തമിഴ് രാഷ്ട്രീയത്തിൽ സമീപകാലത്തെ വലിയ വാർത്തയായിരുന്നു പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ അറസ്റ്റ്. കാവേരി നദി വിഷയത്തിൽ മുഖ്യമന്ത്രി വിജയ് ജോസഫിനെ വിമർശിച്ചുകൊണ്ടുള്ള പ്രസംഗത്തിനിടെ നടി തൃഷയ്ക്കെതിരെ നടത്തിയ ദ്വയാർഥ പ്രയോഗമായിരുന്നു ഉദയനിധിയെ വിവാദത്തിലാക്കിയത്. സംഭവത്തിൽ പൊലീസ് കേസ് എടുക്കുകയും ഉദയനിധിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്നേ ദിവസം തന്നെ ഉദയനിധി ജാമ്യത്തിൽ പുറത്തിറങ്ങി. വിഷയത്തിൽ ഒട്ടേറെപ്പേരാണ് ഉദയനിധിയുടെ പരാമർശത്തെ വിമർശിച്ച് രംഗത്ത് വന്നത്. ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ വിശാൽ. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ വിവാദങ്ങൾ തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്ന് വിശാൽ പറഞ്ഞു.
ചില പരാമർശങ്ങൾ ഒഴിവാക്കാമായിരുന്നു. എന്നാൽ രാഷ്ട്രീയത്തിൽ ഇത്തരം സാഹചര്യങ്ങൾ സാധാരണമാണെന്നാണ് വിശാലിന്റെ പക്ഷം. ലയോള കോളജിൽ പഠിച്ച കാലത്തെക്കുറിച്ചും വിശാൽ ഓർത്തെടുത്തു. തനിക്ക് അറിയാവുന്ന പലരുടെയും ജീവിതം ഇന്ന് വളരെ മാറി. ഉദയനിധി രാഷ്ട്രീയത്തിലുണ്ട്. വിജയും രാഷ്ട്രീയത്തിൽ പ്രവേശിച്ചതോടെ എല്ലാം മാറി. ഒരു ദിവസം ഞങ്ങളുടെ സീനിയർ തന്നെ, ഞങ്ങളുടെ ബാച്ച്മേറ്റിനെ ജയിലിലേക്ക് അയയ്ക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.
രാഷ്ട്രീയം എപ്പോഴും ചർച്ചകൾക്ക് വഴിയൊരുക്കുമെന്ന് വിശാൽ പറയുന്നു. ഒരു തെറ്റ് സംഭവിച്ചു എന്ന് പൊലീസ് വിശ്വസിച്ചതുകൊണ്ടാണ് അവർ നടപടിയെടുത്തത്. ഉദയനിധിക്ക് പിന്നീട് ജാമ്യം ലഭിച്ചു. എങ്കിലും, വിഷയം ഇപ്പോൾ പൊതുചർച്ചയായി മാറിയിട്ടുണ്ട്. ഇതൊക്കെയും ഒഴിവാക്കാമായിരുന്നു. പക്ഷേ, രാഷ്ട്രീയം ഇതാണെങ്കിൽ, മറ്റെന്താണ് നമുക്ക് പ്രതീക്ഷിക്കാൻ കഴിയുക എന്നും വിശാൽ പറഞ്ഞു. പ്രതിപക്ഷത്തിരുന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ, അനന്തരഫലങ്ങൾ സ്വാഭാവികമായും ഉണ്ടാകും. മറുവശത്തും ഇത് ബാധകമാണ്. ഇത്തരം നിരവധി ഉദാഹരണങ്ങൾ നമ്മൾ മുമ്പ് കണ്ടിട്ടുണ്ടെന്നും വിശാൽ കൂട്ടിച്ചേർത്തു.
വിശാൽ ആദ്യമായി സംവിധാനം ചെയ്ത്, നായകനായെത്തുന്ന 'മകുടം' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഉദയനിധിയുടെ അറസ്റ്റിനെക്കുറിച്ച് പ്രതികരിച്ചത്. സെൻസർ ബോർഡ് അഴിമതി ആരോപണം അടക്കമുള്ള നിരവധി വിഷയങ്ങളിൽ പ്രതികരിച്ച് നേരത്തേ വിവാദങ്ങളിൽപ്പെട്ട ആളാണ് നടൻ വിശാൽ. തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിലെ എതിർ വിഭാഗവുമായുള്ള തർക്കത്തെ തുടർന്ന് ഓഫീസിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ച കേസിൽ 2019-ൽ വിശാലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.