എംജിആറും ജയലളിതയും നയിച്ച പാര്‍ട്ടി തമിഴ്നാട്ടില്‍ വേരറ്റുപോകുമോ? അണ്ണാ ഡിഎംകെ അപ്രസക്തമാകുന്ന കാഴ്ചയ്ക്കാണ് ഇപ്പോള്‍ തമിഴ്നാട് സാക്ഷിയാകുന്നത്. ടിവികെ അധികാരമേറ്റത് മുതല്‍ തുടങ്ങിയതാണ് അണ്ണാ ഡിഎംകെയിലെ കൊഴിഞ്ഞുപോക്ക്. കഴിഞ്ഞദിവസം രാജിവച്ച എം.ആര്‍. വിജയഭാസ്കര്‍ കൂടി ആകുമ്പോള്‍ പാര്‍ട്ടിവിട്ട് ഇറങ്ങിയ നേതാക്കളുടെ എണ്ണം ആറായി.
എംജിആറിന്‍റെ പാര്‍ട്ടിക്ക് ഇതെന്തുപറ്റി?
ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന് വളമാകൂ എന്ന് പറയുന്നത് പോലെയാണ് തമിഴ്നാട്ടില്‍ ടിവികെയുടെ വളര്‍ച്ചയും എഐഎഡിഎംകെയുടെ തളര്‍ച്ചയും. പാര്‍ട്ടി വിടുന്ന എംഎല്‍എമാരെല്ലാം നേരെ കയറിച്ചെല്ലുന്നത് ടിവികെ പാളയത്തിലേക്കാണ്. മുങ്ങുന്ന കപ്പലെന്ന് തന്നെ അണ്ണാ ഡിഎംകെയെ പറയാം. ടിവികെയുടെ ഉദയത്തോടെ ഒരുകാലത്ത് തമിഴകത്തെ വിരല്‍ത്തുമ്പില്‍ നിര്‍ത്തിയ ശക്തികേന്ദ്രമാണ് ക്ഷയിക്കുന്നത്. ദ്രാവിഡ പാര്‍ട്ടികളെ അപ്രസക്തമാക്കുന്ന സാമൂഹിക മാറ്റത്തിനാണ് തമിഴ്നാട് സാക്ഷ്യം വഹിക്കുന്നത്.
വിജയ്‌യെ അകറ്റിനിര്‍ത്താന്‍ ചിരവൈരികളായ ഡിഎംകെയും അണ്ണാ ഡിഎംകെയും കൈകോര്‍ക്കുന്നെന്ന പ്രതീതിപോലും തമിഴ്നാട്ടിലുണ്ടായത് യാദൃച്ഛികമല്ല. ഭരിക്കാന്‍ ഭൂരിപക്ഷമില്ലാതിരുന്ന ടിവികെയെ പിന്തുണയ്ക്കണമെന്ന നിലപാട് ആദ്യം ഉയര്‍ന്നത് എഐഎഡിഎംകെയില്‍ നിന്നായിരുന്നു. ഇക്കാര്യത്തില്‍ എംഎല്‍എമാര്‍ പരസ്യ നിലപാടെടുത്ത് പാര്‍ട്ടിയില്‍ ചില്ലറ പ്രതിസന്ധിയല്ല ഉണ്ടാക്കിയത്. പിന്തുണയ്ക്കേണ്ടതില്ലെന്ന പരസ്യനിലപാട് എടപ്പാടി പളനിസ്വാമി എടുത്തപ്പോള്‍ വിമതര്‍ സ്വരം കടുപ്പിച്ചു.
മുതിര്‍ന്ന നേതാവായ സി.വിജയഭാസ്കറിന്‍റെ നേതൃത്വത്തിലുള്ള സംഘം വിമതസ്വരമുയര്‍ത്തി പുറത്തേക്കിറങ്ങി. വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാരിനൊപ്പം നിന്നത് 25 അണ്ണാ ഡിഎംകെ എംഎല്‍എമാരാണ്. പാര്‍ട്ടി വിപ്പ് ലംഘിച്ചെന്ന് കാട്ടി ജനറല്‍ സെക്രട്ടറി പരാതിപ്പെട്ടപ്പോള്‍ നാലുപേര്‍ സ്ഥാനം വലിച്ചെറിഞ്ഞ് ടിവികെയ്ക്കൊപ്പം പോയി. അപകടം മണത്ത എടപ്പാടി പളനിസ്വാമി നിലനില്‍പ്പിനായി പരാതി പിന്‍വലിച്ചു. എംഎല്‍എമാര്‍ക്ക് മാപ്പ് നല്‍കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു. കലഹം അവിടെ തീര്‍ന്നെന്ന് കരുതിയപ്പോഴാണ് സി.വിജയഭാസ്കറിന്‍റെ രാജി. പാര്‍ട്ടി വിട്ട വിജയഭാസ്കര്‍ ടിവികെയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാജിവച്ച എം.ആര്‍. വിജയഭാസ്കറും അതേ വഴിതന്നെ. വരും ദിവസങ്ങളില്‍ കൂടുതല്‍പേര്‍ രാജിവയ്ക്കുമെന്നാണ് സൂചന. തുടരെത്തുടരെ എംഎല്‍എമാര്‍ രാജിവച്ച് പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചതോടെ കടുത്ത വെല്ലുവിളിയാണ് എടപ്പാടിയും സംഘവും നേരിടുന്നത്. കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചുപോകുന്നത് തടയാനുള്ള തത്രപ്പാടിലാണ് ഇന്ന് പാര്‍ട്ടി.
എംജിആറിന് പകരമാകുമോ വിജയ്?
അന്ന് എംജിആര്‍ ഭരിച്ചില്ലേ, ഇപ്പോള്‍ അതുപോലെ വിജയ് ഭരിക്കുന്നു. പുറത്തുനിന്ന് നോക്കുമ്പോള്‍ ഇങ്ങനെ പലര്‍ക്കും തോന്നാം. പക്ഷേ കാര്യം അങ്ങനെയല്ല. രാഷ്ട്രീയത്തില്‍ എംജിആറിനും വിജയ്ക്കും തമ്മില്‍ താരതമ്യങ്ങളില്ല. എംജിആര്‍ രാഷ്ട്രീയത്തിലിറങ്ങിയ സാമൂഹിക സാഹചര്യത്തിലല്ല ഇപ്പോള്‍ തമിഴ്നാട്. തമിഴ്നാട് രാഷ്ട്രീയത്തില്‍ പെട്ടെന്നൊരുനാള്‍ പൊട്ടിവീണതല്ല എം.ജി.രാമചന്ദ്രന്‍ എന്ന എംജിആര്‍. സിനിമ നടനാണെങ്കിലും ജീവിതകാലത്ത് അടിമുടി ഒരു രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സ്‌ക്രീനിലെ സൂപ്പര്‍ സ്റ്റാറില്‍നിന്ന് തമിഴ്നാടിന്‍റെ തലൈവരിലേക്കുള്ള അദ്ദേഹത്തിന്‍റെ പരിണാമം അത്ര സിംപിളായിരുന്നില്ല. 1930ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോട് ചേര്‍ന്നുനിന്ന് തുടങ്ങിയതാണ് എംജിആറിന്റെ രാഷ്ട്രീയം.
1953ല്‍ അണ്ണാദുരൈയുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായി ഡിഎംകെയില്‍ ചേര്‍ന്നു. എംജിആറിന്‍റെ സ്റ്റാര്‍ഡം ജനപിന്തുണയ്ക്കായി അണ്ണാദുരൈയും കരുണാനിധിയും നന്നായി ഉപയോഗിച്ചു. തമിഴ് മക്കളുടെ കൂടെനിന്ന് പ്രവര്‍ത്തിച്ച എംജിആര്‍ അവരുടെ പ്രിയപ്പെട്ടവനാകാന്‍ ഏറെ നാള്‍ വേണ്ടിവന്നില്ല. എന്നാല്‍ പോകെപ്പോകെ കരുണാനിധിയും എംജിആറും തമ്മില്‍ തെറ്റി. ഇരുവരും തമ്മിലുള്ള പിണക്കങ്ങള്‍ കൂടിവന്നപ്പോള്‍ പാര്‍ട്ടി വിട്ട എംജിആര്‍ 1972ല്‍ അണ്ണാ ഡിഎംകെ എന്ന പുതിയ പാര്‍ട്ടി സ്ഥാപിക്കുകയായിരുന്നു. പാര്‍ട്ടി സ്ഥാപിച്ച ശേഷമുള്ള ഉപതിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി ഡിഎംകെയെ ഞെട്ടിച്ച എംജിആര്‍ തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചു. അങ്ങനെ തമിഴ്നാട് രാഷ്ട്രീയത്തെ ഇളക്കിമറിച്ചുകൊണ്ട് ഒരു സിനിമ നടന്‍ മുഖ്യമന്ത്രിയായി. പിന്നീടുള്ള പത്തുവര്‍ഷം ആര്‍ക്കും തൊടാനാകാത്തത്ര ഉയരത്തിലെത്തി എംജിആര്‍. മരണം വരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടര്‍ന്നു.
ജയലളിതയുടെ എന്‍ട്രി
എംജിആറിന്‍റെ മരണശേഷം അണ്ണാ ഡിഎംകെയില്‍ വിള്ളലുകള്‍ വീണുതുടങ്ങിയിരുന്നു. ചേരിപ്പോരും പടലപ്പിണക്കങ്ങളും കൊണ്ട് പാര്‍ട്ടി രണ്ട് തട്ടിലായി. പാര്‍ട്ടി തകരുമെന്ന് അണികള്‍ ഭയന്നു. അന്ന് രക്ഷകയായി ജയലളിത അവതരിച്ചു. പാര്‍ട്ടി നേതൃത്വത്തിന്‍റെ അവകാശം പറഞ്ഞ് വടംവലികള്‍ നടന്നെങ്കിലും അവസാനം ജയലളിതയിലേക്ക് അത് വന്നുചേര്‍ന്നു. പാര്‍ട്ടിയുടെ ചുമതല പൂര്‍ണമായി ഏറ്റെടുത്ത് വീണ്ടും പടയൊരുക്കം. പിന്നെ ജയലളിതയുടെ തോളിലേറി അണ്ണാ ഡിഎംകെ തുടര്‍ന്നു. എംജിആറിനെ സ്നേഹിച്ചത് പോലെ ജനം തലൈവിയെ നെഞ്ചിലേറ്റി. തമിഴ് രാഷ്ട്രീയത്തില്‍ അണ്ണാ ഡിഎംകെ വീണ്ടും പടര്‍ന്നുപന്തലിച്ചു. ജയലളിതയുടെ വിയോഗശേഷവും പാര്‍ട്ടിയില്‍ പ്രതിസന്ധികള്‍ മുളപൊട്ടിയെങ്കിലും അണ്ണാ ഡിഎംകെ പിടിച്ചുനിന്നു. എടപ്പാടി പളനിസ്വാമി പാര്‍ട്ടിയെ മുന്നോട്ട് നയിച്ചു.
വിജയുടെ വരവ് തലവരമാറ്റി
തമിഴ് രാഷ്ട്രീയത്തിലെ രണ്ട് വന്‍മരങ്ങള്‍ വീണിട്ടും പിളരാത്ത പാര്‍ട്ടിയുടെ കെട്ടുറപ്പ് വിജയ് വന്നതോടെ തകര്‍ന്നടിഞ്ഞു. ആര്‍ക്കും സാധിക്കാതെ പോയത് വിജയ്‌യുടെ രംഗപ്രവേശനത്തോടെ സാധ്യമായി. പാര്‍ട്ടി ഇല്ലാതാകുന്ന ദുരവസ്ഥ. എംജിആറിന് ശേഷം തമിഴ്നാട് മുഖ്യമന്ത്രിയാകുന്ന മറ്റൊരു സിനിമ നടനായി വിജയ്. തലൈവര്‍ക്കും തലൈവിക്കും ശേഷം ജനങ്ങളുടെ മനസില്‍ ഒഴിഞ്ഞുകിടന്ന ആ കസേരയില്‍ വിജയ് കൂളായി വന്നിരുന്നു എന്ന് പറയാം. കാരണം വിജയ് അഭിനയം നിര്‍ത്തിയതും രാഷ്ട്രീയത്തിലിറങ്ങിയതും പെട്ടെന്നായിരുന്നു.
അണ്ണാ ഡിഎംകെ ഇല്ലാതായ പാര്‍ട്ടിയാണെന്ന് വിജയ് ആവര്‍ത്തിച്ച് പറയുമ്പോള്‍, തമിഴകത്ത് അണ്ണാ ഡിഎംകെയുടെ സ്ഥാനത്തേക്ക് ടിവികെ ഉയരുമെന്ന ആദവ് അര്‍ജുനയുടെ പ്രഖ്യാപനം പ്രസക്തമാണ്. പാര്‍ട്ടിയെ ഒപ്പം നിര്‍ത്താന്‍ ഒരു നേതൃത്വമില്ലാത്തതാണ് എഐഎഡിഎംകെ നേരിടുന്ന വെല്ലുവിളി. അത് വിജയ് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നുമുണ്ട്. കുതിരക്കച്ചവടം നടത്തി വിജയ് പാര്‍ട്ടിക്കാരെ സ്വന്തം ചേരിയിലെത്തിക്കുന്നെന്ന് നിലവിലെ എഐഎഡിഎംകെ നേതൃത്വം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, ഒപ്പം നില്‍ക്കാന്‍ ഒരു കാരണം വേണ്ടേ എന്ന നിലപാടാണ് പാര്‍ട്ടിയിലെ രണ്ടാംനിര നേതാക്കള്‍ക്കും അവരെ പിന്തുണയ്ക്കുന്ന അണികള്‍ക്കുമുള്ളത്.