File Image (PTI)

ബംഗാളിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടി വിട്ടുപോകണമെന്നുള്ളവര്‍ക്കെല്ലാം പോകാമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരുടെയും മുന്നില്‍ മുട്ടുമടക്കില്ലെന്നും നഷ്ടമായതെല്ലാം തിരിച്ചുപിടിക്കുമെന്നും പ്രഖ്യാപിച്ച് മമത ബാനര്‍ജി. മറ്റുപാര്‍ട്ടികളിലേക്ക് ചേക്കേറമെന്നുള്ളവര്‍ക്ക് അങ്ങനെയാകാമെന്നും ആരെയും താന്‍  പിടിച്ചു നിര്‍ത്തില്ലെന്നും പാര്‍ട്ടിയെ താന്‍ കെട്ടിപ്പടുക്കുമെന്നും അവര്‍ പറഞ്ഞു.

'വിട്ടുപോകണമെന്ന് തോന്നുവര്‍ക്കെല്ലാം പോകാം. പാര്‍ട്ടിയെ പുനസംഘടിപ്പിക്കും. പാര്‍ട്ടിയില്‍ തുടരുന്നവര്‍ അക്രമത്തില്‍ നശിച്ച പാര്‍ട്ടി ഓഫിസുകള്‍ പുനര്‍നിര്‍മിക്കണം,പെയിന്‍റടിക്കണം, തുറന്ന് പ്രവര്‍ത്തിപ്പിക്കണം.  ഞാന്‍ വരണമെങ്കില്‍ ഞാനും വന്ന് പെയിന്‍റ് ചെയ്യാം. തൃണമൂല്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ല. ജനവിധി കൊള്ളയടിക്കപ്പെട്ടിരിക്കുകയാണ്' എന്നായിരുന്നു മമതയുടെ വാക്കുകള്‍. കാളിഘട്ടിലെ തന്‍റെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടിയോഗത്തിലാണ് മമത ഇക്കാര്യം പറഞ്ഞതെന്നും റിപ്പോര്‍ട്ട് പറയുന്നു. യോഗത്തില്‍ അഭിഷേക് ബാനര്‍ജിയുള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 294 ല്‍ 291 സീറ്റുകളില്‍ തൃണമൂല്‍ സ്ഥാനര്‍ഥികളെ നിര്‍ത്തിയിരുന്നുവെങ്കിലും 80 സീറ്റുകളില്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. സ്വന്തം തട്ടകമായിരുന്ന ഭബാനിപുരില്‍ മമത പരാജയപ്പെട്ടു. മമതയ്ക്ക് പുറമെ പാര്‍ട്ടിയുടെ ഉന്നത നേതാക്കളും മന്ത്രിമാരുമടക്കം തോറ്റമ്പി.

പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്ക് താന്‍ പ്രതീക്ഷിക്കുന്നുവെന്ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിറ്റേന്ന് തന്നെ മമത വ്യക്തമാക്കിയിരുന്നു. 'നിരവധി നേതാക്കള്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങിയിരിക്കുകയാണെന്ന് എനിക്കറിയാം. അവര്‍ക്ക് മേല്‍ സമ്മര്‍ദങ്ങളുണ്ടെന്നും അറിയാം. അതേക്കുറിച്ചൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പോകണമെന്നുള്ളവര്‍ക്കെല്ലാം പോകാം. ആരെയും നിര്‍ബന്ധിച്ച് പിടിച്ച് നിര്‍ത്താന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. തൃണമൂല്‍ ഒറ്റ കുടുംബമായി തുടരും. ജനവിധി കവര്‍ന്നെടുത്തവര്‍ക്ക് മുന്നില്‍ തല താഴ്ത്തില്ല. സത്യം ജയിക്കും' എന്നായിരുന്നു അന്നത്തെ പ്രസ്താവന. 

ENGLISH SUMMARY:

Following a historic defeat in the West Bengal Assembly elections, TMC supremo Mamata Banerjee stated that anyone wishing to leave the party is free to do so. Speaking at a party meeting in Kalighat alongside leaders like Abhishek Banerjee, she emphasized that the Trinamool Congress would never bow down and would work to regain its lost ground. The TMC faced a massive setback, securing only 80 out of the 294 seats, while the BJP clinched a definitive majority to form the government. In a shocking personal blow, Mamata Banerjee herself lost her stronghold constituency of Bhabanipur to BJP's Suvendu Adhikari by over 15,000 votes. Despite acknowledging the pressure on her party members and predicting potential defections, she remained defiant, claiming the mandate was stolen and promising to personally help rebuild damaged party offices.