ബംഗാൾ തിരഞ്ഞെടുപ്പിലെ വന്‍ പരാജയം തൃണമൂൽ കോൺഗ്രസിന്റെ സുശക്തമായ അടിത്തറയെ പിടിച്ചുലച്ചിരിക്കുകയാണ്. ബിജെപിയുടെ നിരന്തരമായ ആക്രമണങ്ങളെ പ്രതിരോധിച്ചു നിന്ന കോട്ടയാണ് തകർന്നിരിക്കുന്നത്. കഴിഞ്ഞ 15 വർഷമായി തൃണമൂൽ കോൺഗ്രസ് തങ്ങളുടെ അജയ്യത നിലനിർത്തിപ്പോന്നിരുന്നു. ഇടയ്ക്കിടെ ചില ഭിന്നതകളും വിവാദങ്ങളും പുറത്തുവന്നിരുന്നെങ്കിലും, തുടർച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങൾക്കിടയിൽ ഈ ആഭ്യന്തര തർക്കങ്ങളെല്ലാം ഒതുങ്ങിപ്പോവുകയായിരുന്നു.
എന്നാൽ, ഇപ്പോള്‍ നേരിട്ട ഈ പരാജയം പാർട്ടിയിൽ തർക്കങ്ങൾക്കും പരസ്യമായ പ്രതികരണങ്ങൾക്കും വഴിതുറന്നിരിക്കുകയാണ്. ഇത് പാർട്ടി മേധാവി മമത ബാനർജിയുടെ തന്ത്രങ്ങളെയും, ഒരിക്കൽ അജയ്യമായിരുന്ന ആ രാഷ്ട്രീയ ശക്തിയുടെ ഭാവിയെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഒരു വലിയ കലാപമായി മാറിയിരിക്കുന്നു.
പാര്‍ട്ടിയിലെ ഈ അസംതൃപ്തി വ്യക്തമാക്കുന്നതാണ് മുതിർന്ന നേതാവ് കകോലി ഘോഷ് ദസ്തിദാറിന്‍റെ രാജികത്തും. മമത ബാനർജി പാർട്ടിയെ പഴയ രീതിയിലേക്ക് തിരികെ കൊണ്ടുപോകണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. പ്രശാന്ത് കിഷോറിന്‍റെ ഐ-പാക് എന്ന തിരഞ്ഞെടുപ്പ് പ്രചാരണ മാനേജ്‌മെന്റ് ഏജൻസിയെ ലക്ഷ്യം വെച്ചാണ് ഈ വിമർശനം. തൃണമൂൽ കോൺഗ്രസിന്റെ രൂപീകരണം മുതൽ മമത ബാനർജിക്കൊപ്പം ഉണ്ടായിരുന്ന ദസ്തിദാർ, പാർട്ടിയെ പിടിച്ചുലച്ച അഴിമതി ആരോപണങ്ങൾക്കെതിരെയും തന്റെ കത്തിൽ ശക്തമായി പ്രതികരിച്ചിട്ടുണ്ട്.
പാർട്ടിയിലെ സംഘടനാപരമായ തകർച്ചയെക്കുറിച്ചും, ഗ്രൂപ്പിസത്തെക്കുറിച്ചും, പാർട്ടിയുടെ യഥാർത്ഥ ആദർശങ്ങളിൽ നിന്നുള്ള വ്യതിചലനത്തെക്കുറിച്ചും അസംതൃപ്തരായ നേതാക്കൾ പരസ്യമായി സംസാരിക്കാൻ തുടങ്ങിയിട്ടുണ്ട്. മറുഭാഗത്താകട്ടെ ഈ വിഭാഗീയത അടിവരയിടുന്ന തരത്തിൽ മറ്റൊരു മുതിർന്ന നേതാവുമായ കല്യാൺ ബാനർജി ഇവര്‍ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. പരസ്യവിമർശനം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ തൃണമൂൽ അഞ്ചംഗ സമിതി രൂപീകരിച്ചു. ഇതിന്റെ ആദ്യ നടപടിയായി പാർട്ടി വക്താവ് റിജു ദത്തയെ ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
തൃണമൂലിലെ ഒരു വിഭാഗം പാർട്ടി വിടാൻ ഒരുങ്ങുകയാണെന്നും അഭ്യൂഹങ്ങളുണ്ട്. പലരും മുഖ്യമന്ത്രി സുവേന്ദു അധികരിയെ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പാർട്ടിയുടെ ട്രേഡ് യൂണിയൻ വിഭാഗം തലവനായിരുന്ന ഋതബ്രത ബാനർജി, കഴിഞ്ഞ ആഴ്ച ഡൽഹിയിലെ ബംഗാൾ ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ വെച്ച് അധികാരിക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ഒരുകാലത്ത് ക്യാബിനറ്റ് മന്ത്രിമാരായിരുന്നവരും എല്ലാ യോഗങ്ങളിലും മമത ബാനർജിയെ നിഴൽപോലെ പിന്തുടർന്നിരുന്നവരുമായ ഇന്ദ്രനീൽ സെൻ, ശശി പഞ്ജ, ബ്രത്യ ബസു, മലോയ് ഘട്ടക്, അരൂപ് ബിശ്വാസ് തുടങ്ങിയ മുതിർന്ന നേതാക്കളാരും ഇപ്പോൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നില്ല.
തിരഞ്ഞെടുപ്പ് ഫലം വന്ന് 20 ദിവസങ്ങൾ കഴിഞ്ഞിട്ടും മമത ബാനർജി ഇപ്പോഴും യാഥാർഥ്യം ഉൾക്കൊള്ളാൻ തയ്യാറായിട്ടില്ല. തങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന 150-ഓളം സീറ്റുകൾ ‘തട്ടിയെടുക്കപ്പെട്ടു’ എന്ന ആരോപണം ഫെസ്ബുക്ക് ലൈവിലൂടെ അവർ വീണ്ടും ആവർത്തിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് തൃണമൂൽ മേധാവിക്ക് പാർലമെന്റിലോ നിയമസഭയിലോ സീറ്റില്ലാതാകുന്നത്.
പാർട്ടി അതിന്റെ അടിസ്ഥാന ആദർശത്തിൽ നിന്ന് പൂർണ്ണമായും മാറിയെന്നും, മമത ബാനർജി ഉൾപ്പെടെയുള്ള മുതിർന്ന നേതൃത്വത്തെ സമീപിക്കാൻ സാധിക്കുന്നില്ലെന്നും, പാർട്ടിക്ക് ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്നും മുതിര്‍ന്ന നേതാക്കള്‍ തന്നെ പറയുന്നു. ഐ-പാക് പണത്തിന് വേണ്ടി പാർട്ടി പദവികൾ വിൽക്കുകയാണെന്നതുൾപ്പെടെയുള്ള വ്യാപകമായ അഴിമതി ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.