AP
കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് ആരോപണം. വെബ്സൈറ്റ് പ്രവര്‍ത്തന രഹിതമായി. ഓരോ തിരിച്ചടിയും സി.ജെ.പിയെ കൂടുതല്‍ കരുത്തരാക്കുമെന്ന് സ്ഥാപകന്‍ അഭിജിത് ദീപ്കെ പറഞ്ഞു. മെറ്റയോ കേന്ദ്രസര്‍ക്കാരോ പ്രതികരിച്ചിട്ടില്ല
രണ്ടുകോടിയില്‍ അധികം പേര്‍ ഫോളോചെയ്യുന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം പേജ്, ബാക്ക് അപ് പേജ്, എക്സ് പേജ് എന്നിവയും അഭിജിത് ദീപ്കെയുടെ സ്വകാര്യ ഇന്‍സ്റ്റഗ്രാം പേജും ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് ആരോപണം. പേജുകള്‍ ഇപ്പോഴും ലഭ്യമാണെങ്കിലും അതില്‍ സി.ജെ.പിക്ക് ഒരു നിയന്ത്രണവും ഇല്ല. ഇനിമുതല്‍ വരുന്ന പോസ്റ്റുകളില്‍ ഉത്തരവാദിത്തം
ഉണ്ടാകില്ലെന്നും അഭിജിത് വ്യക്തമാക്കി. 10 ലക്ഷം പേര്‍ റജിസ്റ്റര്‍ ചെയ്ത സി.ജെ.പിയുടെ വെബ്സൈറ്റും പ്രവര്‍ത്തനരഹിതമാണ്.
Also Read: കോക്രോച്ചിനെ പൂട്ടുമോ?
നീറ്റ് പരീക്ഷ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ആറു ലക്ഷം പേര്‍ ഒപ്പുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈറ്റിനെതിരായ നടപടി. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയോ ഹാക്ക് ചെയ്യുകയോ ചെയ്യാം, എന്നാല്‍ മുന്നേറ്റത്തെ തടയാനാവില്ലെന്ന് അഭിജിത് ദീപ്കെ പറഞ്ഞു. സ്വേഛാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തുന്നത് തുടരും. അടുത്ത ഘട്ടത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണെന്നും അഭിജിത് എക്സില്‍ കുറിച്ചു.