പെരമ്പൂരിലെ സ്കൂള്‍ കെട്ടിട ഉദ്ഘാടനത്തില്‍ പരസ്യമായി ടിവികെ–ഡിഎംകെ പോര്. പെരമ്പൂരിലെ സ്കൂൾ ക്ലാസ് റൂം കെട്ടിടങ്ങളുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് ഡിഎംകെ മേയര്‍ ആര്‍.പ്രിയയും ടിവികെ എം.എൽ.എ എം.ആർ.പല്ലവിയും കൊമ്പു കോര്‍ത്തത്.
പെരമ്പൂരിലെ ഒരു ഉർദു സ്കൂളിൽ നടന്ന ചടങ്ങിൽ മേയർ ആർ. പ്രിയ ആദ്യം വിളക്ക് കൊളുത്തി. തൊട്ടടുത്ത് നിന്നിരുന്ന ടി.വി.കെ എം.എൽ.എ എം.ആർ. പല്ലവി വിളക്ക് കൊളുത്താനായി മെഴുകുതിരി വാങ്ങാൻ കൈ നീട്ടിയെങ്കിലും, മേയർ എം.എൽ.എയെ അവഗണിച്ച് മെഴുകുതിരി നേരിട്ട് അടുത്തുള്ള ഐ.എ.എസ് ഉദ്യോഗസ്ഥന് കൈമാറുകയായിരുന്നു. പരസ്യമായി അപമാനിതയായതിനെത്തുടർന്ന് എം.എൽ.എ പല്ലവി ഉടന്‍ തന്നെ വേദിയില്‍ നിന്നും ഇറങ്ങിപ്പോയി.
സർക്കാർ ഉദ്യോഗസ്ഥർ ഇടപെട്ട് എം.എൽ.എയെ അനുനയിപ്പിക്കുകയും, പുളിയന്തോപ്പിൽ നിശ്ചയിച്ചിരുന്ന അടുത്ത ക്ലാസ് റൂം ഉദ്ഘാടന ചടങ്ങിലേക്ക് എത്തിക്കുകയും ചെയ്തു. ഇവിടെ വച്ച് മേയർ പല്ലവിക്ക് നേരെ മെഴുകുതിരി നീട്ടിയെങ്കിലും, ടി.വി.കെ എം.എൽ.എ അത് വാങ്ങിയില്ല. മറ്റൊരാളുടെ കയ്യില്‍ നിന്നുമാണ് പല്ലവി തിരി വാങ്ങിയത്. എം.എൽ.എയുടെ ഈ നിലപാടിനെ ചടങ്ങിൽ പങ്കെടുത്ത ടി.വി.കെ പ്രവർത്തകർ കൈയടികളോടെയാണ് സ്വീകരിച്ചത്.
സംഭവത്തില്‍ പിന്നീട് മേയര്‍ വിശദീകരണവുമായി രംഗത്തെത്തി. എം.എൽ.എയെ അവഗണിക്കാൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ലായിരുന്നുവെന്നും ഔദ്യോഗിക പ്രോട്ടോക്കോൾ മാത്രമാണ് താൻ പാലിച്ചതെന്നും മേയർ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി. മേയർക്ക് ശേഷം ഐ.എ.എസ് ഉദ്യോഗസ്ഥർ വിളക്ക് കൊളുത്തുന്നതാണ് പതിവെന്നും, എം.എൽ.എ അല്പം ക്ഷമ കാണിക്കണമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതാണെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം. ഈ അഹങ്കാരം അധികകാലം നിലനിൽക്കില്ലെന്നും പല്ലവി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പാർട്ടി നേതാവായ വിജയ്യെപ്പോലെ ക്ഷമിക്കുന്ന സ്വഭാവമുള്ളതിനാലാണ് താൻ അടുത്ത ചടങ്ങിൽ പങ്കെടുത്തതെന്നും, തന്നെ ക്ഷണിച്ച ഉദ്യോഗസ്ഥരോടുള്ള മര്യാദ പുറത്താണ് അവിടെ എത്തിയതെന്നും അവർ വ്യക്തമാക്കി.