കുന്നിന്‍മുകളിലെ ക്ഷേത്രപരിസരത്തുനിന്നും വീണു 24കാരിയായ നവവധുവിന് ദാരുണാന്ത്യം. തൂത്തുക്കുടിയില്‍ സൗത്ത് തിറ്റങ്കുളം മേഖലയില്‍ നിന്നുള്ള അനിത കുരങ്ങന്‍മാര്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെയാണ് വീണുമരിച്ചത്. ഭര്‍ത്താവിനൊപ്പമായിരുന്നു അനിത ക്ഷേത്ര ദര്‍ശനത്തിനെത്തിയത്.
കഴിഞ്ഞ മാസമായിരുന്നു അനിതയുടേയും 29കാരനായ സുരേഷിന്റേയും വിവാഹം. വിദേശത്ത് ജോലി ചെയ്യുന്ന സുരേഷ് കഴിഞ്ഞ മാസം വിവാഹത്തിനായി നാട്ടിലെത്തിയതാണ്. കഴുഗുമലൈയിലുള്ള കലുഗസലമൂര്‍ത്തി ക്ഷേത്രത്തിലെത്തിയ ദമ്പതികള്‍ ദര്‍ശനം കഴിഞ്ഞ ശേഷം സമീപത്തുള്ള ഉച്ചിപ്പില്ലൈയാര്‍ മേഖലയിലെ കാഴ്ചകള്‍ ആസ്വദിക്കാനായി കയറുകയായിരുന്നു. കുരങ്ങന്‍മാരുടെ വാസകേന്ദ്രം കൂടിയാണ് ഈ മേഖല.
കയ്യില്‍ കരുതിയ ഭക്ഷണസാധനങ്ങള്‍ ദമ്പതികള്‍ കുരങ്ങന്‍മാര്‍ക്ക് നല്‍കുന്നതിനിടെ വലിയൊരു വാനരസംഘം തന്നെ അനിതയ്ക്കു ചുറ്റും കൂടിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വാനരസംഘത്തെ കണ്ട് പേടിച്ച അനിത ബാലന്‍സ് തെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ എന്‍ഡിടിവിയോട് പ്രതികരിച്ചത്. കുന്നിന്‍മുകളില്‍ നിന്നും താഴേക്ക് വീണ അനിത തല്‍ക്ഷണം തന്നെ മരിച്ചു.
അപകടത്തിനു പിന്നാലെ ഭര്‍ത്താവ് ഓടിവന്ന് അനിതയുടെ മൃതദേഹത്തിനു മുന്‍പിലിരുന്ന് പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അഗ്നിശമനസേനയും പൊലീസും ചേര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. മരണത്തിനു കാരണമായ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.