vijay

വിജയ്‍ സര്‍ക്കാറിനെതിരെ താഴെയിറക്കാന്‍ കുതിരക്കച്ചവടത്തിന് ശ്രമിച്ച മൂന്നു പേരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. സ്പീക്കർക്കെതിരെയുള്ള പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യാന്‍ 35 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ടിവികെ എം.എൽ.എ എൻ. ഇളയരാജയുടെ പരാതിയിലാണ് നടപടി. ഗൂഢാലോചനയ്ക്ക് പിന്നില്‍ മുന്‍ മന്ത്രിയും ഡിഎംകെ എംഎല്‍എയുമായ വി. സെന്തില്‍ ബാലാജിയും സഹോദരന്‍ വി. അശോക് കുമാറും ആണെന്നും പൊലീസ് വ്യക്തമാക്കി. സർക്കാരിനെ താഴെയിറക്കുന്നതിനായി 15 ടിവികെ എംഎൽഎമാരെ ഒരേസമയം രാജിവെയ്പ്പിക്കാന്‍ ഗൂഢാലോചന നടന്നു എന്നാണ് വിവരം. 

ജൂണ്‍ 29 തിനാണ് ഉത്തംഗറൈയില്‍ നിന്നുള്ള ടിവികെ എംഎല്‍എ ഇളയരാജ ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുന്നത്. അഭിപ്രായ സര്‍വെ നടത്തുന്ന കമ്പനിയായ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ഡെമോക്രാറ്റിക് സ്ട്രാറ്റജിയുടെ ചീഫ് എന്ന് പരിചയപ്പെടുത്തി തിരുനാവുക്കരശു എന്നയാളാണ് ഇളയരാജയെ ബന്ധപ്പെട്ടത്. ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടി നേതാവിന് വേണ്ടിയാണ് വിളിക്കുന്നതെന്നും ഇയാള്‍ പരിചയപ്പെടുത്തി.

സഭയില്‍ സ്പീക്കര്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കുമെന്നും അതിന് അനുകൂലമായി വോട്ട് ചെയ്യണമെന്നുമായിരുന്നു ആവശ്യം. 35 കോടി രൂപയാണ് ഇതിനായി ഇളയരാജയ്ക്ക് വാഗ്ദാനം ചെയ്തത്. വാഗ്ദാനം നിരസിച്ച് ഇനി തന്നെ വിളിക്കരുതെന്നാണ് ഇളയരാജ ആവശ്യപ്പെട്ടത്. ഇതോടെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. വിളിച്ച കാര്യം പുറത്തുപറഞ്ഞാല്‍ തനിക്കും കുടുംബത്തിനും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുെമന്നാണ് ഫോണ്‍ ചെയ്തയാള്‍ ഭീഷണിപ്പെടുത്തിയതെന്ന് ഇളയരാജ വ്യക്തമാക്കി. 

ഡിഎംകെ ബന്ധം

കേസില്‍ അറസ്റ്റിലായ ട്രിച്ചി സ്വദേശി നരേഷാണ് ഡിഎംകെ നേതാക്കളുമായി ബന്ധപ്പെട്ടത്. കോയമ്പത്തൂര്‍ സൗത്ത് എംഎല്‍എയും മുന്‍ മന്ത്രിയുമായ സെന്തില്‍ ബാലാജിയുടെ സഹോദരനായ വി. അശോക് കുമാറിനെ ചെന്നൈയില്‍ വച്ച് നരേഷ് കണ്ടിരുന്നു. പിന്നീട് സെന്തില്‍ ബാലാജിയുടെയും അശോകിന്‍റെയും നിര്‍ദ്ദേശ പ്രകാരമാണ് തിരുനാവുക്കരശു ഇളയരാജയെ ഫോണില്‍ വിളിച്ചത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.  

പിന്നില്‍ കരൂര്‍ ഗ്യാങ്

ടി.വി.കെ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിനും ഉദയനിധി സ്റ്റാലിനും ഇത്രയധികം ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് വൈദ്യുതി മന്ത്രി ആർ. നിർമ്മൽ കുമാർ ചോദിച്ചു. ഇളയരാജയെ മാത്രമല്ല, നിരവധി ടി.വി.കെ എംഎൽഎമാരെയും പ്രതികൾ സമീപിച്ചിരുന്നുവെന്നും 50 കോടി രൂപ വരെ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ടവരാണ് ഈ വിഷയത്തില്‍ ഇടപെട്ടത്. കരൂര്‍ ഗ്യാങില്‍ നിന്നുള്ളവരാണ് പിന്നില്‍. സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ നിയമനടപടിയെടുക്കണമെന്നും നിര്‍മ്മല്‍ കു‌മാര്‍ ആവശ്യപ്പെട്ടു. 

തിരിച്ചടിച്ച് ഡിഎംകെ

തങ്ങളുടെ എംഎല്‍എമാരെ രാജിവെയ്പ്പിക്കാന്‍ വിജയ് ശ്രമിക്കുന്നുവെന്നാണ് ഡിഎംകെയുടെ ആരോപണം. രണ്ട് എംഎല്‍എമാരെ രാജിവയ്ക്കാൻ പ്രേരിപ്പിച്ചെന്ന് ആരോപിച്ച് ഡിഎംകെ ഓർഗനൈസിംഗ് സെക്രട്ടറി ആർ.എസ് ഭാരതി ഗവർണർ ആർ.വി അർലേക്കറിന് പരാതി നൽകി. ഡിഎംകെയുടെ ഉദയസൂര്യൻ ചിഹ്നത്തിൽ മത്സരിച്ച എംഡിഎംകെയിൽ നിന്നുള്ളവരായിരുന്നു രണ്ട് എംഎൽഎമാരും. ഡിഎംകെ മുന്നണി വിട്ട് വിജയ് സര്‍ക്കാറിന് പിന്തുണ നല്‍കുകയാണ് എംഡിഎംകെ. രാജിവച്ചാല്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാണെന്ന് വിജയ് ഉറപ്പു നല്‍കിയിരുന്നു എന്ന് പാര്‍ട്ടി ചെയര്‍മാന്‍ വൈക്കോ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഡിഎംകെയുടെ പരാതി. 

ENGLISH SUMMARY:

The Tamil Nadu Police have arrested three individuals for attempting to horse-trade and topple the Actor Vijay-led TVK government. The action follows a complaint by TVK MLA N. Ilayaraja, who alleged he was offered ₹35 crore to vote in favor of a resolution against the Assembly Speaker. Police revealed that former DMK minister V. Senthil Balaji and his brother V. Ashok Kumar masterminded the conspiracy to make 15 TVK MLAs resign simultaneously. In response, the DMK has hit back by petitioning the Governor, alleging that Vijay is actively trying to poach DMK alliance MLAs by promising them guaranteed wins in subsequent by-elections.