തമിഴ്നാട്ടില്‍ എംജി ആറിന്റെയും ജയലളിതയുടെയും പാര്‍ട്ടിക്ക് നിലനില്‍പ്പില്ലാതാകുന്നു. നടികര്‍ക്കും രാഷ്ട്രീയം വഴങ്ങുമെന്ന് തെളിയിച്ച എംജിആറിന്റെ പാര്‍ട്ടിയുടെ ഭാവി ഇന്ന് ചോദ്യംചിഹ്നമാണ്. തിരഞ്ഞെടുപ്പിന് ശേഷം അണ്ണാ ഡിഎംകെ വന്‍ പ്രതിസന്ധിയില്‍. എംഎല്‍എമാരുടെ രാജിയും നേതാക്കളുടെ കൊഴിഞ്ഞുപോക്കും പാര്‍ട്ടിയുടെ ഭാവിയെ തുലാസിലാക്കുകയാണ്.
ടിവികെ അധികാരമേറ്റത് മുതല്‍ തുടങ്ങിയതാണ് അണ്ണാ ഡിഎംകെയിലെ ഇലകൊഴിച്ചില്‍. ഇന്നലെ രാജിവച്ച എം.ആര്‍ വിജയഭാസ്കര്‍ കൂടി ആകുമ്പോള്‍ രാജിവച്ചരുടെ എണ്ണം ആറായി. ടിവികെയെ പിന്തുണയ്ക്കണമെന്ന് നേരത്തെ രാജിവച്ച മുതിര്‍ന്ന നേതാവ് സി.വിജയഭാസ്കറിന്റെ നേതൃത്വത്തിലുള്ള ഒരുസംഘം എംഎല്‍എമാര്‍ ആവശ്യപ്പെട്ടതോടെയാണ് പാര്‍ട്ടിയിലെ പൊട്ടലും ചീറ്റലും തുടങ്ങിയത്. പിന്നീട് വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാരിനൊപ്പം നിന്നു 25 അണ്ണാ ഡിഎംകെ എംഎല്‍എമാര്‍.
പാര്‍ട്ടി വിപ്പ് ലംഘിച്ചെന്ന് കാട്ടി പാര്‍ട്ടി അധ്യക്ഷന്‍ പരാതിപ്പെട്ടപ്പോള്‍ നാലുപേര്‍ mla സ്ഥാനം രാജിവച്ച് പാര്‍ട്ടിവിട്ട് ടിവികെയില്‍ ചേര്‍ന്നു. അപകടം മണത്ത എടപ്പാടി പളനിസ്വാമി പരാതി പിന്‍വലിച്ചു എംഎല്‍എമാര്‍ക്ക് മാപ്പ് നല്‍കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു. കലഹം അവിടെ തീര്‍ന്നെന്ന് കരുതിയപ്പോഴാണ് സി വിജയഭാസ്കറിന്റെ രാജി. പാര്‍ട്ടി വിട്ട വിജയഭാസ്കര്‍ ടിവികെ ക്യംപിന് മുന്നില്‍ ക്യൂവിലാണ്. ഇന്നലെ രാജിവച്ച എം.ആര്‍ വിജയഭാസ്കറും അതേ ലൈന്‍ തുടരാനാണ് സാധ്യത. വരുംദിവസങ്ങളില്‍ കൂടുതല്‍പേര്‍ രാജിവയ്ക്കുമെന്ന സൂചനയുമുണ്ട്. എഐഎഡിഎംകെ എംഎല്‍എമാരെ പാളയത്തിലെത്തിക്കാന്‍ ടിവികെ കുതിരക്കച്ചവടം നടത്തുന്നെന്ന ആരോപണവും ഉണ്ട്.
എംജിആറും ജയലളിതയും പോയപ്പോഴുണ്ടായ വലിയ വിടവ് വിജയ്‌യിലൂടെ നികന്നു എന്ന് ചിന്തിക്കുന്നര്‍ ഏറെയുണ്ട് തമിഴ്നാട്ടില്‍. അണ്ണാ ഡിഎംകെ ഇല്ലാതായ പാര്‍ട്ടിയാണെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് പറയുമ്പോള്‍ ഇല്ലാതാക്കിയത് ടിവികെ ആണോയെന്ന ചോദ്യം ഉയരുന്നുണ്ട്. ഒരു മഹാനടന്റെ പാര്‍ട്ടിയെ മറ്റൊരു നടന്റെ പാര്‍ട്ടി ഹൈജാക്ക് ചെയ്യുകയാണോ.