Bengaluru: Congress president Mallikarjun Kharge interacts with Karnataka Chief Minister DK Shivakumar and the newly-appointed Karnataka Pradesh Congress Committee (KPCC) president BK Hariprasad during the charge handover ceremony, in Bengaluru, Karnataka, Sunday, June 21, 2026. (PTI Photo/Shailendra Bhojak)(PTI06_21_2026_000493A)
കര്‍ണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ കണ്ടതും ഡി.കെ.,ഡി.കെ. എന്നാര്‍ത്തുവിളിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ ശാസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ബെംഗളൂരുവില്‍ നടന്ന 'സങ്കല്‍പ സംവേഷ' പരിപാടിക്കിടെയായിരുന്നു സംഭവം. ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഡികെയെ പുകഴ്ത്തിയുള്ള മുദ്രാവാക്യം വിളിച്ചതോടെയാണ് ഖര്‍ഗെ അസ്വസ്ഥനായത്. 'ഇതൊരു പാര്‍ട്ടി പരിപാടിയാണ്. ഒരു വ്യക്തിയെ കേന്ദ്രീകരിച്ച് നടത്തുന്നതല്ല' എന്നായിരുന്നു ഖര്‍ഗെയുടെ ശകാരം.
'ഇങ്ങനെ അലറി വിളിച്ചത് കൊണ്ട് രാജ്യം കിടുങ്ങുമെന്നാണോ? ഇതൊരു പാര്‍ട്ടി പരിപാടിയാണ്. അതുപോലും തിരിച്ചറിയാത്തവന്‍മാരായിപ്പോയോ? വ്യക്തിപൂജയൊന്നും ഇവിടെ നടക്കുന്നില്ല. പാര്‍ട്ടിയാണ് നമ്മളെയെല്ലാം ഇവിടെ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്' എന്നും ഖര്‍ഗെ തുറന്നടിച്ചു. പരിപാടി ഒരുവശത്ത് പുരോഗമിക്കുന്നതിനിടെ ഒരു കൂട്ടര്‍ വ്യക്തിയെ കേന്ദ്രീകരിച്ച് മുദ്രാവാക്യം മുഴക്കുകയാണെങ്കില്‍ ബാക്കിയുള്ളവരൊക്കെ എന്തിനാണ് വന്നിരിക്കുന്നത് എന്നും ഖര്‍ഗെ ചോദ്യമുയര്‍ത്തി. 'ഒരാള്‍ ഇവിടെ ഒരു കാര്യം പറയുന്നു. വേറെ കുറച്ചുപേര്‍ അവിടെ കിടന്ന് എന്തൊക്കെയോ അലറുന്നു. നിലം തൂത്ത് വാരാനാണോ ബാക്കിയുള്ളവരെല്ലാം വന്നേക്കുന്നത്?' എന്നും രൂക്ഷമായ ഭാഷയില്‍ ഖര്‍ഗെ പൊട്ടിത്തെറിച്ചു
പാര്‍ട്ടിയാണ് അടിത്തറ. പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലാണ് വിശ്വാസമര്‍പ്പിക്കേണ്ടത് എന്നും ഖര്‍ഗെ തുറന്നടിച്ചു. ' എനിക്ക് 58 വര്‍ഷത്തെ രാഷ്ട്രീയ പരിചയമുണ്ട്. പല നേതാക്കളും ഇവിടെ വന്നിട്ടുണ്ട്. അവരുടെ സംഭാവന ചെറുതാണെങ്കിലും പാര്‍ട്ടിയാണ് അവരെ കാര്യമായി പരിഗമിച്ചത്. അച്ചടക്കം പാര്‍ട്ടിക്ക് ആവശ്യമാണ്. ഇവിടെ കിടന്ന് അലറിവിളിക്കുന്നതാരാണെന്ന് വിഡിയോ ഫുട്ടേജിലൂടെ ഞാന്‍ കണ്ടെത്തും. അത് പരിശോധിച്ച് അച്ചടക്ക നടപടിയുമെടുക്കും'- ഖര്‍ഗെ മുന്നറിയിപ്പ് നല്‍കി.