cjp

ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പിന്നാലെ തുടര്‍ സമരങ്ങള്‍ക്ക് കോക്രോച്ച് ജനതാ പാര്‍ട്ടി. കേന്ദ്രവിദ്യാഭ്യാസമന്ത്രി ഒരാഴ്ചയ്ക്കുള്ളില്‍ രാജിവയ്ക്കണം എന്നാണ് സിജെപിയുടെ അന്ത്യശാസനം. സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെ പുണെയിലെ വസതിയില്‍ എത്തി. 

ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം, ഇല്ലെങ്കില്‍ പുറത്താക്കണം. ഈ മുന്നറിയിപ്പോടെ തുടര്‍പ്രതിഷേധങ്ങള്‍ക്ക് തയാറെടുക്കുകയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി. ഒറ്റക്കെട്ടായുള്ള, സമാധാനപരമായ സമരങ്ങളെ തൊടാൻ സർക്കാരിന് കഴിയില്ലെന്നും ലക്ഷ്യബോധത്തോടെയുള്ള വിദ്യാർഥി കൂട്ടായ്മയാണ് ഇന്നലെ പ്രതിഷേധിച്ചതെന്നും സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെ പറഞ്ഞു. അഭിജിത് ഡല്‍ഹിയില്‍നിന്ന് കുടുംബാംഗങ്ങളെ കാണാന്‍ പുണെയിലേക്ക് പോയി. രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് പാറ്റകളുടെ നീക്കം. എന്നാല്‍ സംഘടിത സ്വഭാവമില്ലാത്തതിനാല്‍ പ്രതിഷേധം സാധ്യമാകുമോ എന്ന ചോദ്യമുണ്ട്. ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചില്ലെങ്കില്‍ അടുത്ത ശനിയാഴ്ച വീണ്ടും സിജെപി ഡല്‍ഹിയില്‍ പ്രതിഷേധിക്കും. 

സിജെപിയുടെ തുടര്‍നീക്കങ്ങള്‍ പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും നിരീക്ഷിക്കുകയാണ്. പ്രതിഷേധക്കാർക്കെതിരെ കേസെടുത്തുവെന്ന പ്രചാരണം തെറ്റാണെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. സാഹചര്യം വഷളാകാതെ, പ്രഫഷണല്‍ രീതിയില്‍ പ്രതിഷേധത്തെ നേരിട്ട ഡല്‍ഹി പൊലീസ് കയ്യടി നേടുന്നുണ്ട്. ഇതിനിടെ, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനെ ന്യായീകരിച്ച് മന്ത്രി കിരൺ റിജിജു രംഗത്തുവന്നു. പരീക്ഷാ നടത്തിപ്പ് സ്വയംഭരണാവകാശമുള്ള സംവിധാനങ്ങൾക്കാണെന്നും വീഴ്ച പറ്റിയാല്‍ മന്ത്രി ഉത്തരവാദിയല്ലെന്നും കിരണ്‍ റിജിജു പറഞ്ഞു. 

ENGLISH SUMMARY:

The Cockroach Janata Party (CJP) has issued an ultimatum to the Union Education Minister, Dharmendra Pradhan, demanding his resignation within a week following a protest at Jantar Mantar. The CJP plans to organize nationwide protests if their demands are not met, with further demonstrations planned in Delhi.