rahul-tejashwi-yadav

ജാര്‍ഖണ്ഡിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയം ആര്‍ജെഡിയുടെ പകരം വീട്ടലെന്ന് സംശയം. ആവശ്യമായ വോട്ടുണ്ടായിട്ടും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ ഇന്ത്യ മുന്നണിക്ക് സാധിച്ചിരുന്നില്ല. തോല്‍വിക്ക് കാരണം സഖ്യകക്ഷികളായ ആര്‍ജെഡിയും സിപിഐഎംഎല്ലും ക്രോസ് വോട്ട് ചെയ്താണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ സ്വന്തം വോട്ടാണ് കോണ്‍ഗ്രസിന് നഷ്ടമായതെന്നാണ് സഖ്യകക്ഷികളുടെ നിലപാട്. 

ഈ വര്‍ഷം മാര്‍ച്ചില്‍ ബിഹാറിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചെയ്തതിന്‍റെ പ്രതികാരമാണ് ജാര്‍ഖണ്ഡില്‍ ആര്‍ജെഡി വോട്ടു മറിച്ചതെന്നാണ് സംശയം. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി സ്ഥാനാര്‍ഥി എ.ഡി. സിങിന് 41 വോട്ടായിരുന്നു വേണ്ടിയിരുന്നത്. ആവശ്യമായ വോട്ടുണ്ടായിരുന്നിട്ടും മൂന്നു കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു ആര്‍ജെഡി എംഎല്‍എയും വോട്ട് ചെയ്യാതിരുന്നതോടെ എ.ഡി. സിങ് തോറ്റു. എന്‍ഡിഎ സ്ഥാനാര്‍ഥിയാണ് ഇവിടെ ജയിച്ചത്. എംഎല്‍എമാരെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് അന്ന് തേജസ്വി യാദവ് വിമര്‍ശിച്ചിരുന്നു. വോട്ട് ചെയ്യാതിരുന്ന നിയമസഭാംഗങ്ങൾക്കെതിരെ കോൺഗ്രസ് കാര്യമായ നടപടിയും സ്വീകരിച്ചിരുന്നില്ല. 

സമാന സാഹചര്യമാണ് ജാര്‍ഖണ്ഡിലും ഉണ്ടായത്. പ്രതിപക്ഷത്തെ വോട്ട് എന്‍ഡിഎ പിന്തുണച്ച സ്ഥാനാര്‍ഥിക്ക് ലഭിച്ചതോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോറ്റത്. ആര്‍ജെഡിയുടെയും സിപിഐ–എംഎല്ലിന്‍റെയും വോട്ടാണ് മറിഞ്ഞതെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. എന്നാല്‍ ഈ ആരോപണം അടിസ്ഥാനവുമില്ലാത്തതെന്നാണ് ഇരുപാര്‍ട്ടികളും പറയുന്നത്.  

ബിഹാർ, ഹരിയാന, ഒഡീഷ എന്നിവിടങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ ഒന്നുകിൽ ക്രോസ് വോട്ടിംഗ് നടത്തുകയോ അല്ലെങ്കിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയോ ചെയ്തു. ഇത് എൻഡിഎയ്ക്ക് എങ്ങനെയാണ് ഗുണമായതെന്ന് പാർട്ടി ആത്മപരിശോധന നടത്തണമെന്ന് ആര്‍ജെഡി വിമര്‍ശിച്ചു. സഖ്യകക്ഷികളെ കുറ്റപ്പെടുത്തുന്നതിന് പകരം, സ്വന്തം പാളയത്തിലെ വീഴ്ചകളാണ് കോൺഗ്രസ് ആദ്യം പരിശോധിക്കേണ്ടതെന്നാണ് ആര്‍ജെഡി വിമര്‍ശനം. സ്വന്തം എംഎല്‍എമാരുടെ വോട്ടാണ് കോണ്‍ഗ്രസിന് നഷ്ടമായതെന്നാണ് സിപിഐഎംഎല്ലും പറയുന്നത്. സഖ്യകക്ഷികളുടെ മേൽ കുറ്റം ചുമത്താനുള്ള ശ്രമങ്ങൾ ഇന്ത്യൻ ബ്ലോക്കിന് ദോഷം ചെയ്യുമെന്നും ഇടതുപാര്‍ട്ടി മുന്നറിയിപ്പ് നൽകി.

ENGLISH SUMMARY:

The Congress party’s defeat in the Rajya Sabha elections in Jharkhand has sparked a heated blame game within the INDIA bloc, with Congress alleging that its allies, the RJD and CPI(ML), cross-voted to sabotage their candidate. RJD and CPI(ML) have strongly refuted these claims, suggesting that the defeat was instead caused by Congress’s own inability to manage its MLAs, pointing to similar past instances in Bihar, Haryana, and Odisha. The tensions are widely viewed as a retaliatory fallout from the Bihar Assembly elections earlier this year, where Congress had allegedly undermined RJD candidates. Both allies have warned that shifting blame onto each other rather than addressing internal failures will severely damage the unity and future prospects of the INDIA bloc.