അയോധ്യ ക്ഷേത്ര സംഭാവനക്കൊളളയില്‍ ഉള്‍പ്പെട്ടവരെ പരസ്യമായി തള്ളി ആര്‍എസ്എസ് രംഗത്തെത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിശബ്ദത അമ്പരപ്പിക്കുന്നതെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ്. സുപ്രീംകോടതി മേല്‍നോട്ടത്തിലുള്ള സമിതിയുടെ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. രാമക്ഷേത്ര വിഷയം പറഞ്ഞ് അധികാരത്തിലെത്തിയ മോദി, അയോധ്യ ക്ഷേത്ര നിര്‍മാണത്തില്‍ നടന്ന വലിയ അഴിമതി കണ്ടില്ലെന്ന് വയ്ക്കുന്നത് ഇന്ത്യന്‍ ജനതയോട് കാണിക്കുന്ന നെറികേടെന്നാണ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആരോപിക്കുന്നത്. 

അതേസമയം ക്ഷേത്ര ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്, മുൻ ട്രസ്റ്റി അനിൽ മിശ്ര, അഡ്മിനിസ്ട്രേറ്റർ ഗോപാൽ റാവു എന്നിവർക്കെതിരെ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് ഫൈസാബാദ് ബാർ അസോസിയേഷൻ അയോധ്യ പോലീസിന് പരാതി നൽകി. കേസിൽ പുതിയ വസ്തുതകൾ പുറത്തുവന്നിട്ടുണ്ടെന്ന് അവകാശപ്പെട്ട് പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

അയോധ്യ ക്ഷേത്ര സംഭാവനക്കൊളളയില്‍ ഉള്‍പ്പെട്ടവരെ പരസ്യമായി തന്നെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഇതോടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, വിഷയത്തില്‍ നടപടി കടുപ്പിച്ചേക്കുമെന്ന സൂചനകളാണ് വരുന്നത്. ആരോപണമുയർന്ന് ദിവസങ്ങൾക്കകം എസ്ഐടിയെ അന്വേഷണത്തിന് നിയോഗിച്ച മുഖ്യമന്ത്രി യോഗി തുടക്കം മുതൽ ശക്തമായ നിലപാടാണു സ്വീകരിച്ചത്. ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ നടപടികളോടുള്ള യോഗിയുടെ വിയോജിപ്പ് ഈ നീക്കങ്ങളിൽ വ്യക്തമായിരുന്നു. 

അതേസമയം മോദിയുമായി ഏറെ അടുപ്പമുള്ളവരാണു ട്രസ്റ്റിലുള്ളത്. വിശ്വഹിന്ദു പരിഷത്തിന്റെ രാജ്യാന്തര വൈസ് പ്രസിഡന്റായ ചമ്പത് റായ് ആയിരുന്നു ജനറൽ സെക്രട്ടറി. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കുമ്പോൾ മുഖ്യയജമാനന്റെ ചുമതലയിലുണ്ടായിരുന്നത് ട്രസ്റ്റ് അംഗം അനിൽ മിശ്രയായിരുന്നു. ആരോപണ നിഴലിലായ ഇരുവരും ട്രസ്റ്റിൽ നിന്നു രാജിവച്ചു. ആരോപണ നിഴലിലായ ഇരുവരും ട്രസ്റ്റിൽ നിന്നു രാജിവച്ചു. അറസ്റ്റിലായിട്ടില്ലെങ്കിലും ഏതു നിമിഷവും അതുണ്ടാകാം. 

മോദിയും യോഗിയും തമ്മിലുള്ള ശീതയുദ്ധത്തിന്റെ തുടര്‍ച്ചയാണിതെന്ന രീതിയിലാണ് വിലയിരുത്തപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ രാഷ്ട്രീയത്തിലും ക്ഷേത്രകാര്യങ്ങളിലും യോഗിയുടെ അഭിപ്രായം മാനിച്ചല്ല മോദി നീങ്ങിയതെന്നൊരു ആക്ഷേപം നേരത്തേ ഉയര്‍ന്നുവന്നിരുന്നു. ഈ ട്രസ്റ്റ് രൂപീകരിച്ചതു മുതൽ ഉത്തർപ്രദേശ് സർക്കാരിനു കാര്യമായ പങ്കാളിത്തമുണ്ടായിരുന്നില്ല. പ്രധാനമന്ത്രി മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ നൃപേന്ദ്ര മിശ്രയായിരുന്നു രാമക്ഷേത്ര നിർമാണ സമിതിയുടെ ചുമതലക്കാരൻ. ക്ഷേത്രത്തിന്റെ നിലവിലെ ഭരണസംവിധാനങ്ങളും ആയിരത്തിലേറെ ജീവനക്കാരുടെ നിയമനങ്ങളുമെല്ലാം നടത്തിയതും ട്രസ്റ്റിന്റെ മേൽനോട്ടത്തിലായിരുന്നു.

രാമക്ഷേത്രം യാഥാർഥ്യമായത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ വലിയ നേട്ടമുണ്ടാക്കാൻ ബിജെപിയെ സഹായിക്കുമെന്നു പ്രധാനമന്ത്രി പ്രതീക്ഷിച്ചിരുന്നു. നാനൂറിനു മുകളിൽ സീറ്റുകൾ നേടുമെന്നു പ്രഖ്യാപിച്ച് പ്രചാരണം നയിക്കാൻ പ്രധാനമന്ത്രി തയാറായതും അതുകൊണ്ടുതന്നെ. എന്നാൽ, കനത്ത തിരിച്ചടിയാണ് ഉത്തർപ്രദേശിൽ നിന്നുണ്ടായത്. 2019 ൽ ഉത്തർപ്രദേശിലെ 80 സീറ്റിൽ 71ലും ജയിച്ച ബിജെപിക്ക് 2024ല്‍ ലഭിച്ചത് 36 സീറ്റുകൾ മാത്രം. അയോധ്യ ഉൾപ്പെടുന്ന സീറ്റും നഷ്ടമായി. യോഗി ആദിത്യനാഥിന്റെ അഭിപ്രായങ്ങൾ മുഖവിലയ്ക്കെടുക്കാതെ സ്ഥാനാർഥി നിർണയം നടത്തിയതാണു തിരിച്ചടിക്കു കാരണമെന്ന് അന്നുതന്നെ വിലയിരുത്തലുണ്ടായിരുന്നു.

അടുത്ത വർഷമാദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനമാണ് ഉത്തർപ്രദേശ്. ആരോപണങ്ങൾ ഈ സമയത്തു പുറത്തുവരുന്നത് ഗുണകരമാവില്ലെന്ന് ബിജെപിക്കും സംഘപരിവാറിനും അറിയാം. എന്നിട്ടും നൃപേന്ദ്ര മിശ്ര ഉൾപ്പെടെയുള്ളവർ സംഭാവനക്കൊള്ളയെക്കുറിച്ച് തുറന്നു പറയാൻ ഈ സമയം തിരഞ്ഞെടുത്തത് യോഗിയെ പ്രതിസന്ധിയിലാക്കാൻ ലക്ഷ്യമിട്ടാണെന്നു വിശ്വസിക്കുന്നവരുമുണ്ട്. എന്നാൽ, പഴുതടച്ച അന്വേഷണത്തിലൂടെ പ്രധാനമന്ത്രിയുമായി അടുപ്പമുള്ളവർ ഉൾപ്പെടെ കുറ്റക്കാരെയെല്ലാം പൂട്ടാനാണ് യോഗി മറുനീക്കം നടത്തുന്നത്. 

Ayodhya Temple Donation Scam Sparks Political Firestorm:

The Ayodhya temple donation scam has led to political turmoil, with the Congress party demanding a Supreme Court-monitored investigation into alleged corruption and Prime Minister Modi's silence being a point of contention. Meanwhile, the Uttar Pradesh government, under Yogi Adityanath, has taken a strong stance, indicating further action against those involved in the financial irregularities.