പാക്കിസ്ഥാന് ശക്തമായ സൈനിക മുന്നറിയിപ്പ് നൽകി കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ഭീകരർക്ക് അഭയം നൽകുന്നതും ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്നതും പാക്കിസ്ഥാന്‍ തുടരുകയാണെങ്കിൽ തങ്ങൾ ഭൂമിശാസ്ത്രത്തിന്‍റെ ഭാഗമായി തുടരണമോ അതോ ചരിത്രമായി മാറണമോ എന്ന് അവർ തന്നെ തീരുമാനിക്കേണ്ടിവരുമെന്നായിരുന്നു ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുടെ മുന്നറിയിപ്പ്.

ഡൽഹിയിലെ മനേക്ഷാ സെന്‍ററിൽ 'യൂണിഫോം അൺവെയ്‌ൽഡ്' സംഘടിപ്പിച്ച ‘സേനാ സംവാദ്’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടിയിലേക്ക് നയിച്ച സാഹചര്യങ്ങൾ വീണ്ടും ഉണ്ടായാൽ ഇന്ത്യൻ സൈന്യം എങ്ങനെ പ്രതികരിക്കും എന്നചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. രാജ്യവും ഇന്ത്യൻ സൈന്യവും ഓപ്പറേഷൻ സിന്ദൂറിന്‍റെ ഒന്നാം വാർഷികം ആചരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് കരസേനാമേധാവിയുടെ പരാമര്‍ശം.

ഹ്രസ്വമെങ്കിലും പാക്കിസ്ഥാന് ശക്തമായ സന്ദേശം നല്‍കുന്നതും ഇന്ത്യയുടെ നിലപാട് ആവര്‍ത്തിക്കുന്നതുമായിരുന്നു ജനറല്‍ ദ്വിവേദിയുടെ വാക്കുകള്‍. പഹൽഗാമിലുണ്ടായ മാരകമായ ഭീകരാക്രമണത്തിന് തിരിച്ചടിയായി, കഴിഞ്ഞ വർഷം മെയ് 7-ന് പുലർച്ചെയാണ് 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചത്. ഇതിലൂടെ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒന്നിലധികം ഭീകരവാദ കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യൻ സൈന്യം കൃത്യമായ ആക്രമണങ്ങൾ നടത്തി. പിന്നീട് പാകിസ്ഥാനും ഇന്ത്യക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിട്ടു, അതിനെ തുടർന്നുണ്ടായ ഇന്ത്യയുടെ എല്ലാ പ്രത്യാക്രമണങ്ങളും 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ തന്നെയാണ് നടത്തിയത്. ആണവായുധ ശേഷിയുള്ള ഇരു അയൽരാജ്യങ്ങളും തമ്മിൽ ഏകദേശം 88 മണിക്കൂർ നീണ്ടുനിന്ന ഈ സൈനിക സംഘർഷം മെയ് 10-ന് വൈകുന്നേരത്തോടെ ഇരുരാജ്യങ്ങളും ഒരു ധാരണയിലെത്തിയതിനെ തുടർന്നാണ് അവസാനിച്ചത്. 

ENGLISH SUMMARY:

Indian Army Chief General Upendra Dwivedi issued a strong military warning to Pakistan. He stated that Pakistan must decide whether to remain part of geography or become history if they continue to harbor terrorists and operate against India