Image Credit: PTI

തമിഴ്നാട്ടിലെ വിജയ് സര്‍ക്കാര്‍ ഏത് നിമിഷവും വീഴുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. പ്രവര്‍ത്തകരോട് തിരഞ്ഞെടുപ്പിന് തയ്യാറായിരിക്കാനും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. 107 അംഗങ്ങള്‍ മാത്രമുള്ള ടിവികെ കോണ്‍ഗ്രസ്, ഇടതുകക്ഷികള്‍, വിസികെ അടക്കമുള്ള കക്ഷികളുടെ പിന്തുണയിലാണ് ഭരിക്കുന്നത്. വിശ്വാസവോട്ടെടുപ്പില്‍ 25 വിമത അണ്ണാ ഡിഎംകെ എംഎല്‍എമാരുടെ പിന്തുണയും വിജയ്ക്ക് ലഭിച്ചിരുന്നു. 

ജില്ലാ സെക്രട്ടറിമാരെ അഭിസംബോധന ചെയ്താണ് സ്റ്റാലിന്‍ തിരഞ്ഞെടുപ്പിന് തയ്യാറാകാന്‍ ആവശ്യപ്പെട്ടത്. 'ഇപ്പോഴത്തെ സർക്കാർ എപ്പോൾ വേണമെങ്കിലും വീഴാം, പാര്‍ട്ടി എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പിന് തയ്യാറായിരിക്കണം' എന്നാണ് സ്റ്റാലിന്‍റെ വാക്കുകള്‍. സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സഖ്യകക്ഷികളായ വിസികെ, സിപിഐ, സിപിഎം, മുസ്‍‍ലിം ലീഗ് എന്നിവർ പിന്മാറാൻ തീരുമാനിക്കുകയോ വിമത ‍എഐഎഡിഎംകെ എംഎല്‍എമാരെ സ്പീക്കറോ കോടതിയോ അയോഗ്യരാക്കിയാലോ സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരത ഉണ്ടാകുമെന്നാണ് ഡിഎംകെ കണക്കുകൂട്ടുന്നത്. 

തോല്‍വി താല്‍ക്കാലികമാണെന്നും നിലവിലെ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും വീഴാമെന്നും സ്റ്റാലിന്‍ പറഞ്ഞു. തയ്യാറായിരിക്കണം. 2029 തിലെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടന്നേക്കാം. ഞങ്ങള്‍ തിരിച്ചുവരും എന്നും സ്റ്റാലിന്‍ പറഞ്ഞു. തിങ്കളാഴ്ച ഡിഎംകെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ തമിഴ്നാട്ടില്‍ ഒരിക്കലും സൂര്യന്‍ അസ്തമിക്കില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞിരുന്നു. ഡിഎംകെയുടെ തിരഞ്ഞെടുപ്പ് ചിഹ്നമാണ് സൂര്യന്‍. 

സോഷ്യൽ മീഡിയ സാന്നിധ്യം വർധിപ്പിക്കണമെന്നാണ് സ്റ്റാലിന്‍റെ മറ്റൊരു ആവശ്യം. വിജയ്‌യുടെ ടിവികെ ഇക്കാര്യത്തില്‍ മുന്നിലാണെന്ന് പരോക്ഷമായി സൂചിപ്പിച്ച സ്റ്റാലിന്‍ ഇന്ന് രാഷ്ട്രീയം സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഡിഎംകെ എംഎല്‍എ അനിത രാധാകൃഷ്ണനും ടിവികെ സര്‍ക്കാര്‍ അധിക കാലം തുടരില്ലെന്ന് പറഞ്ഞിരുന്നു. 

ഭരണം നാലുമാസം നീണ്ടാലായി, ആറുമാസം തികയും മുന്‍പ് ഈ സര്‍ക്കാര്‍ താഴെ വീഴും. ആറാം മാസം സ്റ്റാലിന്‍ മുഖ്യമന്ത്രിയായി തിരികെ വരും എന്നിങ്ങനെയായിരുന്നു രാധാകൃഷ്ണന്‍റെ വാക്കുകള്‍. തെക്കന്‍ തമിഴ്നാട്ടില്‍ നടന്ന പാര്‍ട്ടി പരിപാടിയിലായിരുന്നു ഡിഎംകെ നേതാവിന്‍റെ പ്രവചനം.

ENGLISH SUMMARY:

DMK President M.K. Stalin stated that Vijay's TVK government in Tamil Nadu could collapse at any moment and urged his party workers to remain prepared for an early election. The TVK government, which holds only 107 seats, currently relies on external support from the Congress, Left parties, VCK, and 25 rebel AIADMK MLAs to maintain its majority. The DMK anticipates deep political instability if the allied parties withdraw their support or if the rebel MLAs face disqualification by the Speaker or the court. Addressing district secretaries, Stalin hinted that assembly elections might coincide with the 2029 Lok Sabha polls and strongly emphasized the need for DMK cadres to enhance their social media presence to counter TVK's digital dominance.