരുന്നപ്പോള്‍ താന്‍ ഒളിച്ചിരുന്നുവെന്നും ഭീരുവാണെന്നും ആളുകള്‍ കുറ്റപ്പെടുത്തിയെന്നും വിജയ് പറഞ്ഞു. ഡിഎംകെയും പൊലീസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കരൂരില്‍ ദുരന്തമുണ്ടാക്കിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും  വിജയ് ആരോപിച്ചു. 'മതിയായ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിരുന്നോ? എല്ലാവരും എന്നെ കുറ്റപ്പെടുത്തി. സ്റ്റാലിന്‍ രാഷ്ട്രീയവും കളിച്ചു'- അദ്ദേഹം തുറന്നടിച്ചു. 

അതേസമയം, കരൂര്‍ ദുരന്തത്തില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന വിജയ്​യുടെ പ്രഖ്യാപനം രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. നിലവില്‍ നടക്കുന്ന അന്വേഷണങ്ങളെ സ്വാധീനിക്കാനുള്ള നടപടിയാണ് വിജയുടേതെന്നാണ് ഡിഎംെകയുടെ ആരോപണം.

ENGLISH SUMMARY:

Tamil Nadu Chief Minister Vijay recently visited Karur for the first time since the tragic 2025 rally incident that claimed 41 lives. During his visit, he leveled sharp criticisms against both the police and the DMK, alleging that the tragedy was the result of a calculated conspiracy. Vijay claimed that he had provided the police with all rally details and trusted their security arrangements, asserting that they could have canceled the event if the situation was unsafe. He expressed deep personal anguish over the loss of innocent lives and hit back at critics who had previously labeled him a coward for his silence following the event. Furthermore, Vijay accused DMK leader Stalin of playing politics with the tragedy rather than ensuring proper police deployment. His recent announcement to provide government jobs to the victims' dependents has since sparked further political controversy, with the DMK accusing him of attempting to influence ongoing investigations.