മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവച്ച സിദ്ധരാമയ്യ മുഖ്യമന്ത്രിയുടെ വസതിയായ കാവേരിയില്‍ നിന്നും ഒഴിയില്ല. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്ന ഘട്ടത്തില്‍ ഡി.െക. ശിവകുമാറുമായി സിദ്ധരാമയ്യ ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നാണ് വിവരം. കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ ഭരണം അവസാനിക്കും വരെ സിദ്ധരാമയ്യ മുഖ്യമന്ത്രിയുടെ വസതിയില്‍ തുടരും.
മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ ആറുമാസം സാവകാശം ലഭിക്കും. എന്നാല്‍ നിലവിലെ സര്‍ക്കാറിന്‍റെ കാലാവധി കഴിയുന്ന 2028 വരെ സിദ്ധരാമയ്യ കാവേരിയില്‍ തുടരുമെന്നാണ് ഡി.കെ ശിവകുമാറുമായി ഉണ്ടാക്കിയ ധാരണ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഓഫീസായ കൃഷ്ണയ്ക്ക് സമീപമാണ് കാവേരി സ്ഥിതി ചെയ്യുന്നത്. ബെംഗളൂരുവിന്‍റെ നഗരഭാഗത്താണെങ്കിലും ഒറ്റപ്പെട്ട അന്തരീക്ഷമാണ് കാവേരിയെ പ്രീമിയമാക്കുന്നത്.
ഔദ്യോഗിക വസതിയുമായി സിദ്ധരാമയ്യക്ക് ദീർഘകാലത്തെ ബന്ധമുണ്ട്. 2013 മുതൽ 'കാവേരി'യിൽ താമസിച്ചാണ് അദ്ദേഹം തുടര്‍ച്ചയായി അധികാരത്തിലെത്തിയത്. അതുകൊണ്ട് കാവേരി അദ്ദേഹത്തിന് ഭാഗ്യം കൊണ്ടുവന്ന ഇടമായാണ് അനുയായികള്‍ കാണുന്നത്. 2018 ല്‍ കോണ്‍ഗ്രസ്– ജെഡിഎസ് സഖ്യസര്‍ക്കാറില്‍ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായ സമയത്തും സിദ്ധാരാമയ്യ ആണ് കാവേരിയില്‍ താമസിച്ചിരുന്നത്. അന്ന് വ്യവസായ മന്ത്രിയായിരുന്ന കെ ജെ ജോര്‍ജിന്‍റെ പേരില്‍ ഈ വീട് അലോട്ട് ചെയ്യുകയും സിദ്ധരാമയ്യ ഉപയോഗിക്കുകയുമായിരുന്നു. ബെംഗളൂരുവിലെ സ്വന്തം വീട്ടിലാണ് അന്ന് ജോര്‍ജ് കഴിഞ്ഞിരുന്നത്.
സമാനമായൊരു ക്രമീകരണമാണ് ഇത്തവണയും പ്രതീക്ഷിക്കുന്നത്. സിദ്ധരാമയ്യയുടെ മകന്‍ യതീദ്ര സിദ്ധരാമയ്യ മന്ത്രിസഭയിലേക്ക് എത്തുകയും അദ്ദേഹത്തിന്‍റെ പേരില്‍ കാവേരി വസതി അനുവദിച്ചു നല്‍കുകയും ചെയ്ത് സിദ്ധരാമയ്യ മുഖ്യമന്ത്രിയുടെ വസതിയില്‍ തുടരും എന്നാണ് സൂചന. നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ കുമാര പാർക്ക് ഈസ്റ്റിലെ ഒന്നാം നമ്പർ ബംഗ്ലാവിലാണ് ഇപ്പോള്‍ താമസിക്കുന്നത്.