Untitled design - 1

അധികാരമേറ്റ് രണ്ട് ദിവസത്തിനുള്ളിൽ കർണാടകയിൽ ഡി.കെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. വകുപ്പുവിഭജനത്തില്‍ മന്ത്രിമാര്‍ക്ക് അതൃപ്തി.  മുതിർന്ന നേതാവും സിദ്ധരാമയ്യ പക്ഷക്കാരനുമായ രാമലിംഗ റെഡ്ഡി രാജിവച്ചു. ആവശ്യപ്പെട്ട ബെംഗളുരു നഗര വികസന വകുപ്പ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ജലസേചന വകുപ്പ് മന്ത്രിയുടെ രാജി. ഭക്ഷ്യവകുപ്പ് കിട്ടിയ മുനിയപ്പയും പ്രതിഷേധത്തിലാണ്. സീനിയോരിറ്റി പരിഗണിച്ചില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചു 

ഇന്നും ഇന്നലെയും തുടങ്ങിയതല്ല രാമലിംഗ റെഡ്ഡിയുടെ അതൃപ്തി. 2023 ൽ സിദ്ധരാമയ്യ അധികാരമേറ്റപ്പോൾ ബെംഗളുരു നഗര വികസന വകുപ്പിന് വേണ്ടി ഉറച്ചു നിന്നു രാമലിംഗ റെഡ്ഡി. എന്നാൽ നേതൃത്വം നൽകിയത് ഗതാഗത വകുപ്പ്. രാമലിംഗ റെഡ്ഡി ആവശ്യപ്പെട്ട ബെംഗളുരു നഗരവികസന വകുപ്പ് അന്നത്തെ ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ.ശിവകുമാറിനും ലഭിച്ചു. അവിടെ തുടങ്ങിയതാണ് 53 വർഷമായി കോൺഗ്രസിനൊപ്പമുള്ള രാമലിംഗ റെഡ്ഡിയുടെ അതൃപ്‌തി. ഡി.കെ. മുഖ്യമന്ത്രിയാകുമ്പോൾ ബെംഗളൂരു നഗര വികസന വകുപ്പ് കൈമാറമെന്നായിരുന്നു വാഗ്‌ദാനം. എന്നാൽ വാഗ്‌ദാനം നടപ്പാക്കാതെ തന്നെ അപമാനിച്ചെന്നാണ് രാമലിംഗ റെഡ്ഡി പറയുന്നത്. 

ബെംഗളൂരു മേഖലയിൽ ശക്തമായ സ്വാധീനമുള്ള നേതാവ് കൂടിയാണ് രാമലിംഗ റെഡ്ഡി. സാമുദായിക സമവാക്യങ്ങൾ കൂട്ടിചേർക്കാൻ നിലവിൽ ലിംഗായത് വിഭാഗത്തിൽ നിന്നുള്ള കൃഷ്‌ണ ബെയഗൗഡയ്ക്കാണ് ബെംഗളൂരു നഗരവികസന വകുപ്പ് നൽകിയിട്ടുള്ളത്. അതേസമയം രാഹുൽ ഗാന്ധി ബെംഗളൂരുവിൽ തുടരുന്നതിനിടെയുണ്ടായ രാജി സംസ്ഥാന നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രാമലിംഗ റെഡ്ഡിയെ ഫോണിൽ വിളിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നാണ് സൂചന. കൂടുതൽ നേതാക്കൾ ഇടപെട്ട് അനുനയ ശ്രമം തുടരുകയാണ്.

ENGLISH SUMMARY:

Karnataka politics has been shaken by a resignation just two days after the new cabinet was sworn in. Senior Congress leader Ramalinga Reddy has resigned from his ministerial post due to dissatisfaction over not receiving the department he desired.