കര്‍ണാടകയിലെ നേതൃമാറ്റം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലേക്ക് നേതാക്കളെ വിളിപ്പിച്ച് ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാരും ചൊവ്വാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുനന്‍ ഖര്‍ഗെയെ വസതിയിലെത്തി കാണും. രാഹുല്‍ ഗാന്ധിയും യോഗത്തില്‍ പങ്കെടുക്കും. 2028 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണ, സംഘടനാ തലങ്ങളില്‍ വരുത്തേണ്ട മാറ്റമാകും ചര്‍ച്ച. കേരളത്തിലെ തിരഞ്ഞെടുപ്പിന് ശേഷം നേതൃമാറ്റം പുനപരിശോധിക്കുമെന്ന് ഡി.കെ. ശിവകുമാറിന് നേതൃത്വം ഉറപ്പ് നല്‍കിയിരുന്നതാണ്.  

മൂന്നു സാധ്യതകളാണ് നേതൃമാറ്റം സംബന്ധിച്ചുള്ളത്. നേതൃത്വത്തെ മാറ്റാതെ മന്ത്രിസഭാ പുനഃസംഘടനയാണ് ഇതിലൊന്ന്. സാമൂഹിക സന്തുലിതാവസ്ഥ ഉറപ്പാക്കാന്‍ ന്യൂനപക്ഷങ്ങള്‍, പിന്നാക്കവിഭാങ്ങള്‍, ദളിത് എന്നിങ്ങനെയുള്ള 'അഹിന്ദ' വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിക്കും. മോശം പ്രകടനം നടത്തുന്ന മന്ത്രിമാരെ ഒഴിവാക്കും. നേതൃമാറ്റമില്ലെങ്കില്‍ ശിവകുമാറിന്‍റെ അഭിപ്രായങ്ങള്‍ക്ക് കൂടി പരിഗണിച്ച് സമവായത്തിലൂടെ തീരുമാനത്തിലെത്തും. 

ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുകയെന്നതാണ് മറ്റൊരു ഫോര്‍മുല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നയാളാണ് ഡി.കെ. ശിവകുമാര്‍. നേതൃമാറ്റം വരികയാണെങ്കില്‍ സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റ് നല്‍കി ദേശിയ രാഷ്ട്രീയത്തിലേക്ക് പ്രധാന്യം നല്‍കികൊണ്ടുള്ള തീരുമാനമാകും വരിക. അങ്ങനെയെങ്കില്‍ ഇരുപക്ഷത്തെയും നേതാക്കളെ മന്ത്രിസഭയില്‍ ചേര്‍ത്തുള്ള കാര്യമായ പുനഃസംഘടനയുണ്ടായേക്കും.

സാധ്യത കുറവാണെങ്കിലും മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുഖ്യമന്ത്രിയായി എത്തുകയാണ് മറ്റൊരു ഫോര്‍മുലയെന്ന് ഇന്ത്യടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുപക്ഷവും ഒത്തുതീര്‍പ്പിന് തയ്യാറാകുന്നില്ലെങ്കില്‍ സമവായ സ്ഥാനാര്‍ഥിയായി ഖര്‍ഗെ എത്തിയേക്കാം. ജൂണില്‍ അദ്ദേഹത്തിന്‍റെ രാജ്യസഭാ കാലാവധി തീരാനിരിക്കുകയാണ്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് നേതൃസ്ഥാനത്ത് വലിയ മാറ്റം വരുത്തേണ്ടിവരും. 

ഇന്ന് കർണാടക മുഖ്യമന്ത്രിയുമായുള്ള തർക്കത്തെക്കുറിച്ചുള്ള ചോദ്യം മല്ലികാർജുൻ ഖാർഗെ ഒഴിവാക്കി, രാഹുൽ ഗാന്ധി വിഷയം പരിഗണിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. സിദ്ധരാമയ്യയെ മാറ്റുകയാണെങ്കില്‍ ഖര്‍ഗെയെ പരിഗണിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവും യെൽബർഗ എംഎൽഎയുമായ ബസവരാജ് റായരഡ്ഡി ഈയിടെ പറഞ്ഞത്. 

ENGLISH SUMMARY:

The Congress high command has summoned Karnataka Chief Minister Siddaramaiah and Deputy Chief Minister D.K. Shivakumar to Delhi for a crucial meeting with party president Mallikarjun Kharge and Rahul Gandhi on Tuesday. The high-level discussions aim to restructure the state's administrative and organizational setup ahead of the 2028 Assembly elections, honoring a previous commitment made to Shivakumar regarding a leadership review after regional polls. Three primary formulas are being evaluated, starting with a major cabinet reshuffle to enhance 'Ahinda' (minority, backward classes, and Dalit) representation without changing the Chief Minister. However, if a leadership transition occurs, Shivakumar could take over the top post while Siddaramaiah is moved to national politics with a Rajya Sabha seat, or Mallikarjun Kharge himself might emerge as a surprise consensus candidate to resolve internal friction.