തമിഴ്‌നാട്ടിലെ എല്ലാ ഔദ്യോഗിക പരിപാടികളിലും സ്ഥാപനങ്ങളിലും 'തമിഴ് തായ് വാഴ്ത്ത്' ആദ്യം ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രമേയം തമിഴ്‌നാട് നിയമസഭയിൽ നാളെ അവതരിപ്പിക്കും. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആണ് പ്രമേയം നിയമസഭയിൽ അവതരിപ്പിക്കുന്നത്. ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളിൽ വന്ദേമാതരം പാടണമെന്ന് മുൻപ് നിർദേശമുണ്ടായിരുന്നെങ്കിലും, ഇതിനെ ശക്തമായി പ്രതിരോധിച്ചുകൊണ്ടാണ് സർക്കാരിന്റെ പുതിയ നീക്കം.
തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുന്ന പ്രമേയത്തിന് ഡി.എം.കെ, എ.ഐ.എൻ.ഡി.കെ ഉൾപ്പെടെയുള്ള എല്ലാ കക്ഷികളുടെയും പിന്തുണയോടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ജൂലൈ 28ന് തിരുനെൽവേലി മനോൻമണിയം സുന്ദരനാർ സർവകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിനിടെ തമിഴ് തായ് വാഴ്ത്ത് മൂന്നാം തവണയും ആലപിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തമിഴ്‌നാട് ആക്ടിങ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പങ്കെടുത്ത ചടങ്ങിലായിരുന്നു ഈ സംഭവം. ഇതിനെതിരെ ഡി.എം.കെ, നാം തമിഴർ കക്ഷി തുടങ്ങിയ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
തുടർന്ന് ഈ മാസം അഞ്ചിന് ആരംഭിച്ച തമിഴ്‌നാട് നിയമസഭാ ബജറ്റ് സമ്മേളനത്തിൽ ധനകാര്യമന്ത്രി മരിയ വിൽസണും തൊട്ടടുത്ത ദിവസം കൃഷിമന്ത്രി വിനോദും അതത് ബജറ്റുകൾ അവതരിപ്പിച്ചു. ഇതിനുശേഷമുള്ള ചർച്ചകൾക്കിടയിൽ ഭരണ-പ്രതിപക്ഷ നിരകളിൽ വലിയ വാദപ്രതിവാദങ്ങൾ നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന ഗാനവുമായി ബന്ധപ്പെട്ട സുപ്രധാന പ്രമേയം മുഖ്യമന്ത്രി സഭയുടെ പരിഗണനയ്ക്ക് കൊണ്ടുവരുന്നത്.