Image Credit: X/abhijeet_dipke
കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് രാജ്യമെമ്പാടും സ്വീകാര്യത ലഭിക്കുമ്പോള്‍ നിയമകുരുക്കില്‍പെടുമോ എന്ന ആശങ്കയിലാണ് പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്കെയും മാതാപിതാക്കളും. യു.എസിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയില്‍ നിന്നും പബ്ലിക്ക് റിലേഷന്‍ പഠനം പൂര്‍ത്തിയാക്കിയ അഭിജീത് ഒരാഴ്ച മുന്‍പാണ് കോക്രോച്ച് ജനതാ പാര്‍ട്ടി ആരംഭിച്ചത്. അടുത്ത മാസം ഇന്ത്യയിലേക്ക് വരാന്‍ പദ്ധതിയിടുന്നുണ്ടെങ്കിലും പിടിച്ച് അകത്തിടുമോ എന്ന ആശങ്കയിലാണ് അഭിജീത്.
യു.എസില്‍ കഴിയുന്ന അഭിജീത്ത് അടുത്ത മാസം ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് റെഡ് മൈക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 'ഗ്രാഡുവേഷന്‍ ഡേ കഴിഞ്ഞതേയുള്ളൂ. അടുത്ത മാസം ഞാൻ ഇന്ത്യയിലേക്ക് മടങ്ങാനാണ് ആഗ്രഹം. നിലവിലെ സാഹചര്യത്തില്‍ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങുന്ന നിമിഷം തന്നെ ഡൽഹി പോലീസ് എന്നെ പിടിച്ച് തിഹാറിലേക്ക് കൊണ്ടുപോകുമെന്ന് ഉറപ്പുണ്ട്' എന്നാണ് അഭിജിത് പറഞ്ഞത്.
കോക്രോച്ച് പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ക്കെതിരെ നടപടിയെടുത്തത് ഇന്‍റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണെന്നാണ് വിവരം. ഇന്‍റലിജന്‍സ് വിഭാഗം ദേശിയ സുരക്ഷാ ആശങ്കകള്‍ അറിയിച്ചതോടെയാണ് കേന്ദ്രം നടപടിയെടുത്തത്. ഐടി ആക്ട് സെക്ഷന്‍ 69 (എ) പ്രകാരം അക്കൗണ്ട് തടഞ്ഞുവയ്ക്കാൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എക്സിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ പരമാധികാരത്തിന് ഭീഷണിയാണെന്ന് കേന്ദ്ര ഏജൻസിയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണിത്.
മകന് ലഭിക്കുന്ന സ്വീകാര്യതയിലും രാഷ്ട്രീയ ഇടപെടലുകളിലും ആശങ്കയുണ്ടെന്ന് മാതാപിതാക്കളായ ഭഗവാൻ ദിപ്‌കെയും അനിത ദിപ്കെയും പറഞ്ഞു. ഇന്നത്തെ രാഷ്ട്രീയത്തില്‍ എത്ര പിന്തുണയുണ്ടായാലും ഭയം സ്വാഭാവികമാണ്. ഇന്ത്യയിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമോ എന്ന ആശങ്കയുണ്ടെന്ന് അവന്‍ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങളാണ് പത്രങ്ങളില്‍ വായിക്കുന്നത് എന്നാണ് ഭഗവാന്‍ ദിപ്കെ പറഞ്ഞത്. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് അഭിജീത്തിന്‍റെ കുടുംബം താമസിക്കുന്നത്.
രാഷ്ട്രീയത്തില്‍ നിന്നാ മാറി മകന്‍ കരിയര്‍ മികച്ചതാക്കുന്നത് കാണാനാണ് ആഗ്രഹമെന്ന് അനിത ദിപ്കെയും പറഞ്ഞു. 'രാഷ്ട്രീയത്തില്‍ തുടരണമോ എന്നത് അവന്‍റെ തീരുമാനം. പക്ഷെ ഞങ്ങള്‍ക്ക് അതിനോട് താല്‍പര്യമില്ല. അവന്‍ ഞങ്ങളെ കേള്‍ക്കുമോ എന്നറിയില്ല, പക്ഷേ ഇക്കാര്യത്തില്‍ അവനെ പിന്തുണയ്ക്കുന്നില്ല. അവന്‍ സുരക്ഷിതമായി തിരിച്ചെത്തണം. പെട്ടന്ന് പ്രശസ്തനായതോടെ ഉറക്കം നഷ്ടപ്പെട്ടു' എന്നായിരുന്നു അമ്മ അനിതയുടെ വാക്കുകള്‍. ഛത്രപതി സംഭാജിനഗറിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷമാണ് അഭിജീത് പൂനെയിലേക്ക് വിദ്യാഭ്യാസം മാറുന്നത്. എന്‍ജിനീയറിങിന് ചേര്‍ന്നെങ്കിലും ബുദ്ധിമുട്ടായതിനാല്‍ ജേര്‍ണലിസം തിരഞ്ഞെടുക്കുകയായിരുന്നു.
ഒരു കേസിന്‍റെ വാദത്തിനിടെ 'യുവാക്കള്‍ പാറ്റപോലെയാണ്' എന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശത്തില്‍ നിന്നാണ് കോക്രോച്ച് ജനതാപാര്‍ട്ടി ആരംഭിക്കുന്നത്. 2020മുതല്‍ 2023 വരെ ആംആദ്മി പാര്‍ട്ടി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററായിരുന്നു അഭിജീത്.