Image credit: X/mieknathshinde/status
മഹാരാഷ്ട്ര രാഷ്ട്രീയം വീണ്ടും നിര്‍ണായക വഴിത്തിരിവിലെന്ന് സൂചന. എന്‍സിപി (എസ്പി) വിഭാഗം അധ്യക്ഷന്‍ ശരദ്പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുമായി കൂടിക്കാഴ്ച നടത്തിയതാണ് അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കിയത്. പ്രതിപക്ഷ ഐക്യനിരയായ മഹാ വികാസ് അഘാഡി പൂര്‍ണമായും തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്ന വ്യക്തമായ സൂചനയായാണ് പവാറിന്‍റെ നീക്കത്തെ വിലയിരുത്തുന്നത്.
മഹാരാഷ്ട്ര–കര്‍ണാടക അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച ഉന്നതതല സമിതിയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശരദ് പവാര്‍. യോഗം കഴിഞ്ഞതിന് പിന്നാലെ പവാര്‍ നേരെ ഷിന്‍ഡെയുടെ ചേംബറിലെത്തി. മുതിര്‍ന്ന നേതാക്കളായ ജയന്ത് പാട്ടീലും ജിതേന്ദ്ര അഹ്‌വാദും ശശികാന്ത് ഷിന്‍ഡെയും ഒപ്പമുണ്ടായിരുന്നു. മന്ത്രിസഭായോഗം ചേരുന്നതിനിടെയാണ് ശരദ് പവാറെത്തിയത്. ഉടന്‍ യോഗം നിര്‍ത്തി വച്ച് ഷിന്‍ഡെ ശരദ് പവാറിനെ സ്വീകരിക്കാനെത്തി. പൊന്നാടയും ബൊക്കെ നല്‍കിയാണ് ശരദ് പവാറിനെ വരവേറ്റതെന്നും ഷിന്‍ഡെയുടെ ഓഫിസ് അറിയിച്ചു. കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ ശരദ് പവാര്‍ തയാറായില്ല. തീര്‍ത്തും ഔപചാരിക കൂടിക്കാഴ്ചയായിരുന്നുവെന്നാണ് ഷിന്‍ഡെയുടെ ഓഫിസിന്‍റെ വിശദീകരണം. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെ കാണാതെ ഷിന്‍ഡെയെ കണ്ട പവാറിന്‍റെ നടപടിയും വലിയ ചര്‍ച്ചയായിട്ടുണ്ട്. ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡെ ക്യാംപിലേക്ക് മാറിയതിന് പിന്നാലെ കോണ്‍ഗ്രസും എന്‍സിപി (എസ്പി)യും ശിവസേനയും അടക്കമുള്ള സഖ്യം ഉലഞ്ഞിരുന്നു. എന്‍സിപി കൂടി സഖ്യം വിട്ടേക്കുമെന്നതിന്‍റെ സൂചനയായി പുതിയ നീക്കത്തെ വ്യാഖ്യാനിക്കുന്നവരുണ്ട്.
എന്‍സിപി ശരദ് പവാര്‍ പക്ഷം കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും പാര്‍ട്ടിക്കുള്ളില്‍ നടത്തിയ വോട്ടെടുപ്പില്‍ എന്‍ഡിഎയ്ക്കൊപ്പം ചേരുന്നതിനെയാണ് കൂടുതല്‍ നേതാക്കള്‍ പിന്തുണച്ചത്. മഹാരാഷ്ട്ര മന്ത്രിസഭയില്‍ ഒന്നും കേന്ദ്രമന്ത്രിസഭയില്‍ ഒന്നും മന്ത്രിസ്ഥാനം ലഭിച്ചാല്‍ എന്‍ഡിഎയ്ക്കൊപ്പം ചേരാമെന്ന അഭിപ്രായമാണ് ഭൂരിഭാഗം എംപിമാരും എംഎല്‍എമാരും പ്രകടിപ്പിച്ചത്. രണ്ട് എംഎല്‍എമാരും രണ്ട് എംപിമാരും മാത്രമാണ് കോണ്‍ഗ്രസില്‍ ലയിക്കുന്നതിനെ പിന്തുണച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. എട്ട് ലോക്സഭ എംപിമാരും ഒരു രാജ്യസഭാ എംപിക്കും പുറമെ പത്ത് എംഎല്‍എമാരും ശരദ്പവാര്‍ പക്ഷത്തിനുണ്ട്. അജിത് പവാറിന്‍റെ എന്‍സിപിക്കൊപ്പം ലയിച്ച് എന്‍ഡിഎയില്‍ ചേരുകയാണെങ്കില്‍ ബിജെപിയുമായി നേരിട്ട് വിലപേശല്‍ സാധ്യമാകുമെന്നാണ് ശരദ് പവാര്‍ വിഭാഗത്തിന്‍റെ പ്രതീക്ഷ.