Untitled design - 1

TOPICS COVERED

പൊലീസ് സ്റ്റേഷനുകളുടെ ചുമതലയില്‍ നിന്ന് ഇന്‍സ്പെക്ടര്‍മാരെ മാറ്റി പൊലീസ് ഘടന പൊളിച്ചെഴുതുന്നു. പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന എസ്.എച്ച്.ഒ സംവിധാനം അവസാനിപ്പിച്ച്, എസ്.ഐ മാര്‍ക്ക് ചുമതല തിരികെ നല്‍കണമെന്ന് ആഭ്യന്തരമന്ത്രി നിയോഗിച്ച സമിതി ഡി.ജി.പിക്ക്  റിപ്പോര്‍ട്ട് നല്‍കി. 70 സ്റ്റേഷനുകളില്‍ സി.ഐമാര്‍ തുടരുമ്പോള്‍ 414 സ്റ്റേഷനുകള്‍ എസ്.ഐമാര്‍ക്ക് നല്‍കാമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.ഡി.ജി.പി ഉടന്‍ തന്നെ ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. ഒരു മാസത്തിനുള്ളില്‍ ഒറ്റഘട്ടമായി തന്നെ പുതിയ രീതി നടപ്പാക്കാനാണ് ആലോചന.

 

പൊലീസ് സ്റ്റേഷൻ ചുമതല ഇൻസ്പെക്ടർമാർക്കു നൽകിയതോടെ സ്റ്റേഷനുകളുടെ ഉൗർജവും നിഷ്പക്ഷതയും നഷ്ടപ്പെട്ടുവെന്ന് പൊലീസ് ഉന്നതതല സമിതി റിപ്പോർട്ട് നേരത്തെ പുറത്തു വന്നിരുന്നു. ലോക്നാഥ് ബെഹ്റ പൊലീസ് മേധാവിയായിരുന്നപ്പോൾ പൊലീസിൽ നടത്തിയ ഇൗ പരീക്ഷണം പരാജയമായിരുന്നുവെന്നാണ് മുൻ ഡിജിപി കെ.പത്മകുമാർ, ഐജി അനൂപ് കുരുവിള ജോൺ, ഡിഐജി എസ്.ഹരിശങ്കർ എന്നിവരെ അംഗങ്ങളാക്കി ഇടതുസർക്കാർ തന്നെ നിയോഗിച്ച സമിതി നൽകിയ റിപ്പോർട്ടായിരുന്നു ഇത്. തങ്ങൾ കൊണ്ടുവന്ന പരിഷ്കാരം റദ്ദാക്കുന്നതിൽ സിപിഎമ്മിൽ നിന്നുതന്നെ എതിർപ്പുയർന്നതോടെയാണ് റിപ്പോർട്ട് നടപ്പാക്കാതിരുന്നത്. 

 

സമിതിയുടെ റിപ്പോർട്ടിൽ അഞ്ചു കാര്യങ്ങളാണ് ഇൗ പരിഷ്കാരത്തിനെതിരെ കണ്ടെത്തിയിരുന്നത്.

 

1. എസ്ഐയായി സ്റ്റേഷൻ ചുമതല വർഷങ്ങളോളം നോക്കിയവർ സിഐയായപ്പോഴും അതേ ജോലിയിൽ തന്നെ ഇരിക്കേണ്ടിവന്നത് സിഐമാരെ നിരാശപ്പെടുത്തി. സർക്കിൾ ഇൻസ്പെക്ടർമാരായിരുന്നു രണ്ടോ മൂന്നോ സ്റ്റേഷൻ പരിധിയിൽ വരുന്ന ഗുരുതര കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്തിയിരുന്നത്. തിരികെ സ്റ്റേഷന്റെ ചുമതല തന്നെ നൽകിയതോടെ ഇൻസ്പെക്ടർമാർ കേസ് അന്വേഷണത്തിൽ കാര്യക്ഷമത കാണിച്ചില്ല. പ്രധാനപ്പെട്ട പല കേസുകളിലും വീഴ്ചയുണ്ടായത് സമിതി ചൂണ്ടിക്കാട്ടി.

 

2. ചെറുപ്പക്കാരായ എസ്ഐമാർ ചുമതലയേറ്റയുടൻ കേസ് അന്വേഷണത്തിലും പ്രശ്നങ്ങളിലും പരാതികളിലും നിഷ്പക്ഷ നിലപാട് സ്വീകരിക്കുമായിരുന്നു. ഇതിൽ മാറ്റം വന്നതോടെ സ്റ്റേഷനുകളുടെ നിഷ്പക്ഷത നഷ്ടപ്പെട്ടു. പരാതികൾ അന്വേഷിച്ചു പോകാനും പുതിയ സംവിധാനത്തിൽ എത്തിയവർ മടികാണിക്കുന്നു.

 

3. ഉറക്കം പോലുമില്ലാത്ത ജോലികൾ 40 വയസ്സിനു മുകളിലുള്ള ഇൻസ്പെക്ടർമാർക്ക് കടുത്ത സമ്മർദമുണ്ടാക്കി. ഒട്ടേറെപ്പേർക്ക് ഹൃദയാഘാതവും പക്ഷാഘാതവും പോലെ രോഗങ്ങളുമുണ്ടായി. 150 ഇൻസ്പെക്ടർമാരോട് നേരിട്ടു സംസാരിച്ചാണ് സമിതി ഇത് കണ്ടെത്തിയത്.

 

4. മൂന്ന് സ്റ്റേഷനുകളുടെ ചുമതലയുണ്ടായിരുന്ന ഇൻസ്പെക്ടർ ഒരു സ്റ്റേഷന്റെ ചുമതലയിലേക്ക് ഒതുങ്ങിയതോടെ സൂപ്പർവൈസറി അധികാരം നഷ്ടപ്പെട്ടു. എന്തെങ്കിലും സംഭവമുണ്ടായാൽ തന്റെ പരിധിയിലുള്ള മൂന്ന് സ്റ്റേഷനുകളിൽ നിന്ന് പൊലീസുദ്യോഗസ്ഥരെ വിന്യസിക്കാൻ അധികാരമുണ്ടായിരുന്നു. ഇപ്പോൾ അതിന് ഡിവൈഎസ്പിയും എസ്പിയും ഇടപെടേണ്ടിവരുന്നു. ഇത് സംഭവങ്ങളിൽ ഇടപെടാൻ കാലതാമസമുണ്ടാക്കുന്നു.

 

5. സ്റ്റേഷൻ ചുമതല സിഐമാർക്ക് ലഭിച്ചതോടെ നേരിട്ട് എസ്ഐയായി കയറുന്ന ചെറുപ്പക്കാർ നിർജീവമായി. അവർക്ക് ആദ്യ 10 വർഷം കേസുകളുടെ അന്വേഷണത്തിലും ക്രമസമാധാനം കൈകാര്യം ചെയ്യുന്നതിലും പരിശീലനം കിട്ടാത്ത അവസ്ഥയുണ്ട്.

 

108 സ്റ്റേഷനുകളിൽ ഇൻസ്പെക്ടർ തുടരാം 

 

ആകെ 484 പൊലീസ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. ജില്ലാ ആസ്ഥാനത്തുള്ളവയും വിവിഐപി സന്ദർശനം, കേസുകളുടെ ബാഹുല്യം തുടങ്ങി 8 മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി എബിസി കാറ്റഗറിയിൽ ഉൾപ്പെടുത്തിയവയുമായ 108 പൊലീസ് സ്റ്റേഷനുകളുണ്ട്. ഇൗ സ്റ്റേഷനുകളിൽ നിലവിലുള്ള ഇൻസ്പെക്ടർ സംവിധാനം നിലനിർത്താമെന്ന് സമിതി ശുപാർശ ചെയ്തു. രണ്ടോ മൂന്നോ സ്റ്റേഷനുകൾക്കായി ഒരു ഇൻസ്പെക്ടറെ നിയോഗിക്കാം. ഇതിന് 150 ഇൻസ്പെക്ടർമാർ മതിയാകും. ബാക്കി വരുന്ന ഇൻസ്പെക്ടർമാരെ നർകോട്ടിക് സൈബർ, പോക്സോ ഡിവിഷനുകളിൽ നിയോഗിക്കാനാണ് നിർദേശം.

ENGLISH SUMMARY:

Kerala Police is undergoing significant reforms, with the SHO system to be abolished and the charge of 414 police stations to be handed over to Sub-Inspectors. This move aims to rectify issues identified by a high-level committee regarding the effectiveness and neutrality of police stations under the current system.