സിപിഎം മുന്‍സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗത്തിന് ശേഷം കുടുബത്തെ സിപിഎം ഉന്നത നേതൃത്വം അവഗണിച്ചെന്ന് തുറന്നടിച്ച് ഭാര്യ വിനോദിനി ബാലകൃഷ്ണന്‍. കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ലക്ഷ്യം വച്ച് കോടിയേരിയുടെ കുടുംബം ആരോപിച്ചു. എന്നാല്‍ അവഗണനയെപ്പറ്റി അറിയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണനും സിപിഎം നേതാവ് ഇ പി ജയരാജനും പ്രതികരിച്ചു
കോടിയേരിയുടെ രാഷ്ട്രീയ ജീവിതത്തെപ്പറ്റിയും കുടുംബത്തെപ്പറ്റിയും ഒരു മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് എം വി ഗോവിന്ദനെ ലക്ഷ്യംവെച്ചുള്ള ആരോപണം. കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ലെന്നും ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ലെന്ന് പേര് പറയാതെ വിനോദിനി കുറ്റപ്പെടുത്തി. ആ പിബി അംഗത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയാണ്. പിണറായി വിജയന്‍ ആണോ ആ നേതാവ് എന്ന ചോദ്യത്തിന് പിണറായി അല്ലെന്നും എപ്പോള്‍ വിളിച്ചാലും അദ്ദേഹം ഫോണ്‍ എടുക്കുമെന്നും അല്ലെങ്കില്‍ തിരികെ വിളിക്കുമെന്നും വിനോദിനി വ്യക്ത വരുത്തി. പാര്‍ട്ടി നേതൃത്വം അവഗണിച്ചെന്ന പരാതി അറിയില്ലെന്ന് ടി പി രാമകൃഷ്ണും പ്രതികരിച്ചു
കോടിയേരിയുടെ ചരമദിനത്തിലെ പാര്‍ട്ടി പരിപാടിക്ക് വരുന്നതല്ലാതെ ഉന്നതനായ പിബി അംഗം കുടുബത്തിന്‍റെ സൗഖ്യം അന്വേഷിച്ചിട്ടില്ലെന്നാണ് ആരോപണം. കോടിയേരിയുടെ ഭൗതിക ശരീരം തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് വെയ്ക്കാത്തതില്‍ തുടങ്ങിയ അതൃപ്തി ഒടുവില്‍ മറ്റൊരു രൂപത്തില്‍ വിനോദിനി കോടിയേരി തുറന്നുപറയുകയാണ്. മകന്‍ ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാനുള്ള അപേക്ഷ എം വി ഗോവിന്ദന്‍ തുടര്‍ച്ചായി നിരസിച്ചതും ഒടുവില്‍ പിണറായി ഇടപെട്ട് അംഗത്വം പുതുക്കിയതും ചര്‍ച്ചയായിരുന്നു