തമിഴ്നാട്ടില്‍ പുതിയ സർക്കാർ ബസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി സി.ജോസഫ് വിജയ്. ഉദ്ഘാടനത്തിന് പിന്നാലെ ബസുകളിലൊന്നില്‍ യാത്ര ചെയ്ത വിജയ് ടിക്കറ്റെടുക്കുകയും കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. തികച്ചും സാധാരണക്കാരനെപ്പോലെ ടിക്കറ്റെടുത്ത് യാത്രചെയ്യുന്ന മുഖ്യമന്ത്രി വിജയ്​യുടെ വിഡിയോ സൈബറിടത്ത് കയ്യടി ഏറ്റുവാങ്ങുകയാണ്.

തമിഴ്‌നാട് സംസ്ഥാന ഗതാഗത കോർപ്പറേഷൻ 300 പുതിയ ബസ് സര്‍വീസുകളാണ് പുതിയതായി ആരംഭിക്കുന്നത്. വിജയ്​യുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഫ്ലാഗ് ഓഫ് ചടങ്ങ് നടത്താനായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് അത് വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ചെന്നൈ സെക്രട്ടേറിയറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ വലിയ ജനപങ്കാളിത്തമാണുണ്ടായത്. 127.21 കോടി രൂപ ചെലവിൽ വാങ്ങിയ ഈ പുതിയ ബസുകളിൽ 164 ഡീസൽ ബസുകളും 136 ബിഎസ് VI (BS-VI) മാനദണ്ഡങ്ങൾ പാലിക്കുന്ന സിഎൻജി (CNG) ബസുകളും ഉൾപ്പെടുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രാക്കാരുടെ തിരക്കും നിലവിലുള്ള ബസുകളുടെ അവസ്ഥയും പരിഗണിച്ച് ബസുകള്‍ വിവിധ റൂട്ടുകളിലേക്ക് വിതരണം ചെയ്യും. 

ബസുകളിലൊന്നില്‍ യാത്ര ചെയ്ത വിജയ് വഴിയിലുടനീളം തന്നെ കാണാന്‍ കാത്തുനിന്ന ആരാധകരെ അഭിവാദ്യം ചെയ്യാനും മറന്നില്ല. കണ്ടക്ടറില്‍ നിന്ന് ടിക്കറ്റ് സ്വീകരിച്ച ശേഷം കണ്ടക്ടറും ഡ്രൈവര്‍ അടക്കമുളളവരുമായി ഫോട്ടോ എടുക്കുകയും ബസിലുളളവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. യാത്രാവിശേഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്ന വിജയ്​യുടെ ദൃശ്യങ്ങളും സൈബറിടത്ത് വൈറലാവുകയാണ്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും വിജയ് ജനനായകന്‍ തന്നെ എന്ന് ഒരേ സ്വരത്തില്‍ പറയുകയാണ് സോഷ്യല്‍ ലോകം.

 

ENGLISH SUMMARY:

Chief Minister MK Stalin inaugurated new government buses in Tamil Nadu, demonstrating a commitment to public transport. He was seen purchasing a ticket and interacting with passengers, videos of which are going viral online.