തന്‍റെ വിജയം പ്രവചിച്ച ജ്യോതിഷിക്ക് സര്‍ക്കാര്‍ നിയമനം നല്‍കിയ തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ നടപടിയില്‍ പരിഹാസവുമായി നടി ജൂലി. സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയിലാണ് ജൂലി നിശിതവിമര്‍ശനം ഉന്നയിച്ചത്. വിജയ് ഔദ്യോഗികമായി ആദ്യ അഴിമതി നടത്തിക്കഴിഞ്ഞുവെന്നും അഭിനന്ദനങ്ങള്‍ എന്നും ജൂലി പറഞ്ഞു. ജ്യോത്സ്യന് നിയമനം നല്‍കിക്കോളൂവെന്നും എന്നാല്‍ അദ്ദേഹത്തിന് ശമ്പളം നല്‍കുന്നത് തങ്ങളുടെ നികുതിപ്പണമല്ലേ എന്നും ജൂലി ചോദിച്ചു.
'അണ്ണാ സൂപ്പർ! നിങ്ങളുടെ ആദ്യത്തെ ഔദ്യോഗികമായ 'അഴിമതി' നിങ്ങൾ നടത്തിക്കഴിഞ്ഞു, അതിന് അഭിനന്ദനങ്ങൾ. ഞങ്ങൾ പെരിയാർ ആശയങ്ങളിൽ വിശ്വസിക്കുന്നവരും സനാതന ധർമത്തിന് എതിരായവരുമാണ്. എങ്കിലും നിങ്ങളുടെ വ്യക്തിപരമായ വിശ്വാസങ്ങളെ ഞങ്ങൾ ബഹുമാനിക്കുന്നു. ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നതോ പ്രാർത്ഥിക്കുന്നതോ തെറ്റാണെന്ന് ഞങ്ങൾ എവിടെയും പറഞ്ഞിട്ടില്ല, മറിച്ച് ദൈവത്തെ മുൻനിർത്തി കാണിക്കുന്ന കാര്യങ്ങളെയാണ് ഞങ്ങൾ എതിർക്കുന്നത്.
അത് എന്തുതന്നെയായാലും, വളരെ പ്രധാനപ്പെട്ട ഒരു ഔദ്യോഗിക കുറിപ്പ് ഒരു ജ്യോത്സ്യന് നൽകുക വഴി നിങ്ങൾ നിങ്ങളുടെ വിശ്വാസത്തെയാണ് ഉയർത്തിപ്പിടിച്ചിരിക്കുന്നത്. അത് നിങ്ങളുടെ ഇഷ്ടം, പക്ഷേ അദ്ദേഹത്തിനുള്ള ശമ്പളം വരുന്നത് എവിടെ നിന്നാണ് അണ്ണാ? അത് ഞങ്ങളെപ്പോലുള്ള സാധാരണക്കാരുടെ നികുതിപ്പണമല്ലേ,' ജൂലി വിഡിയോയില്‍ ചോദിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്ക് ജനങ്ങളുടെ പണം ദുരൂപയോഗം ചെയ്യുന്നതിനെ വിമര്‍ശിക്കുന്ന വിജയ്യുടെ വിഡിയോയും ജൂലി പങ്കുവച്ചിട്ടുണ്ട്.
വിവാദമായതിന് പിന്നാലെ ജ്യോതിഷിയുടെ സര്‍ക്കാര്‍ നിയമനം റദ്ദാക്കിയിരുന്നു. ഇന്നലെയാണ് റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആക്കിയുള്ള നിയമനം നടത്തിയിരുന്നത്. എന്നാല്‍ നിയമന വിവരം പുറത്തുവന്നതിനു പിന്നാലെ സഖ്യകക്ഷികളില്‍ നിന്നടക്കം വ്യാപകമായ വിമര്‍ശനം നേരിടേണ്ടി വന്നതോടെയാണ് നിയമനം റദ്ദാക്കിയത്.