congress-tamilnadu

 തമിഴ്നാട് കോണ്‍ഗ്രസിന് ഇന്ന് ചരിത്രദിനം. 60 വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസില്‍ നിന്നും ഒരു എംഎല്‍എ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തളര്‍ന്നുകിടന്ന സംസ്ഥാന കോണ്‍ഗ്രസിന് ജീവശ്വാസം ലഭിച്ച കാഴ്ചയായിരുന്നു ഇത്. 1967ന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസ് തമിഴ്നാട് സര്‍ക്കാറിന്റെ ഭാഗമാകുന്നത്. എന്നാല്‍ ഈ അഭിമാന നിമിഷത്തിലും ഒരു വിവാദമാണ് തലപൊക്കിയത്.

സത്യപ്രതിജ്ഞയ്ക്കു പിന്നാലെ കോൺഗ്രസ് എം.എൽ.എ എസ്‌. രാജേഷ് കുമാർ വേദിയിൽ വെച്ച് കോൺഗ്രസ് നേതാക്കളെ പ്രകീർത്തിച്ച് മുദ്രാവാക്യം വിളിച്ചു.

കാമരാജ്, രാജിവ് ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ പേര് പറഞ്ഞായിരുന്നു ഔദ്യോഗിക വാചകത്തിനു പിന്നാലെ മുദ്രാവാക്യം വിളിച്ചത്. കോൺഗ്രസിന്റെ മുതിർന്ന നേതാവ് കാമരാജിന്റെ നാമം എന്നും നിലനില്‍ക്കട്ടേ, ഭാരതരത്ന രാജീവ് ഗാന്ധി നീണാൾ വാഴട്ടേ, ജനനായകൻ രാഹുൽ ഗാന്ധി നീണാൾ വാഴട്ടേ... എന്നതായിരുന്നു മുദ്രാവാക്യം.

എന്നാല്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഇടപെട്ടു, ‘അത് നിങ്ങളുടെ സത്യപ്രതിജ്ഞയുടെ ഭാഗമല്ല’–എന്നായിരുന്നു ഗവര്‍ണറുടെ മറുപടി. പുഞ്ചിരിയോടെയാണ് കിള്ളിയൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയെ ഗവര്‍ണര്‍ തിരുത്തിയത്. ഗവര്‍ണറുടെ മറുപടിയും പുഞ്ചിരിയോടെ കേട്ട രാജേഷ് കുമാര്‍ തുടര്‍ന്ന് സത്യപ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു. ഡിഎംകെ സഖ്യകക്ഷിയായിരുന്ന കോണ്‍ഗ്രസ് ആണ് ഭൂരിപക്ഷമില്ലാതിരുന്ന ടിവികെയ്ക്ക് ആദ്യം പിന്തുണ പ്രഖ്യാപിച്ചത്. 20 വര്‍ഷം സഖ്യക്ഷിയായിരുന്നെങ്കിലും ഇക്കാലയളവിലൊന്നും മന്ത്രിസഭയില്‍ അംഗമാകാന്‍ സാധിച്ചിരുന്നില്ല.

ഈ മാസം 10നാണ് ടിവികെയില്‍ നിന്നുള്ള ഒമ്പത് മന്ത്രിമാര്‍ക്കൊപ്പം മുഖ്യമന്ത്രി സി. ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. ഇന്ന് 21 ടിവികെ മന്ത്രിമാരും രണ്ട് കോണ്‍ഗ്രസ് മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭ വിപുലീകരിച്ചത്.

 

 

Congress Returns to Tamil Nadu Ministry After Six Decades:

Tamil Nadu Congress MLA was sworn in as a minister, marking a significant day after 60 years. This event brought renewed hope to the state's Congress party, making them a part of the Tamil Nadu government after 1967.