**EDS: TWITTER IMAGE VIA @PMOIndia** Thiruvananthapuram: Prime Minister Narendra Modi being received by Congress MP Shashi Tharoor and others upon his arrival in Thiruvananthapuram, Tuesday, April 25, 2023. (PTI Photo)(PTI04_25_2023_000034A)

സുപ്രധാന വേളകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് കോണ്‍ഗ്രസിന് തലവേദനയുണ്ടാക്കുന്നതില്‍ മുന്‍പന്തിയിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. ഈയിടെ സംഘർഷ മേഖലകളിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ ഇന്ത്യൻ നാവികരുടെ സുരക്ഷയ്ക്കായി മോദി നടത്തിയ  നയതന്ത്ര ഇടപെടലുകളെ തരൂർ അഭിനന്ദിച്ച് തരൂര്‍ രംഗത്തുവന്നിരുന്നു. കപ്പൽ ജീവനക്കാരെ യുദ്ധത്തിൽ പങ്കാളികളായി കാണരുതെന്ന മോദിയുടെ സന്ദേശം ശരിയാണെന്ന് അദ്ദേഹം എക്സിലൂടെ കുറിച്ചു.

ഇതിന് പിന്നാലെയാണ് തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തുവന്നത്. പ്രധാനമന്ത്രിയോടുള്ള തരൂരിന്‍റെ ആരാധന ഭൗതികലോകത്തെ മറികടന്നെന്നും ഇപ്പോള്‍ മോദി ഒരിക്കല്‍ പോലും പറയാത്ത കാര്യങ്ങള്‍ കേള്‍ക്കാന്‍ തരൂരിന് കഴിവുണ്ടായിക്കഴിഞ്ഞിരിക്കുന്നെന്നുമായിരുന്നു കോണ്‍ഗ്രസിന്‍റെ വിമര്‍ശനം. കോൺഗ്രസ് ദേശീയ വക്താവും പാർട്ടിയുടെ മീഡിയ, പബ്ലിസിറ്റി വിഭാഗം ചെയർമാനായ പവന്‍ ഖേരയാണ് തരൂരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ഒമാൻ ഉൾക്കടലിലും ഹോർമുസ് കടലിടുക്കിലും ഉണ്ടായ സംഘർഷങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു. യുഎസ് ഉപരോധം ലംഘിച്ചു എന്ന് ആരോപിച്ച് അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിലാണ് ഇവർ മരിച്ചത്. എന്നാല്‍ ജി7 ഉച്ചകോടിക്കിടെ മോദി–ട്രംപ് കൂടിക്കാഴ്ചയ്ക്കിടെ ട്രംപിനോട് ഈ മൂന്ന് നാവികരുടെ മരണത്തെക്കുറിച്ച്  മോദി എടുത്തുപറഞ്ഞില്ലെന്ന് ഖേര കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക പ്രസ്താവന പ്രകാരം ചൂണ്ടിക്കാട്ടി.

ഓപ്പറേഷൻ സിന്ദൂരിനു ശേഷമുള്ള ആദ്യത്തെ മോദി-ട്രംപ് കൂടിക്കാഴ്ചയായിരുന്നു ഇത്, എന്നാൽ ഇന്ത്യയെ വ്യാപാര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തി പാക്കിസ്ഥാനുമായി വെടിനിർത്തലിന് താന്‍ പ്രേരിപ്പിച്ചെന്ന് ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടതിനെ മോദി ചോദ്യംചെയ്തില്ലെന്നും ഖേര പറഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസിന്‍റെ ഇത്തരമൊരു പ്രതികരണം അസാധാരണമാണെന്നായിരുന്നു തരൂരിന്‍റെ പ്രതികരണം.  രാജ്യത്തെ സാധാരണക്കാരായ നാവികരുടെ സുരക്ഷയെക്കുറിച്ചുള്ള ഒരു കാര്യത്തെ രാഷ്ട്രീയ വിവാദമാക്കുന്നത് ശരിയല്ലെന്ന് തരൂർ തിരിച്ചടിച്ചു. താൻ മാധ്യമങ്ങളിൽ വന്ന വാർത്തകളെ അടിസ്ഥാനമാക്കിയാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

Shashi Tharoor's recent praise for Prime Minister Narendra Modi on matters of national importance has triggered significant criticism from within the Congress party. Tharoor's stance, particularly regarding the safety of Indian sailors in conflict zones and Modi's diplomatic interventions, has led to sharp rebukes and accusations of excessive admiration.