Chennai: Tamil Nadu Chief Minister C Joseph Vijay with AIDMK leaders CV Shanmugam, SP Velumani and others during a meeting, in Chennai, Tuesday, May 12, 2026. (PTI Photo)(PTI05_12_2026_000205B)
വിശ്വാസവോട്ടെടുപ്പില്‍ ടിവികെയ്ക്ക് അനുകൂലമായി വോട്ടു ചെയ്ത എംഎല്‍എമാരെയും പരസ്യ പിന്തുണ നല്‍കിയ സി.വി.ഷണ്‍മുഖമടക്കമുള്ള നേതാക്കളെയും പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കിയതായി എഐഎഡിഎംകെ. പാര്‍ട്ടി വിപ്പ് ലംഘിച്ചതിന് കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവരെ അയോഗ്യരാക്കാന്‍ അഭ്യര്‍ഥിച്ചതായും പാര്‍ട്ടി നേതാക്കള്‍ ചെന്നൈയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്നലെയാണ് ടിവികെയ്ക്ക് എതിരെ വോട്ട് ചെയ്യാന്‍ എംഎല്‍എമാര്‍ക്ക് പാര്‍ട്ടി വിപ്പ് നല്‍കിയത്. Also Read: അജയ്യനായി വിജയ്; 144 പേരുടെ പിന്തുണ
25 എംഎല്‍എമാര്‍ പാര്‍ട്ടി വിപ്പിനെതിരെ പ്രവര്‍ത്തിച്ചതിനാല്‍ അവരുടെ പദവികള്‍ നഷ്ടമാകുമെന്നും ഇവരെ അയോഗ്യരായി പ്രഖ്യാപിക്കണമെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ നല്‍കിയെന്നുമാണ് എഐഎഡിഎംകെ പറയുന്നത്. സി.വി.ഷണ്‍മുഖം, എസ്.പി.വേലുമണി, സി.വിജയഭാസ്കര്‍ എന്നിവരുടെ പാര്‍ട്ടിപദവികളാണ് ഇപ്പോള്‍ നഷ്ടമായത്. കൂറുമാറ്റ നിരോധന നിയമപ്രകാരം വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിന് എംഎല്‍എ സ്ഥാനത്ത് നിന്നും ഇവര്‍ക്ക് അയോഗ്യത കല്‍പ്പിക്കാം. അതേസമയം, വിപ്പിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയുമുണ്ടായിട്ടില്ലെന്നും ചട്ടംപാലിക്കാതെ നിയമിച്ച വിപ്പിന്‍റെ വിപ്പ് അംഗീകരിക്കേണ്ടതില്ലെന്നും അതുകൊണ്ട് നിലവിലെ നടപടി അടിസ്ഥാനരഹിതമാണെന്നുമാണ് വിമതരുടെ വാദം. 'ജനറല്‍ സെക്രട്ടറിക്ക് നേരിട്ട് വിപ്പിനെ നിയമിക്കാനാവില്ല. തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരെ വിളിച്ച് ചേര്‍ക്കേണ്ടതുണ്ട്. ആ യോഗത്തില്‍ നിയമസഭാ കക്ഷി നേതാവ്, ഉപനേതാവ്, വിപ്പ് എന്നിവരെ തിരഞ്ഞെടുക്കും. അതാണ് നിയമം. പക്ഷേ എടപ്പാടി പളനി സ്വാമി പറയുന്നത് അദ്ദേഹം വിപ്പിനെ നിയമിച്ചുവെന്നാണ്. അദ്ദേഹത്തിന് അതിനുള്ള അധികാരമില്ല'- ഷണ്‍മുഖം പറയുന്നു.
വിപ്പിന്‍റെ കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയുണ്ടെങ്കില്‍ സ്പീക്കര്‍ രണ്ടുപക്ഷത്തെയും കേള്‍ക്കുകയും വിപ്പിന്‍റെ കാര്യത്തില്‍ തീരുമാനം എടുക്കുകയും വേണ്ടതെന്നാണ് സുപ്രീംകോടതി വിധി. ഭരണഘടനയിലെ പത്താം ഷെഡ്യൂളിന്‍റെ നിലനില്‍പ്പിന് വിപ്പ് അത്യന്താപേക്ഷിതമാണെന്നും കോടതി മഹാരാഷ്ട്രയിലെ കേസില്‍ നിരീക്ഷിച്ചിരുന്നു. തമിഴ്നാട്ടിലെ സാഹചര്യത്തില്‍ ഇരുപക്ഷവും സ്പീക്കറെ സമീപിച്ചുവെങ്കിലും സ്പീക്കര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയം കോടതിയിലെത്താനാണ് സാധ്യത.
ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 144 എംഎല്‍എമാരുടെ പിന്തുണയാണ് വിജയ്ക്ക് ലഭിച്ചത്.22 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു. അഞ്ച് എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഡിഎംകെയുടെ 59 എംഎല്‍എമാരും വോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു.